Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിമിംഗലം ആകാശത്തേക്ക് ഉയര്‍ന്നു; ബോട്ടിലെ ടൂറിസ്റ്റുകൾക്ക് സംഭവിച്ചത്?

Humpback launches into the air

‘റിച്ചാർഡ് പാർക്കർ’ എന്നു പേരിട്ടുവിളിക്കുന്ന കടുവയെ പേടിച്ച് ഒരു ചങ്ങാടത്തിലേക്കു മാറിയിരിക്കുകയാണ് പൈ പട്ടേൽ. നടുക്കടലിലാണ് ഇരുവരും. ബോട്ടിൽ റിച്ചാർഡ് പാർക്കറും ചങ്ങാടത്തിൽ പൈ പട്ടേലും. രാത്രിയായി. പക്ഷേ കടലിൽ പകൽ പോലെ നിലാവെളിച്ചം. തിളങ്ങുന്ന പലതരം ജീവികൾ വെള്ളത്തിന്നടിയിൽ നീന്തിത്തുടിക്കുന്നു. ആ നീലയും പച്ചയും കലർന്ന വെള്ളത്തിലെ പ്രകാശപ്രപഞ്ചത്തിനിടയിൽ നിന്നു പെട്ടെന്നാണ് ഒരു ഭീമാകാരൻ ജീവി പൈയ്ക്കു നേരെ ഉയർന്നു വന്നത്. 

ഒന്നന്തിച്ച് പൈ പിന്നിലോട്ടു മാറി. തൊട്ടു മുൻപിൽ ആ പടുകൂറ്റൻ ജീവി ആകാശത്തേക്കുയർന്നു. അന്തംവിട്ടു നോക്കി നിൽക്കെ അതു തിരികെ വെള്ളത്തിലേക്കു പതിച്ചു. അതോടെ പൈയുടെ ചങ്ങാടം തകർന്നു തരിപ്പണമായി. ‘ലൈഫ് ഓഫ് പൈ’ എന്ന ചിത്രത്തിലെ നിർണായക രംഗങ്ങളിലൊന്നാണിത്. കടലിനു നടുവില്‍ വച്ച് പൈ കണ്ട ആ പടുകൂറ്റൻ ജീവി ജന്തുലോകത്തിലെ തന്നെ വമ്പൻ ജീവികളിലൊന്നാണ്– അതായിരുന്നു കൂനൻ തിമിംഗലം അഥവാ ഹംപ്ബാക്ക് വെയ്‌ൽ. 

ലൈഫ് ഓഫ് പൈയിൽ പൈ പട്ടേലിനു ലഭിച്ച അതേ ഭാഗ്യം അടുത്തിടെ ഓസ്ട്രേലിയയിലെ ഒരു കൂട്ടം ടൂറിസ്റ്റുകൾക്കും ലഭിച്ചു. ന്യൂ സൗത്ത് വെയ്‌ൽസിലെ മക്വാറി തുറമുഖത്തു നിന്നു മാറിയായിരുന്നു ആ ടൂറിസ്റ്റുകളുടെ യാത്ര. ലക്ഷ്യങ്ങളിലൊന്ന് ഒരു കൂനൻ തിമിംഗലത്തെ കാണുകയെന്നതായിരുന്നു. യാത്രയ്ക്കിടെ ബോട്ടിൽ നിന്ന് അൽപം ദൂരെയായി ഏതാനും തിമിംഗലങ്ങളെ കാണുകയും ചെയ്തു. അതോടെ ടാഷ് മോർട്ടൻ എന്ന യുവതി തന്റെ ക്യാമറ തയാറാക്കി വച്ചു. കടലിൽ ഏതു നിമിഷവും ഒരു അനക്കമുണ്ടായേക്കാം. ക്യാമറ റെക്കോർഡിങ് മോഡിലാക്കി കാത്തിരിക്കുകയായിരുന്നു ടാഷ്. എന്തെങ്കിലും കാഴ്ച കണ്ണിൽപ്പെട്ടാൽ ‘മിസ്സാ’കരുതല്ലോ! 

പക്ഷേ എന്തെങ്കിലുമല്ല, ഒരൊന്നൊന്നര കാഴ്ചയാണ് ടാഷിനു മുന്നിലെത്തിയത്. ബോട്ടിൽ നിന്ന് ഏതാനും മീറ്റർ മാറി ഒരു കൂറ്റൻ കൂനൻ തിമിംഗലം ഒരൊറ്റപ്പൊങ്ങലായിരുന്നു. തിരികെ വെള്ളത്തിലേക്കു വന്നുവീണതോടെ വെള്ളം ഫൗണ്ടൻ പോലെ ചിതറിത്തെറിച്ചു. ബോട്ടിലുള്ളവരാകെ നനഞ്ഞു കുളിച്ചു. ചെറുതായൊന്ന് ആടിയുലഞ്ഞതല്ലാതെ ബോട്ടിന് യാതൊരു പ്രശ്നവുമുണ്ടായതുമില്ല. ഏകദേശം ആ ബോട്ടിനോളം തന്നെ വലുപ്പമുണ്ടായിരുന്നു തിമിംഗലത്തിന്. പത്തര മീറ്റർ നീളവും അഞ്ചു ടൺ ഭാരവുമായിരുന്നു ബോട്ടിന്. അത്ര തന്നെയുണ്ടായിരുന്നു തിമിംഗലത്തിന്റെയും നീളം. പക്ഷേ ഭാരം 10-15 ടൺ വരും. മക്വാറി തുറമുഖത്ത് പലപ്പോഴും കൂനൻ തിമംഗലത്തെ കാണുന്നത് പതിവാണ്. പക്ഷേ ഇത്തരത്തിൽ തികച്ചും ‘നാടകീയമായൊരു’ കാഴ്ച ലോകത്തിനു മുന്നിലെത്തുന്നത് ഇതാദ്യം. ടാഷിനു പക്ഷേ താൻ കണ്ടതിനെ വിശേഷിപ്പിക്കാൻ ഒറ്റ വാക്കേയുള്ളൂ– മാജിക്കൽ ഷോട്ട്!!