Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയതാണ്ഡവമാടി പമ്പയും മണിമലയാറും!

river

തിരുവല്ലയിൽ പ്രളയതാണ്ഡവമാടി നദികൾ. അ‍ഞ്ചു കിലോമീറ്റർ അകലെകൂടി ഒഴുകുന്ന പമ്പയും മണിമലയാറും ഒന്നിച്ചൊഴുകുന്ന ഭീകരമായ അവസ്ഥ. ഇതിനിടയിലുള്ള വരട്ടാറും കരകവിഞ്ഞൊഴുകുന്നു. മൂന്നു നദികളുടെയും ഇടയിൽ  ആയിരക്കണക്കിനു കുടുംബങ്ങൾ രക്ഷ പെടാൻ വഴി കാണാതെ കുടുങ്ങിക്കിടക്കുന്നു. എവിടെയൊക്കെ ആരെയൊക്കെ രക്ഷപെടുത്തണമെന്നറിയാതെ രക്ഷാപ്രവർത്തകർ. മിക്ക രണ്ടു നിലവീടുകളുടെ മുകളിലത്തെ നിലകളിൽ അയൽവാസികൾ ഉൾപ്പെടെ രക്ഷപെടുത്താനുള്ള വിളികൾ മാത്രം. വെള്ളവും വെളിച്ചവും ഭക്ഷണവും രക്ഷപെടാനുള്ള വഴിയും അറിയാതെ കൊച്ചുകുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ. 

thiruvalla-rain1

ദിവസവും മൂന്നുനേരം മുടങ്ങാതെ മരുന്നു കഴിക്കുന്ന പ്രായമായവർ പലരും മരുന്നു കിട്ടാതെയും ബുദ്ധിമുട്ടുന്നു. കവിയൂർ, കുറ്റൂർ, ചെങ്ങന്നൂർ നഗരസഭ, പാണ്ടനാട്, തിരുവൻവണ്ടൂർ, കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര, എന്നീ പഞ്ചായത്തുകളിലെ ജനങ്ങളുടെ രണ്ടു ദിവസമായുള്ള അവസ്ഥ ഇതാണ്. വാഹനം വഴിയിൽ ഇറക്കാനാവാതെ രക്ഷപെടാൻ കഴിയാത്ത അവസ്ഥ. എംസി റോഡ് ഉൾപ്പെടെ പ്രധാന റോഡുകളും ഗ്രാമീണ റോഡുകളും ആഴത്തിൽ മുങ്ങികിടക്കുന്നു. ഒപ്പം ശക്തമായ ഒഴുക്കും. നടന്നുപോകാൻ പോലും കഴിയുന്നില്ല

പമ്പയുടെ തീരങ്ങളായ ഓതറ, ഇടനാട്, ആറാട്ടുപുഴ, കല്ലിശേരി, മാരാമൺ, ചെട്ടിമുക്ക് എന്നീ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തകർക്ക് ഇതുവരെ എത്താൻപോലും കഴിഞ്ഞിട്ടില്ല. കൂടുതൽ രക്ഷാപ്രവർത്തകരും വള്ളങ്ങൾ, ഫൈബർ ബോട്ടുകൾ എന്നിവ അടിയന്തിരമായി എത്തിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

thiruvalla-rain

പമ്പയുടെ തീരങ്ങളായ ഓതറ, ഇടനാട്, ആറാട്ടുപുഴ, കല്ലിശേരി, മാരാമൺ, ചെട്ടിമുക്ക് എന്നീ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തകർക്ക് ഇതുവരെ എത്താൻപോലും കഴിഞ്ഞിട്ടില്ല.

ശബരിമലയിൽ കനത്ത മഴ തുടരുന്നു. പമ്പ ഹിൽടോപ്പിൽ പാർക്കിങ് ഗ്രൗണ്ടിൽ ഉരുൾ പൊട്ടി. അര കിലോമീറ്ററോളം സ്ഥലം കുന്നിടിഞ്ഞ്  പമ്പയിലേക്ക് വീണു. ഒരു ഹോട്ടലും ഒലിച്ചുപോയിട്ടുണ്ട്. പമ്പ പൊലീസ് സ്റ്റേഷൻ. പോസ്റ്റ്ഓഫിസ് കെട്ടിടം തകർന്നുവീഴുന്ന ഘട്ടത്തിലാണ്. പൊലീസുകാരെല്ലാം നിലയ്ക്കലേക്ക് മാറി. ഹോട്ടലുകളിലെ 14 തൊഴിലാളികൾ മൂന്ന് ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെകുടുങ്ങിക്കിടക്കുന്നു.


പമ്പ ത്രിവേണി വെള്ളത്തിൽത്തന്നെ

Pamba-Triveni-Bridge

മുൻപെങ്ങുമില്ലാത്ത കാഴ്ചകളാണ് പമ്പയിൽ. നിമിഷം തോറും വെള്ളം ഉയരുന്നതുകണ്ട് എന്തു ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ദേവസ്വം ഉദ്യോഗസ്ഥരും പൊലീസും മറ്റ് അധികൃതരും. പ്രളയ ജലത്തിൽ പമ്പ ത്രിവേണി പൂർണമായും മുങ്ങി കിടക്കുന്നത് അറിയാതെ എത്തിയ തീർഥാടകരെ തിരിച്ചുവിടുക എന്നതുമാത്രമായിരുന്നു വഴി. നിറപുത്തരിക്ക് അയ്യപ്പ ദർശന സുകൃതം തേടി എത്തിയ സ്വാമിമാർ ഒരിക്കലും ഉണ്ടാകാത്ത കഷ്ടതകളാണ് അനുഭവിച്ചത്.

പമ്പ മുറിച്ചുകടന്ന് തന്ത്രിയെയും സംഘത്തെയും നിറപുത്തരി ചടങ്ങിനായി സന്നിധാനത്തേക്ക് അയയ്ക്കാൻ ഫയർഫോഴ്സും പൊലീസും ആലോചിച്ചെങ്കിലും പമ്പയിലെ കുത്തൊഴുക്കു മൂലം വേണ്ടെന്നു തീരുമാനിച്ചു. പിന്നീടാണ് തന്ത്രിയും 10 പേരുടെ സംഘവും വണ്ടിപ്പെരിയാർ വള്ളക്കടവ് വഴി പോകാൻ തീരുമാനിച്ചത്. വന്യജീവികളുടെ ശല്യവും മഴയുമുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ശക്തമായ പൊലീസ് സുരക്ഷയിലാണ് തന്ത്രിയും സംഘവും ശബരിമലയിലേക്ക് തിരിച്ചത്.

pamba

എന്നാൽ, രാത്രി വൈകി ഇവർക്ക് പുല്ലുമേട് ഉപ്പുപാറ വരെ എത്താനേ കഴിഞ്ഞിട്ടുള്ളൂ. മണ്ഡല– മകരവിളക്കു തീർഥാടന കാലത്തല്ലാതെ ആരും ഇതുവഴി പോകാറില്ല. കാട്ടുമൃഗങ്ങളുടെ ശല്യവും കാട്ടിലെ വഴി തെളിക്കാത്തതുമാണ് കാരണം. തന്ത്രിയുടെ പ്രധാന പരികർമി മനു നമ്പൂതിരി, ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ, ദേവസ്വം സെക്രട്ടറി രമേശ്, പത്തനംതിട്ട ഡപ്യൂട്ടി കമ്മിഷണർ സുകുമാര വാര്യർ, പുനലൂർ അസി. ദേവസ്വം കമ്മിഷണർ സതീഷ്കുമാർ, അച്ചൻകോവിൽ ദേവസ്വം മാനേജർ ബിനു തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

രാത്രി വനംവകുപ്പിന്റെ ഉപ്പുപാറയിലെ ഷെഡ്ഡിൽ തങ്ങി പുലർച്ചെ യാത്ര തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. പൂജയ്ക്കുള്ള നെൽക്കറ്റകളും പമ്പയിൽനിന്നു സന്നിധാനത്ത് എത്തിക്കുന്നതു വലിയ പ്രതിസന്ധിയായി. നദിയിലെ കുത്തൊഴുക്കിൽ നീന്തി പരിചയമുള്ള രണ്ടു തുലാപ്പള്ളി സ്വദേശികൾ ത്രിവേണിയിൽ പമ്പാനദി നീന്തിക്കടന്ന് അക്കരയെത്തി രാത്രിയോടെ നെൽക്കറ്റകളുമായി സന്നിധാനത്തേക്കു മലകയറുകയായിരുന്നു.