സിഗററ്റ് മലിനമാക്കുന്നത് വായു മാത്രമല്ല സമുദ്രവും!

സമുദ്ര മലിനീകരണത്തിന് മനുഷ്യനിര്‍മ്മിത വസ്തുക്കളില്‍ ഏറ്റവുമധികം കാരണമാകുന്നത് പ്ലാസ്റ്റിക് സ്ട്രോകളും മേക്കപ്പ് വസ്തുക്കളിലും ഷാംപുകളിലും ഉപയോഗിക്കുന്ന നേരിയ പ്ലാസ്റ്റിക് വസ്തുക്കളുമാണെന്നായിരുന്നു പൊതുവെയുള്ള ധാരണ. സ്ട്രോകള്‍ സൃഷ്ടിക്കുന്ന മലിനീകരണം ഭയന്ന് അവ നിരോധിക്കുന്ന നടപടി പല രാജ്യങ്ങളും സ്വീകരിച്ചു വരികയാണ്. എന്നാല്‍ ഇവയല്ല സിഗററ്റ് കുറ്റികളാണ് ഇക്കാര്യത്തില്‍ ഏറെ മുന്നിലെന്നാണ് പുതിയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത്. കണക്കുകള്‍ നിരത്തിയാണ് മലിനീകരണത്തില്‍ മറ്റു പ്ലാസ്റ്റിക് വസ്തുക്കളേക്കാള്‍ മുന്നില്‍ സിഗററ്റു കുറ്റികളാണെന്ന് അമേരിക്കയിലെ പുകയില വിരുദ്ധ സംഘങ്ങളുടെ കൂട്ടായ്മ തെളിയിക്കുന്നത്. 

അഞ്ചരലക്ഷം കോടി സിഗററ്റുകളാണ് ലോകത്ത് ആകെ ഉൽപാദിപ്പിക്കുന്നത്. ലോകത്ത് ഉൽപാദിപ്പിക്കപ്പെടുന്ന സിഗററ്റിന്റെ മൂന്നില്‍ രണ്ട് ഭാഗവും അലക്ഷ്യമായി വലിച്ചെറിയപ്പെടുന്നതിനെ തുടര്‍ന്ന് സമുദ്രത്തിലേക്കെത്തുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഏതാണ്ട് 680 ദശലക്ഷം കിലോ പുകയില മാലിന്യമാണ് കടലിലേക്കെത്തുന്നത്. 

സെല്ലുലോസ് അസിറ്റേറ്റ് എന്ന പ്ലാസ്റ്റിക് നിര്‍മിത വസ്തുവാണ് ഈ സിഗററ്റ് കുറ്റികളില്‍ ഫില്‍ട്ടറായി ഉപയോഗിക്കുന്നത്. നിക്കോട്ടിന്‍, ആര്‍സനിക് എന്നിവയും ഇവയൊടൊപ്പം പലവിധം രാസവസ്തുക്കളും സിഗററ്റ് കുറ്റിയില്‍ നിന്നു സമുദ്രത്തിലേക്കെത്തുന്നു. മനുഷ്യരില്‍ കാന്‍സര്‍ ഉണ്ടാക്കുന്നതുള്‍പ്പടെ ഏകദേശം 7000 തരത്തിലുള്ള കെമിക്കലുകള്‍ സിഗററ്റില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

സിഗററ്റ് പൊല്യൂഷന്‍ പ്രൊജക്റ്റ് എന്ന പേരിലുള്ള സംഘമാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ പ്ലാസ്റ്റിക് സ്ട്രോകളേക്കാള്‍ മലിനീകരണമാണ് സിഗററ്റ് ഫില്‍ട്ടറുകള്‍ ഉണ്ടാക്കുന്നത്. ഉപേക്ഷിക്കപ്പെടുന്ന സിഗററ്റ് കുറ്റികൾ ദ്രവിക്കാന്‍ പതിറ്റാണ്ടുകളെടുക്കും. മറ്റ് പ്ലാസ്റ്റിക്കുകളില്‍ നിന്ന് വ്യത്യസ്തമായി സിഗററ്റ് കുറ്റികളിലെ പ്ലാസ്റ്റിക് ദ്രവിച്ചു പോകുമെങ്കിലും അവയിലെ രാസവസ്തുക്കള്‍ സമുദ്ര ജീവികളുടെയുള്ളിലെത്തും. എഴുപതു ശതമാനത്തോളം കടല്‍ പക്ഷികളിലും 30 ശതമാനത്തോളം കടലാമകളിലും പത്തു ശതമാനത്തിലധികം കടല്‍ ജീവികളിലും ഈ സിഗരറ്റ് കുറ്റികളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന രാസവ്തുക്കളുടെ അംശം ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. 

അതേസമയം സിഗററ്റ് കുറ്റികളില്‍ കാണുന്ന ഫില്‍ട്ടറുകൾ യാതൊരു പ്രയോജനവുമില്ലാത്തതാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. 1950 കളില്‍ സിഗററ്റില്‍ നിന്നുള്ള പുകയുടെ ആഘാതം കുറയ്ക്കാനെന്ന പേരിലാണ് കമ്പനികള്‍ ഫില്‍ട്ടര്‍ അവതരിപ്പിച്ചത്. എന്നാല്‍ സിഗററ്റിന്റെ ദോഷവശങ്ങളെ ഇതില്ലാതാക്കുന്നില്ലെന്ന് പിന്നീട് വ്യക്തമായെങ്കിലും ഇവ സിഗററ്റിന്റെ ഭാഗമായി തന്നെ തുടര്‍ന്നു. 

യുഎസിലെ പുകയില വിരുദ്ധ സംഘടനകള്‍ ചേര്‍ന്നാണ് ലോകത്തെ ഏറ്റവും വലിയ മലിനീകരണ വസ്തു സിഗററ്റാണെന്ന പേരില്‍ പ്രചാരണം ആരംഭിച്ചത്. കലിഫോര്‍ണിയ ഉള്‍പ്പടെയുള്ള യുഎസിലെ പല പ്രദേശങ്ങളിലും സിഗററ്റ് വലിച്ച ശേഷം കുറ്റി വലിച്ചെറിയുന്നതിന് ഭീമമായ പിഴ ഈടാക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴും സിഗററ്റ് കുറ്റികള്‍ വലിച്ചെറിയുന്നത് ഭാഗികമായി പോലും തടയാന്‍ ഇതിലൂടെ സാധിച്ചിട്ടില്ല. യുഎസിന്റെ പല തീരദേശ നഗരങ്ങളിലും ഏറ്റവുമധികം കണ്ടെത്തുന്ന മലിനവസ്തു സിഗററ്റ് കുറ്റിളാണെന്നും ഇവര്‍ പറയുന്നു. സിഗററ്റ് സൃഷ്ടിക്കുന്ന പാരിസ്ഥിതിക മലിനീകരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഇവര്‍ സിഗററ്റ് പൊല്യൂഷന്‍ പ്രൊജക്ട് എന്ന പദ്ധതി ആരംഭിച്ചത്. 

ഈ പ്രചാരണം ശക്തമായതോടെ പരിസ്ഥിതി സൗഹൃദ സിഗററ്റ് ഫില്‍ട്ടറുകള്‍ എന്ന മുദ്രാവാക്യവുമായി ചില സിഗററ്റ് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇവയിലും പുകയിലയുടെ അംശം ഒഴിവാക്കാനാകില്ലല്ലോ എന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ചോദ്യം. അതുകൊണ്ട് തന്നെ ഫില്‍ട്ടറുകളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയാലും പുകയില ഉള്‍ക്കൊള്ളുന്ന സിഗററ്റ് പരിസ്ഥിതിക്കും സമുദ്രത്തിനും ഒരുപോലെ ഭീഷണി സൃഷ്ടിക്കുന്നവയാണെന്നും ഇവര്‍ പറയുന്നു.