പ്രളയശേഷം പുഴ പറയുന്നതും പഠിപ്പിച്ചതും

കയ്യേറിയതും പിടിച്ചെടുത്തതും കെട്ടിയടച്ചതുമെല്ലാം പുഴ തിരിച്ചുപിടിച്ചിരിക്കുകയാണ്. പുഴയിൽ നിക്ഷേപിച്ച മാലിന്യങ്ങളത്രയും തിരിച്ചു തന്നിട്ടുമുണ്ട്. വിഷമയമാക്കിയതിൽ ഏറെയും പുഴ ശുചീകരിച്ചു. പ്രളയശേഷം പുഴ പറയുന്നതും പഠിപ്പിച്ചതും ഏറെയാണ്. ഒന്നിച്ചു നിന്നാൽ ഏതു പ്രതിസന്ധിയും അതിജീവിക്കാമെന്നും ഒരുമയുണ്ടെങ്കിൽ കീറപ്പായിലും കിടക്കാമെന്നും കൊടുത്താൽ തിരിച്ചു കിട്ടുമെന്നും നിറഞ്ഞൊഴുകിയ പുഴയും മലയിടിച്ചെത്തിയ പ്രളയവും പഠിപ്പിച്ചു.തന്നിലേക്കു മാത്രം നോക്കി ജീവിച്ചിരുന്നവരിൽ പലരും ഒരു പ്രളയത്തോടെ കണ്ണു തുറന്നു മുന്നിലേക്കു നോക്കാൻ തുടങ്ങിയതും മനുഷ്യനെപ്പോലെ വിലപ്പെട്ടതാണു നാൽക്കാലികളും പക്ഷികളുമെന്ന തിരിച്ചറിവും രക്ഷപ്പെടുത്തലിന്റെ സുരക്ഷിതത്വത്തിൽ പരസ്പരം കടിച്ചുകീറാൻ നിൽക്കാതെ രക്ഷാതീരം അണയാൻ പരിശീലിച്ചതും പുഴ കയ്യേറി നശിപ്പിച്ചാൽ പുഴ തങ്ങളെയും കയ്യേറുമെന്ന ബോധ്യവും ഈ പ്രളയകാലത്ത് പഠിച്ച പാഠങ്ങളിൽ ചിലതു മാത്രം.

പ്ലാസ്റ്റിക് പുഴ

സംസ്ഥാനത്തെ പുഴകളിൽ ഏറ്റവും കൂടുതൽ കോളിഫോം ബാക്ടീരിയ ഉണ്ടെന്ന് കണ്ടെത്തിയ പനമരം പുഴ പ്രളയശേഷം പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളം മറ്റും അടിഞ്ഞ് അന്ത്യശ്വാസം വലിക്കുകയാണ്. പ്രളയശേഷം പുഴയുടെ സ്വഭാവം തന്നെ മാറി മണ്ണും മണലും എക്കലും അടിഞ്ഞ് ചിലയിടങ്ങളിൽ അടിത്തട്ട് ഉയർന്നു. മണ്ണ് കുത്തിയൊലിച്ച് ആഴം കൂടിയും കൃഷിയിടങ്ങൾ  കവർന്ന് വീതി കൂടിയും ഗതി മാറി ഒഴുകിയും പ്രളയജലം ഇറങ്ങിയപ്പോൾ സൗന്ദര്യം നശിച്ച പുഴകളാണ് തെളിഞ്ഞു വന്നത്. പുഴയൊന്ന് കലിതുള്ളിയതോടെ മണ്ണടിഞ്ഞത് ആയിരക്കണക്കിന് പുഴയോരവാസികളുടെ സ്വപ്നങ്ങളാണ്.

നൂറുകണക്കിന് വീടുകളും കാലിത്തൊഴുത്തുകളും ആയുഷ്കാലം മുഴുവൻ അധ്വാനിച്ച് സ്വരുക്കൂട്ടിയ സമ്പാദ്യവും പ്രളയമെടുത്തു. പലർക്കും ഇന്ന് കിടപ്പാടം പോലുമില്ല .പ്രളയത്തിനു ശേഷം ജില്ലയിലെ പുഴകളുടെ ഇരുകരകളിലും പുഴയ്ക്കകത്തും ടൺ കണക്കിന് പ്ലാസ്റ്റിക്കാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുഴയിൽ ചില സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ശുചീകരണം നടന്നെങ്കിലും ഒരു ശതമാനം പോലും നീക്കാൻ കഴിഞ്ഞിട്ടില്ല. പെറുക്കി മാറ്റാൻ പറ്റാത്ത തരത്തിലാണ് പ്ലാസ്റ്റിക് മാലിന്യം ഒഴുകിയെത്തിയിരിക്കുന്നത്.

കലിതുള്ളിയ പ്രളയത്തിൽ കരയിലെ മാലിന്യവും പ്ലാസ്റ്റിക്കും മുഴുവനായി പുഴയോരങ്ങളിൽ എത്തി.ശക്തമായ ഒഴുക്കിൽ പുഴയിൽ പ്ലാസ്റ്റിക് ക്രമാതീതമായി അടിഞ്ഞുകൂടിയതും കെട്ടി നിന്നതുമാണ് പലയിടങ്ങളിലും പുഴ ഗതിമാറിയൊഴുകാനും പുഴയോരങ്ങൾ ഇടിഞ്ഞു തീരാനും കാരണമായത്. അനധികൃതമായ കയ്യേറ്റവും മണലൂറ്റലും പുഴ നശിക്കാനും കാരണമായി.

പ്രളയത്തിൽ  ജനിച്ച   മണൽത്തിട്ട

മണൽത്തിട്ടയും പുറമ്പോക്കുകളും ഇടിഞ്ഞ് വീതി കൂടിയ പുഴ അപകടഭീഷണി ഉയർത്തുകയാണ്. പുഴയുടെ മേൽത്തിട്ട ബാക്കിവച്ച് അടിഭാഗം മീറ്ററുകളോളം ദൂരത്തിൽ കവർന്നിരുന്നു. പക്ഷേ, പുഴയുടെ മേൽത്തിട്ടയും ഇടിഞ്ഞുവീഴുന്ന അവസ്ഥയാണിപ്പോൾ. മിക്കയിടത്തും ജലനിരപ്പ് കുത്തനെ താഴ്ന്നു. പുഴയുടെ അടുത്തു ചെന്ന പരിസരവാസികൾ മൺത്തിട്ടയിടിഞ്ഞ് കഴിഞ്ഞദിവസം പനമരം വലിയ പുഴയിൽ വീണിരുന്നു. നീന്തൽ അറിയവുന്നതിനാൽ ഭാഗ്യം കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്.

കൊറ്റില്ലത്തെ  ജലമെടുത്തു

വെള്ളം കുറഞ്ഞതിനെ തുടർന്ന് കൊറ്റില്ലത്തിലെ തുരുത്തിൽ കയറിക്കിടക്കുന്ന മുതല

ചരിത്ര നഗരമായ പനമരത്തിന്റെ ചന്തംകൂട്ടിയിരുന്ന പുഴയോരങ്ങളും അപൂർവ ദേശാടനക്കിളികളുടെ ആവാസകേന്ദ്രമായ കൊറ്റില്ലം സ്ഥിതി ചെയ്ത തുരുത്തും പുഴ കവർന്നു. ഈ തുരുത്തിന്റെ നാലു ഭാഗവും ഇടിഞ്ഞ് കൊറ്റില്ലം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ്. പനമരത്തെ കൊറ്റില്ലവും മനോഹര തീരവും യാഥാർഥ്യമാക്കാൻ 2011 ൽ കബനി തീരം പുഴയോര ടൂറിസം എന്ന മെഗാ ടൂറിസം പദ്ധതിക്ക് രൂപം നൽകിയിരുന്നു. മൂന്നു കോടി രൂപ അനുവദിച്ച് സർക്കാർ തീരുമാനമെടുക്കുകയും പിന്നീട് പദ്ധതി ഉദ്ഘാടനം നടത്തുകയും ചെയ്തെങ്കിലും തുടർനടപടകിൾ ഉണ്ടായില്ല.

കൊറ്റില്ലത്തിനു ചുറ്റും കരിങ്കൽ കെട്ടി സംരക്ഷിക്കുമെന്നും മുളന്തൈകൾ വച്ചുപിടിപ്പിക്കുമെന്നും മറ്റും മോഹന വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഒരു കല്ലു പോലും ഇതുവരെ സ്ഥാപിച്ചിട്ടില്ല. ഇടിഞ്ഞ് തകർന്ന തുരുത്തും പക്ഷികളെ തിരിച്ചറിയാൻ കഴിയാത്ത വിധം പ്ലാസ്റ്റിക്കുകൾ അടിഞ്ഞുകൂടിയതും പ്രളയ ശേഷം കൊറ്റില്ലം കാണനെത്തുന്നവർക്ക് വേദന നൽകുന്ന കാഴ്ചയാണ്.

അതിജീവിക്കും  നമ്മൾ!

മഴ കഴിഞ്ഞതോടെ കഴിഞ്ഞ ദുരന്തങ്ങളെ അതിജീവിക്കാനുള്ള പ്രയത്നത്തിലാണ് നാട്. പുഴയോരങ്ങൾ കയ്യേറിയുള്ള നിർമാണങ്ങൾ പുനരാരംഭിക്കുവാനുള്ള ശ്രമം തടയണം. പുഴയോരത്തുള്ള വയൽ കുന്നിടിച്ച് നികത്തി കെട്ടിടം പണിയുന്നതും അവസാനിപ്പിക്കണം. പുഴയും മലയും കാടും നിലനിർത്തി നമുക്ക് അതിജീവിക്കണം. ഇനിയും വളരണം, പ്രകൃതിയോട് ചേർന്നു തന്നെ വികസിക്കണം.