Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടൽ കവർന്നെടുക്കുന്ന ആലപ്പാട്; ഈ തീരദേശഗ്രാമം എനിയെത്ര നാൾ?

അറബിക്കടലിനും ടിഎസ് കനാലിനും മധ്യേ ആലപ്പാട് ഗ്രാമപഞ്ചായത്ത് ഞെരുങ്ങിപ്പോകുന്നു. കാണെക്കാണെ ഗ്രാമത്തിന്റെ വീതി  കുറഞ്ഞുവരുന്നു. കടൽ കേറി വന്നു കര അറുത്തുകൊണ്ടുപോകുന്നു. ഐആർഇയുടെ ഖനനമാണെന്ന് ഒരു കൂട്ടർ, അതു മാത്രമല്ലെന്നു മറ്റൊരു കൂട്ടർ... ആലപ്പാട്ട് സംഭവിക്കുന്നതെന്താണ്...?

കടലിനും കായലിനും നടുവിൽ റിബൺ പോലെ ഒരു ഗ്രാമം കാണെക്കാണെ ഇല്ലാതാകുന്നു. സൂനാമിയും ഓഖിയും തച്ചുതകർത്ത, വർഷാവർഷം പ്രക്ഷുബ്ധമാകുന്ന കടൽ കവർന്നെടുക്കുന്ന ആലപ്പാട് എന്ന തീരഗ്രാമം എനിയെത്ര നാൾ എന്ന ചോദ്യം നാട്ടിലാകെ ഉയരാൻ തുടങ്ങിയപ്പോൾ എങ്ങും അലയടിക്കുന്നത് ആശങ്ക മാത്രം.

കാണെക്കാണെ  ആലപ്പാട്...?

1955 ലെ ലിത്തോ മാപ്പ് പ്രകാരം ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ വിസ്തൃതി 89.5 ചതുരശ്ര കിലോമീറ്ററായിരുന്നു. ഇപ്പോഴത് 8.9 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയത്രെ. 80 ചതുരശ്ര കിലോമീറ്ററോളം സ്ഥലം എവിടെപ്പോയെന്നാണ് നാട്ടിലെ ചോദ്യം. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദഗതികൾ ഉയരുന്നുണ്ടെങ്കിലും ആലപ്പാട് സന്ദർശിക്കുന്ന ആർക്കും മനസ്സിലാകും, കടൽ വല്ലാത്തൊരു ആസക്തിയോടെ കര കവർന്നെടുക്കുകയാണെന്ന്.

ആലപ്പാട് ഗ്രാമത്തിന്റെ അരഞ്ഞാണം പോലെ ഇന്നു കാണപ്പെടുന്ന കടൽഭിത്തിക്കും എത്രയോ പടിഞ്ഞാറു വരെ മുൻപ് വീടുകൾ ഉണ്ടായിരുന്നു. ആരാധനാലയങ്ങൾ, കളിസ്ഥലങ്ങൾ, വിശ്രമകേന്ദ്രങ്ങൾ തുടങ്ങിയവ നിലനിന്നിരുന്നുവെന്നു പഴമക്കാർ പറയുന്നു. അവയൊക്കെ കാലക്രമേണ കടലെടുത്തു. അതിനിപ്പുറം കടൽഭിത്തി കെട്ടിയെങ്കിലും അവ പലയിടത്തും പൊട്ടിത്തകർന്നുകിടക്കുന്നു. ആലപ്പാട്ട് ഇപ്പോൾ കടലും ടിഎസ് കനാലും തമ്മിൽ പലയിടത്തും കഷ്ടിച്ച് 50 മീറ്റർ മാത്രമേ ദൂരവ്യത്യാസമുള്ളൂ. ദിനംപ്രതിയെന്നോണം ദൂരം കുറഞ്ഞുവരികയാണ്.

സൂനാമി ആഞ്ഞടിച്ചപ്പോൾ ആലപ്പാട് അപ്പാടെ തകർന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണം ഉണ്ടായത് ഇവിടെയാണ്. ഏറ്റവും കൂടുതൽ പേർ കുടിയൊഴിപ്പിക്കപ്പെട്ടതും ഇവിടെ. ഏകദേശം 7,500 കുടുംബങ്ങളാണ് ഇന്ന് ആലപ്പാട് പഞ്ചായത്തിലുള്ളത്. സൂനാമി ദുരന്തമുണ്ടായപ്പോൾ രണ്ടായിരത്തിലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അവരിൽ നല്ലൊരു പങ്കു പിന്നീടു മടങ്ങിവന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇയുടെ (ഇന്ത്യൻ റെയർ എർത്‌സ് ലിമിറ്റഡ്) പ്രധാന ഖനനപ്രദേശങ്ങളിലൊന്ന് ആലപ്പാട് പഞ്ചായത്തിലെ വെള്ളനാത്തുരുത്താണ്.

വെള്ളനാത്തുരുത്തിന്റെ ഏതാണ്ടു മുക്കാൽ ഭാഗവും കടലിലായി. ഇതിനു തെക്കുഭാഗത്തു കെഎംഎംഎല്ലിന്റെ ഖനനമേഖലയായ പന്മന ഗ്രാമപഞ്ചായത്തിൽപ്പെട്ട പൊന്മനയും ഏതാണ്ട് ഇല്ലാതായി. സീ വാഷ് എന്ന പേരിൽ അശാസ്ത്രീയ കരിമണൽ ഖനനം ഐആർഇ നടത്തുന്നതാണു കര നഷ്ടപ്പെടുന്നതിനു പ്രധാന കാരണമെന്നു സേവ് ആലപ്പാട് എന്ന മുദ്രാവാക്യവുമായി രംഗത്തുള്ളവർ പറയുന്നു.

അങ്ങനെയാണെങ്കിൽ ഖനനമില്ലാത്ത തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖത്തും കാസർകോട്ടും കടൽ കര കവരുന്നതെങ്ങനെയെന്നു പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ ചോദിക്കുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും എന്തൊക്കെയായാലും ആലപ്പാട് കാണാക്കാണെ ചുരുങ്ങുകയാണെന്നു സത്യം. അതു ഖനനം കൊണ്ടായാലും മറ്റെന്തെങ്കിലും കാരണം കൊണ്ടായാലും. അതേക്കുറിച്ചു ശാസ്ത്രീയ പഠനം തന്നെ ഇവിടെ അടിയന്തര ആവശ്യമാകുന്നു. കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, കണ്ണടച്ചു തുറക്കുമ്പോൾ ഈ ഗ്രാമം തന്നെ ഇല്ലാതായാലോ...?

പ്രധാന കാരണം  ഖനനം തന്നെ

കെ.സി. ശ്രീകുമാർ (സേവ് ആലപ്പാട് മൂവ്മെന്റ്)

ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം ഇത്രകണ്ടു കുറഞ്ഞത് ഐആർഇ യുടെ ഖനനം മൂലം മാത്രമാണ്. നേരത്തെ ഇക്കാണുന്ന കടൽഭിത്തിക്കു പടിഞ്ഞാറു ഭാഗത്തായിരുന്നു വീടുകൾ. ആറു തവണ വരെ കിഴക്കോട്ടു മാറ്റിസ്ഥാപിച്ച ക്ഷേത്രങ്ങളുണ്ട് ഇവിടെ. പാടങ്ങൾ ഉൾപ്പെടെ കാണാതായി. കരയിൽ നിന്നും കടലിൽ നിന്നും ഒരേസമയം മണൽ കുഴിച്ചെടുത്തതിന്റെ പ്രത്യാഘാതം. 

ഖനനം ചെയ്ത മണൽ കരിമണൽ വേർതിരിച്ച ശേഷം ബാക്കി ഖനനഭൂമി നികത്താൻ ഉപയോഗിച്ചെന്നാണു പറയുന്നത്. അങ്ങനെയെങ്കിൽ 1968 മുതൽ ഖനനം ചെയ്തു കരിമണൽ വേർതിരിച്ചെടുത്തതിന്റെ ബാക്കി മണൽ എവിടെപ്പോയി ? ഖനനഭൂമിയിൽ നിന്നു ലോറിയിൽ കയറ്റുന്ന മണൽ എറണാകുളം ഭാഗത്തേക്കു ലോറിയിൽ പോകുന്നത് എങ്ങോട്ടാണ്...? ഐആർഇ ഇപ്പോൾ ഇടനിലക്കാരന്റെ റോൾ മാത്രമാണ് നിറവേറ്റുന്നത്.

സംസ്കാരം പോലും കടലെടുത്തു 

ഷാജിത്ത് ചന്ദ്രൻ (സേവ് ആലപ്പാട് മൂവ്മെന്റ്)

തീരദേശത്തിന്റെ സംസ്കാരം കൂടിയാണ് കടലെടുക്കുന്നത്. ഖനനം ഇനിയും തുടർന്നാൽ ഈ ഭൂമി കാണില്ല. ഖനനം മാത്രമാണ് കരനഷ്ടത്തിനു കാരണം. ഇവിടെ കമ്പവലകൾ, ഫുട്ബോൾ ഗ്രൗണ്ട്, കളിസ്ഥലങ്ങൾ, ചെറുവള്ളങ്ങൾ എന്നിവയൊക്കെ ഉണ്ടായിരുന്നു. അവയൊന്നും കാണാനില്ല. മണൽക്കരകളും കൂനകളും കാണാനില്ല. തീരദേശ ജനതയെ ഇവിടെ നിന്നു കുടിയൊഴിപ്പിച്ചു കിഴക്കോട്ടു മാറ്റി. അവരുടെ അസ്ഥിത്വം തന്നെ ഇല്ലാതായി.

വിദഗ്ധർ  പഠിച്ചു പറയണം 

പി. സലീന (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)

കടൽ കര കവരുന്നത് വെള്ളനാത്തുരുത്തിലെ ഖനനം മൂലം മാത്രമാണോയെന്നറിയാൻ വിദഗ്ധ പഠനം ആവശ്യമാണ്. സീ വാഷിങ് എന്ന പേരിൽ നടക്കുന്ന ഖനനത്തിനു ഗ്രാമപഞ്ചായത്ത് ഒരിക്കലും കൂട്ടുനിൽക്കില്ല. ഇവിടെ തീരത്തു പുലിമുട്ടുകൾ നിർമിക്കണം. അഴീക്കൽ മുതൽ കുഴിത്തുറ വരെ പുലിമുട്ടുകളുണ്ട്. അവിടെ ഈ കുഴപ്പമില്ല. തെക്കോട്ടു പുലിമുട്ടുകൾ ഇല്ല.

ആലപ്പാട് മുതൽ വെള്ളനാത്തുരുത്ത് വരെ 22 വർഷം മുൻപു നിർമിച്ച കടൽഭിത്തിയാണുള്ളത്. അതു ബലപ്പെടുത്താൻ പാറ കിട്ടാനില്ലെന്നാണു പറയുന്നത്. ബലപ്പെടുത്തിയാൽ കര വീണ്ടും ഉണ്ടാകും. ഖനനം മാത്രമാണ് ഇപ്പോഴത്തെ സ്ഥിതിക്കു കാരണമെന്നു ചിലർ പറയുന്നതിനോടു പൂർണമായി യോജിക്കാനാവില്ല. പരിസ്ഥിതിക്കു കോട്ടം തട്ടാതെ ശാസ്ത്രീയ ഖനനം വേണം.

വീതി വല്ലാതെ  കുറഞ്ഞു 

എ. വത്സലൻ (ധീവര സഭ ജില്ലാ പ്രസിഡന്റ്)

മുൻപ് 2.5-3 കിലോമീറ്റർ വീതി പഞ്ചായത്തിനുണ്ടായിരുന്നു. ഇപ്പോൾ 20 മീറ്റർ വരെയെത്തി. കാക്കത്തുരുത്ത് ഭാഗത്ത് 20 മീറ്റർ മാത്രമാണ് വീതി. സീ വാഷിങ് എന്ന പേരിൽ നടക്കുന്ന ഖനനമാണ് പ്രധാന കാരണം. കടലാക്രമണം മൂലവും കര നഷ്ടപ്പെടുന്നു. ഖനനം ഇല്ലാത്തിടത്തും കര നഷ്ടമാകുന്നുണ്ട്. അശാസ്ത്രീയ ഖനനം നിർത്തണം. കൊച്ചിയിലെ വില്ലിങ്ടൻ ദ്വീപ് വീണ്ടെടുത്ത പോലെ ആലപ്പാട്ട് കടലെടുത്ത ഭൂമി വീണ്ടെടുക്കാനുള്ള യത്നം വേണം.

ഖനനം മാത്രമല്ല കാരണം

കെ.കെ. രാധാകൃഷ്ണൻ (സംസ്ഥാന പ്രസിഡന്റ്, ധീവരസഭ)

ഖനനം മൂലം മാത്രമാണ് കടലാക്രമണം ഉണ്ടാകുന്നതെന്ന വാദത്തോടു പൂർണമായി യോജിക്കാനാവില്ല. ശാസ്ത്രീയ പഠനം നടന്നിട്ടുമില്ല. ഖനനം അടിസ്ഥാന കാരണമാകാം. 89.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതി പത്തിൽ താഴെയായെന്നു പറയുന്നു. അതു പരിശോധിക്കണം. വീതി വല്ലാതെ കുറഞ്ഞു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, ഖനനത്തെക്കുറിച്ചു പൊതുനയം രൂപീകരിക്കണം. സീ വാഷിങ് എന്ന പേരിൽ നടക്കുന്ന ഖനനം പൂർണമായും നിർത്തിവയ്ക്കണം. പരിസ്ഥിതിക്കു കോട്ടം തട്ടാത്ത വിധം ഖനനത്തിനു രൂപമാറ്റം വേണം. ഖനനമേ വേണ്ട എന്ന നിലപാട് ധീവരസഭയ്ക്കില്ല.

കടൽഭിത്തിയെങ്കിലുംശക്തിപ്പെടുത്തൂ

സ്മിത (ചീലാന്തിമൂട്ടിൽ, ചെറിയഴീക്കൽ)

ഇവിടെ പലയിടത്തും കടൽഭിത്തി തകർന്നുകിടക്കുകയാണ്. പാറകൾ തെറിച്ചുപോയിരിക്കുന്നതു കാണുന്നില്ലേ. ഇക്കഴിഞ്ഞ പ്രളയകാലത്തു കടൽ കുറേ കേറി വീടിനു തൊട്ടടുത്തുവരെ വന്നു. തെങ്ങുകളാകെ കടപുഴകി. പുലിമുട്ട് നിർമിക്കുമെന്നു പറയാൻ തുടങ്ങിയിട്ടു കാലമേറെയായി. കടൽഭിത്തിയെങ്കിലും ശക്തിപ്പെടുത്തിത്തന്നാൽ മതിയായിരുന്നു. ഓഖി കൊടുങ്കാറ്റ് അടിച്ചപ്പോൾ കടൽഭിത്തി ഇവിടെ ചിന്നിച്ചിതറി. നിർമിച്ച ശേഷം അറ്റകുറ്റപ്പണി നടത്തിയിട്ടേ ഇല്ല. ഓരോ ദിവസവും തിട്ട അറുത്തുപോകുകയാണ്. പ്രളയത്തിനു മുൻപു കടൽ കേറി വന്നപ്പോൾ ഞങ്ങൾ തൊട്ടടുത്ത സ്കൂളിലേക്കു താമസം മാറി.