Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിലെ ‘ശാന്തനായ ഭീമനു’ രക്ഷകരായത് കടലിന്റെ മക്കൾ!

Whale Shark Representative Image

കടലിലെ ഭീമാകാരനു കേരളത്തിലെ മൽസ്യത്തൊഴിലാളികൾ രക്ഷകരായി. വലയിൽ കുരുങ്ങിയ തിമിംഗല സ്രാവ് വംശനാശ ഭീഷണി നേരിടുന്നതാണെന്നു തിരിച്ചറിഞ്ഞ മലപ്പുറം താനൂരിലെ മൽസ്യത്തൊഴിലാളികൾ അതിനെ ആവാസ വ്യവസ്ഥയിലേക്കു തിരികെവിട്ടു. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും കൊച്ചിൻ ഷിപ്‌യാഡിന്റെയും നേതൃത്വത്തിൽ ആരംഭിച്ച ‘തിമിംഗല സ്രാവ് സംരക്ഷണ യജ്ഞ’ത്തിന്റെ ഭാഗമായി ആദ്യമായാണു കേരള തീരത്തു കടൽ ഭീമനെ രക്ഷപ്പെടുത്തുന്നത്. 

വൻനഷ്ടം സഹിച്ചായിരുന്നു  മൽസ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനം. ഒരു ടണ്ണുള്ള തിമിംഗല സ്രാവ് വലയിൽ കുരുങ്ങിയതോടെ മീൻപിടിത്തം നിർത്തി തിരിച്ചുപോരേണ്ടിവന്നു. കടലിലായിരിക്കെ വല പൊട്ടിക്കാൻ നിവൃത്തിയില്ലാതിരുന്നതി നാൽ തീരത്ത് എത്തിച്ചാണു വല അറത്തു മുറിച്ചത്. സ്വതന്ത്രമാക്കിയശേഷം മൽസ്യത്തെ തിരികെ കടലിലേക്കു വലിച്ചുകൊണ്ടുപോയി വിടുകയായിരുന്നു. അബ്ദുൽ സലാം, അഷ്കർ, ഹനീഫ, ലത്തീഫ്, സിദ്ദിഖ്, റാഫി തുടങ്ങി 18 പേരുടെ സംഘമാണു  സ്രാവിന്റെ രക്ഷകരായത്. 

വലയിൽ കുരുങ്ങിയ നിലയിൽ മുമ്പും തിമിംഗല സ്രാവിനെ തീരത്ത് എത്തിച്ചിട്ടുണ്ടെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ മറൈൻ പ്രോജക്ടുകളുടെ മാനേജരായ തോപ്പുംപടി സ്വദേശി സാജൻ ജോണും ഒപ്പമുള്ള നാലു പേരും ചേർന്നാണ്, ഇന്ത്യയിൽ തിമിംഗല സ്രാവുകളുടെ രക്ഷാദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഇവരുടെ ദൗത്യത്തിൽ കൊച്ചിൻ ഷിപ്‌യാഡ് സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഭാഗമായി  പങ്കാളിയാവുന്നുണ്ട്. 

കടലിലെ ശാന്തൻ

∙ കടലിലെ ‘ശാന്തനായ ഭീമൻ’ എന്നറിയപ്പെടുന്ന തിമിംഗല സ്രാവിനെ ഏറ്റവും കൂടുതൽ കാണുന്നതു ഗുജറാത്തിലെ സൗരാഷ്ട്ര തീരത്താണ്. സസ്തനികളിലെ ഏറ്റവും വലിയ ജീവിയാണു നീലത്തിമിംഗലങ്ങളെങ്കിൽ, മൽസ്യങ്ങളിലെ ഏറ്റവും വലിയവയാണു തിമിംഗല സ്രാവുകൾ. സ്രാവുകളുടെ ഗണത്തിൽ പെടുമെങ്കിലും സസ്യഭുക്കാണ് കക്ഷി. പൂർണവളർച്ചയെത്തിയ തിമിംഗല സ്രാവുകൾക്കു 40 അടി വരെ നീളവും 40 ടൺ തൂക്കവും വരാം. നൂറു വർഷത്തിൽ കൂടുതൽ  ജീവിക്കുമെന്നാണു കണക്കാക്കിയിരിക്കുന്നത്. പക്ഷേ, പ്രത്യുൽപാദനം വളരെ കുറവും. 25 വയസ്സിനു ശേഷമേ പ്രത്യുൽപാദനം ആരംഭിക്കു. ഇറച്ചി ഭക്ഷ്യയോഗ്യമല്ല. 

വംശനാശ ഭീഷണി

∙ ഇന്ത്യൻ തീരങ്ങളിൽ അങ്ങിങ്ങായി കാണുന്ന ഭീമാകാരനായ മൽസ്യമാണു തിമിംഗല സ്രാവ്. വേട്ടയും കാലാവസ്ഥാ വ്യതിയാനവും മൂലം ഇവയെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തിൽപ്പെടുത്തി. ഗുജറാത്ത് തീരത്തു തിമിംഗല സ്രാവുകളെ വ്യാപകമായി വേട്ടയാടിയിരുന്നെങ്കിലും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങളെത്തുടർന്ന് നിലച്ചു. ഇപ്പോൾ തിമിംഗല സ്രാവുകളുടെ വലിയ സംരക്ഷകരാണു ഗുജറാത്തിലെ മൽസ്യത്തൊഴിലാളികൾ.

വെയ്ൽ ഷാർക്ക് ടൂറിസം

∙ശാന്തനായതുകൊണ്ടു തന്നെ മനുഷ്യർ അടുത്തു ചെന്നാലും  ഉപദ്രവിക്കില്ല. അതിനാൽ സ്കൂബ ഡൈവിങ്ങും വെയ്ൽ ഷാർക്കിനൊപ്പം നീന്താൻ അവസരം കൊടുക്കലും ഇപ്പോൾ വിദേശങ്ങളിലെ പ്രധാന വിനോദസഞ്ചാര ആകർഷണമാണ്. മാലദ്വീപിലും ഇതേ ആശയവുമായി വിനോദസഞ്ചാര മേഖല കൊഴുക്കുന്നുണ്ട്.