Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസാധാരണമാം വിധം ഉൾക്കടലിൽ ഓക്സിജൻ കുറയുന്നു;കാരണം?

The Gulf of St. Lawrence

തൊണ്ണൂറു വർഷത്തിലേറെയായി സമുദ്ര ഗവേഷകരുടെ മുന്നിൽ ഒരു പ്രഹേളികയായിരുന്നു കിഴക്കൻ കാനഡയിലെ സെന്റ് ലോറൻസ് ഉൾക്കടലിലെ ആ പ്രതിഭാസം. അസാധാരണമായ തോതിൽ ജലത്തിലെ ഓക്സിജന്റെ അളവു കുറയുന്നതായിരുന്നു ആ പ്രശ്നം. 1920കളിൽ തന്നെ ഇതു സംബന്ധിച്ച പരാതി മത്സ്യത്തൊഴിലാളികൾ നൽകിയിരുന്നു. എന്നാൽ 1960കളിലാണ് ഓക്സിജന്റെ അളവ് പരിശോധിക്കാൻ തന്നെ അധികൃതർ തീരുമാനമെടുക്കുന്നത്. അന്നു മുതൽ ഇന്നുവരെയുള്ള കണക്കു പ്രകാരം ഉൾക്കടലിന്റെ ചില ഭാഗങ്ങളിൽ ഓക്സിജന്റെ അളവിൽ 55 ശതമാനത്തിന്റെ വരെ കുറവുണ്ടായിട്ടുണ്ട്. 

എന്നാൽ ഓക്സിജൻ കുറയുന്നതിന്റെ തോത് ആശങ്കപ്പെടുത്തും വിധം വർധിച്ചിരിക്കുകയാണെന്നാണു  പുതിയ കണ്ടെത്തൽ. യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടനിലെ ഗവേഷകർ ഇതു സംബന്ധിച്ച റിപ്പോർട്ടും പ്രസിദ്ധീകരിച്ചു. ‘നാച്വർ ക്ലൈമറ്റ് ചേഞ്ച്’ ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോർട്ടിലെ പല കാര്യങ്ങളും അടിയന്തര പ്രധാന്യത്തോടെ പരിഗണിച്ചില്ലെങ്കിൽ ജീവജാലങ്ങളൊന്നും തന്നെ വളരാത്ത വിധം ‘മൃതപ്രദേശ’മായി സെന്റ് ലോറൻസ് ഉൾക്കടൽ മാറുമെന്നാണു മുന്നറിയിപ്പ്. അതായത്, ജീവനു യാതൊരു വിധത്തിലും പിന്തുണ നൽകാനാകാതെ ‘ഹൈപോക്സിക്’ പ്രദേശമായി ഉൾക്കടൽ മാറും. 

 The Gulf of St. Lawrence

ആഗോള താപനവും രാജ്യാന്തര തലത്തിൽ തന്നെ സമുദ്രങ്ങളിലെ അടിയൊഴുക്കുകളുടെ യാത്രാഗതിയിലുണ്ടായ വ്യതിയാനവുമാണ് ഓക്സിജന്റെ അളവു കുറയുന്നതിനു കാരണമായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. സെന്റ് ലോറൻസിലെ പ്രശ്നത്തിനു കാരണക്കാരും കടലിലെ അടിയൊഴുക്കുകളാണ്– ഒന്ന് ഗൾഫ് സ്ട്രീമും രണ്ടാമത് ‘ലാബ്രഡോർ കറന്റ്’ എന്നറിയപ്പെടുന്ന അടിയൊഴുക്കും. നിലവിൽ പലതരം മത്സ്യങ്ങളാലും ഞണ്ടുകളാലും പ്രശസ്തമാണ് സെന്റ് ലോറൻസ് ഉൾക്കടൽ. വിനോദസഞ്ചാരത്തിനും പേരുകേട്ടയിടം. മത്സ്യത്തൊഴിലാളികളും ഒട്ടേറെ പേർ ഈ പ്രദേശം കേന്ദ്രീകരിച്ചു ജീവിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ ഇവയെല്ലാം എന്നന്നേക്കുമായി ഇല്ലാതാകും വിധമാണ് ഉൾക്കടലിൽ ഓക്സിജൻ താഴുന്നത്. 

കടലിലെ ആഴത്തിലുള്ള ഭാഗങ്ങളിലാണ് പ്രധാനമായും ഈ പ്രശ്നം. ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് ന്യൂഫൗണ്ട്‌ലാന്‍ഡിനു തെക്കായുള്ള ഭാഗമാണ്. ഇവിടെയാണ് ലാബ്രഡോർ കറന്റും ഗൾഫ് സ്ട്രീമും കൂട്ടിമുട്ടുന്നത്. ഗവേഷണ റിപ്പോർട്ട് പ്രകാരം ഗൾഫ് സ്ട്രീം കൂടുതൽ വടക്കോട്ടു നീങ്ങിയിരിക്കുകയാണ്. ഇതോടെ കൂടുതൽ ഉപ്പു കലർന്ന, ചൂടേറിയ, ഓക്സിജൻ കുറഞ്ഞ സ്ട്രീമിലെ ജലം സെന്റ് ലോറൻസിലേക്കു പ്രവേശിച്ചു. കരീബീയൻ കടലിൽ നിന്നാണ് ഈ വെള്ളം ഗൾഫ് സ്ട്രീമിലേക്കെത്തുന്നത്.  ലാബ്രഡോറാകട്ടെ തികച്ചും ദുർബലമായ അവസ്ഥയിലായിരിക്കുന്നു. ആർട്ടിക്കിന്റെ തെക്കു ഭാഗത്തു നിന്ന് വടക്കേ അമേരിക്കയുടെ കിഴക്കൻ തീരത്തിലൂടെ ജലവുമായി നീങ്ങുന്നതാണ് ലാബ്രഡോർ അടിയൊഴുക്ക്. 

 The Gulf of St. Lawrence

ലാബ്രഡോറിലെ ജലം പലപ്പോഴും കലങ്ങിയ നിലയിലാണ്. ഈ കലക്കിമറിച്ചിലിനു കാരണമാകട്ടെ ലാബ്രഡോർ കടലിലെ കൊടുങ്കാറ്റും. ഇതോടെ കടലിന്റെ അടിത്തട്ടിലേക്ക് ഓക്സിജൻ ‘തള്ളിമാറ്റപ്പെടുന്നു’. അട്ടിയട്ടിയായാണ് ഗൾഫ് സ്ട്രീമിന്റെ സഞ്ചാരം. അതിൽത്തന്നെ ഏറ്റവും താഴെയാകട്ടെ ഒട്ടും ഓക്സിജനില്ലാത്ത അവസ്ഥയും. ‘ഹൈപോക്സിക്’ അവസ്ഥയുടെ ലക്ഷണങ്ങൾ ഇപ്പോൾത്തന്നെ ഉൾക്കടലിൽ കണ്ടുതുടങ്ങിയിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് മേഖലയിലെ മത്സ്യങ്ങളുടെയും ഞണ്ടുകളുടെയും അളവിലുണ്ടായ മാറ്റമാണ്. അറ്റ്‌ലാന്റിക് വൂൾഫ് ഫിഷും സ്നോ ക്രാബും പരവ മത്സ്യവുമെല്ലാം വൻതോതിൽ മേഖലയിൽ നിന്ന് അപ്രത്യക്ഷമായെന്നാണ് റിപ്പോർട്ട്.