Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിനടിയിലെ രഹസ്യ ജയിൽ; തടവുകാരായി നൂറിലധികം തിമിംഗലങ്ങൾ!

Whale Representative Image

ലോകത്തിലെ ഏറ്റവും വലിയ ജീവികളാണ് തിമിംഗലങ്ങള്‍, കൂടാതെ ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന ജീവികളിലൊന്നും. പഠനത്തിനും  ഗവേഷണത്തിനുമായി വര്‍ഷം തോറും 13 തിമിംഗലങ്ങളെ മാത്രമാണ് കടലില്‍ നിന്നു പിടിക്കുന്നതിനു ലോകരാജ്യങ്ങള്‍ക്ക് അനുമതിയുള്ളത്. അങ്ങനെയിരിക്കെയാണ് റഷ്യയിലെ പസിഫിക് സമുദ്രത്തിനോടു ചേര്‍ന്നുള്ള പ്രദേശത്ത് നൂറിലധികം തിമിംഗലങ്ങളെ തടവിലാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഡ്രോണ്‍ വിമാനത്തിന്‍റെ സഹായത്തോടെയാണ് ഗ്രീന്‍പീസും ബ്രിട്ടനിലെ ഡോള്‍ഫിന്‍ ആന്‍ഡ് വേയ്ല്‍ കണ്‍സര്‍വേഷന്‍ എന്ന എന്‍ജിഒയും ചേര്‍ന്നു തടവിലാക്കപ്പെട്ട തിമിംഗലങ്ങളെ കണ്ടെത്തിയത്.

റഷ്യയിലെ നഘോഡ്ക മേഖലയ്ക്കു സമീപമാണ് ഈ തിമിംഗല ജയില്‍ കണ്ടെത്തിയത്. പല കൂടുകളിലായി നൂറിലികം തിമിംഗലങ്ങളെയാണ് ആകാശനിരീക്ഷണത്തില്‍ കാണാന്‍ കഴിഞ്ഞത്. നീരീക്ഷണ സമയത്തു വെള്ളത്തിനടിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തിമിംഗലങ്ങളെ കണക്കു കൂട്ടാത്തതിനാല്‍ കൃത്യമായ എണ്ണം പറയാന്‍ കഴിയില്ല. തികച്ചും അനധികൃതമായാണ് ഈ തിമിംഗല ജയിലുകള്‍ സ്ഥിതി ചെയ്യുന്നതെന്നു റഷ്യന്‍ ഗ്രീന്‍ പീസ് ഫൗണ്ടേഷന്‍ പറയുന്നു.

തിമിംഗലങ്ങളെ പിടികൂടുന്നത് ചൈനീസ് പാര്‍ക്കുകള്‍ക്കു വേണ്ടി 

ലഭ്യമായ കണക്കുകളനുസരിച്ച് 90 ബലൂഗ തിമിംഗലങ്ങളും 11 ഓര്‍ക്ക തിമിംഗലങ്ങളുമാണ് റഷ്യയിലെ ഈ സമുദ്ര ജയിലില്‍ ഉള്ളത്. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ഓഷ്യന്‍ തീം പാര്‍ക്കുകള്‍ക്കു വേണ്ടിയാണ് ഇവയെ പിടികൂടുന്നതെന്നു പ്രദേശിക പത്രമായ നൊവായ ഗസറ്റെ നടത്തിയ തുടരന്വേഷണത്തില്‍ പറയുന്നു. ഭീമമായ തുകയ്ക്കാണ് റഷ്യയിലെ ഈ ജയിലുകളില്‍ നിന്ന് ചൈനയിലെ തീം പാര്‍ക്കുകള്‍ തിമിംഗലങ്ങളെ വാങ്ങുന്നത്. തിമിംഗലങ്ങളുടെ ലഭ്യതയില്‍ വർധനവുണ്ടായതോടെ ചൈനയില്‍ പ്രവര്‍ത്തിക്കുന്ന തീം പാര്‍ക്കുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ചുരുങ്ങിയിത് 60 ലക്ഷം ഡോളറിനാണ് ഒരു തിമിംഗലത്തെ വില്‍ക്കുന്നതെന്നാണു സൂചന.

തിമിംഗലങ്ങളെ വാടകയ്ക്കു കൊടുക്കുന്നു എന്ന പേരിലാണ് പലപ്പോഴും റഷ്യയില്‍ നിന്ന് ഇവയെ ചൈനയിലേക്കു കടത്തുന്നത്. ഇങ്ങനെ വാടകയ്ക്കു ജീവികളെ കടത്തുന്നതിന് റഷ്യന്‍ നിയമം നല്‍കുന്ന ഇളവുകള്‍ ദുരുപയോഗം ചെയ്താണ് കമ്പനികളുടെ പ്രവര്‍ത്തനം. 2013 നും 2016 നും ഇടയില്‍ 13 ഓര്‍ക്ക തിമിംലഗലങ്ങളെ ഇത്തരത്തില്‍ ചൈനയിലേക്ക് അയച്ചിട്ടുണ്ട്. കാഴ്ചയിലുള്ള ഭംഗിയാണ് ഓഷ്യന്‍ തീം പാര്‍ക്കുകള്‍ പ്രദര്‍ശനത്തിനായി ഓര്‍ക്കകളെയും ബെലൂഗ തിമിംഗലങ്ങളെയും തിരഞ്ഞെടുക്കാന്‍ കാരണം.

അതീവ വംശനാശ ഭീഷണി നേരിടുന്ന ജീവികളാണ് ഓര്‍ക്ക തിമിംഗലങ്ങള്‍. അതുകൊണ്ട് തന്നെ ഇവയെ ലഭിക്കുന്നതും എളുപ്പമല്ല. ഓര്‍ക്കകളെ ആവശ്യത്തിനു ലഭിക്കാതെ വന്നതോടെയാണ് ബലൂഗ തിമിംഗലങ്ങളെ കൂടി റഷ്യന്‍ വിതരണക്കാര്‍ ലക്ഷ്യമിട്ടതെന്നാണു കരുതുന്നത്. ഡ്രോണ്‍ ദൃശ്യങ്ങള്‍ കണക്കിലെടുത്താല്‍ കൂട്ടിലടച്ചിട്ടവയില്‍ കുട്ടി തിമിംഗലങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇത് റഷ്യന്‍ മേഖലയിലെ പസിഫിക് സമുദ്രത്തിലുള്ള തിമിംഗലങ്ങളുടെ നിലനില്‍പ്പു തന്നെ ചോദ്യചിഹ്നത്തില്‍ നിര്‍ത്തുന്ന കണ്ടെത്തലാണ്.

തിമിംഗല ജയിലുകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. തിമിംഗലങ്ങളെ പിടികൂടിയത്‍ ഗവേഷണത്തിനു വേണ്ടിയാണോ എന്ന കാര്യം പരിശോധിക്കുന്നുവെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ ഒരു വര്‍ഷത്തില്‍ 13 തിമിംഗലങ്ങളെ മാത്രമേ ലോകത്താകെ ഗവേഷണത്തിനായി പിടികൂടാനാവൂ എന്ന ധാരണ നിലനില്‍ക്കെ എങ്ങനെ ഇത്രയധികം തിമിംഗലങ്ങലെ കൂട്ടിലടച്ചതിനെ ന്യായീകരിക്കും എന്ന ചോദ്യത്തിനും ഇതുവരെ വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ലെന്ന് റഷ്യന്‍ ഗ്രീന്‍പീസ് വക്താവ് ഓഗന്‍സ് ടര്‍ഗൂല്യന്‍ പറയുന്നു.