Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാങ്ങിയത് ആയിരം രൂപയുടെ ഭക്ഷണം; മടങ്ങിയത് ലക്ഷപ്രഭുവായി!

Oyster

സാധാരണ ഗതിയിൽ ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിച്ചാൽ നമ്മുടെ പോക്കറ്റ് കാലിയാവുകയാണ് പതിവ്. എന്നാൽ റിക്ക് ആന്റോഷ് എന്ന ന്യൂജേഴ്സിക്കാരന്റെ കാര്യത്തിൽ മറിച്ചാണ് സംഭവിച്ചത്. എങ്ങനെയെന്നല്ലേ?ഈ മാസം ആദ്യമാണ് സംഭവം നടന്നത്. ഒരു ദിവസം ഉച്ചയ്ക്ക് വിശന്നപ്പോൾ ഭക്ഷണം കഴിക്കാനായി റിക്ക് കയറിയത് ന്യൂയോർക്കിലെ ഗ്രാൻഡ് സെൻട്രൽ ഒയിസ്റ്റർ ബാറിലാണ്. ചെന്നയുടൻ  ഒയിസ്റ്റർ (മുത്തുച്ചിപ്പി) പാൻ റോസറ്റും കഴിക്കാനായി ഓർഡർ ചെയ്തു. പിന്നെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.

കഴിച്ചു തുടങ്ങിപ്പോൾ കട്ടിയുള്ള എന്തിലോ കടിച്ചു. പല്ലിളകി പോന്നതോ ഫില്ലിങ് അടർന്നു പോയതോ ആണെന്നാണ്  റിക്ക് കരുതിയത്.എന്നാൽ പല്ലിൽ തട്ടിയ സാധനം വായിൽ നിന്ന് പുറത്തെടുത്തപ്പോഴാണ് റിക്ക് ഞെട്ടിയത്. മുത്തുച്ചിപ്പിക്കുള്ളിൽ ഒളിഞ്ഞിരുന്ന അപൂർവമായ മുത്താണ് റിക്കിന് ലഭിച്ചതെന്ന് പുറത്തെടുത്തപ്പോഴാണ് മനസ്സിലായത്. റസ്റ്ററന്റ് ജീവനക്കാരോട് അപ്പോഴൊന്നും പറഞ്ഞില്ലെങ്കിലും ഫോൺ വിളിച്ച് റിക്ക് കാര്യങ്ങളന്വേഷിച്ചിരുന്നു. കഴിഞ്ഞ ഇരുപത്തിയെട്ട് വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ഒയിസ്റ്ററിനുള്ളിൽ നിന്ന് മുത്ത് ലഭിക്കുന്നതെന്ന് റിക്കിനോട് ജീവനക്കാർ വ്യക്തമാക്കി.

Oyster

റിക്ക് ആന്റോഷിനു ലഭിച്ച മുത്തിന് അധികം വലിപ്പമൊന്നുമില്ല. പയറുമണിയുടെ ആകൃതിയിലുള്ള മുത്തിന് മുകളിലായി ചെറിയ കറുത്ത പാടുമുണ്ട്. മുത്തിനു മുകളിലുള്ള ചെറിയ കറുത്ത പാടുകൾ പലതും മായ്ക്കാൻ കഴിയുന്നവയാണെന്ന് മുത്ത് വ്യാപാരികൾ വ്യക്തമാക്കി. മുത്തിന്റെ കൃത്യമായ വില നിശ്ചയിക്കുന്നത് അതിന്റെ തിളക്കവും ആകൃതിയുമൊക്കെ അടിസ്ഥാനമാക്കിയാണ്. റിക്കിന് ലഭിച്ച മുത്തിന്റെ മതിപ്പുവില ഏകദേശം രണ്ടരലക്ഷത്തിലധികമാണ്. ആയിരം രൂപയുടെ ഭക്ഷണം കഴിക്കാനിറങ്ങിയ റിക്ക് ആന്റോഷിനെ ഭാഗ്യദേവത കടാക്ഷിച്ചത് മുത്തിന്റെ രൂപത്തിലാണ്. എന്തായാലുൂം ഇനിയും ഇവിടെയെത്തി ഭാഗ്യം പരീക്ഷിക്കാൻ തന്നെയാണ് റിക്ക് ആന്റോഷിന്റെ തീരുമാനം.