Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിമിംഗല വേട്ട പുനരാരംഭിക്കും ;കരാറുകളില്‍ നിന്നും പിന്‍വാങ്ങി ജപ്പാന്‍!

blue whale

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യാന്തര തലത്തില്‍ ജപ്പാനെതിരെ ഏറ്റവുമധികം ആരോപണങ്ങള്‍ ഉയര്‍ന്നത് തിമിംഗല വേട്ടയെ ചൊല്ലിയായിരുന്നു. ഗവേഷണത്തിനെന്ന മറവില്‍ അന്‍റാര്‍ട്ടിക് മേഖലയില്‍ നിന്ന് നൂറു കണക്കിനു തിമിംഗലങ്ങളെയാണ് ജപ്പാന്‍ കൊന്നൊടുക്കിയതും പിന്നീട് വില്‍പ്പനയ്ക്കെത്തിച്ചതും. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ തിമിംഗല വേട്ട നിരോധിച്ചു കൊണ്ടുള്ള കരാറുകളില്‍ നിന്നു പിന്‍വാങ്ങുന്നതായി ജപ്പാന്‍ പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം മുതല്‍ തിമിംഗ വേട്ട പുനരാരംഭിക്കുമെന്നും ജപ്പാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്നും പാരിസ്ഥിതിക സംഘടനകളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ജപ്പാന്‍റെ പുതിയ തീരുമാനത്തിനെതിരെ ഉണ്ടായിരിക്കുന്നത്.

1900 ത്തിന്‍റെ തുടക്കത്തിലാണ് യന്ത്രവൽകൃത തിമിംഗല വേട്ട വ്യാപകമായി ആരംഭിക്കുന്നത്. ഇതേ തുടര്‍ന്ന് സമുദ്രങ്ങളിലെ തിമിംഗലങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് ഇവയുടെ സംരക്ഷണത്തിന് വേണ്ടി  യന്ത്രൽകൃത തിമിംഗല വേട്ട രാജ്യാന്തര സമുദ്രമേഖലകളില്‍ നിരോധിച്ചത്.ഈ കരാറില്‍ ജപ്പാനും ഒപ്പു വച്ചിരുന്നു. ഈ കരാര്‍ രൂപം നല്‍കിയ രാജ്യാന്തര തിമിംഗല കമ്മീഷനില്‍ ജപ്പാന്‍ അംഗവുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിലക്കുകള്‍ ലംഘിച്ചു വേട്ട പുനരാരംഭിച്ച ജപ്പാനെ ഈ കമ്മീഷന്‍ പല തവണ താക്കീതു ചെയ്തിരുന്നു. ഇതാണ് കരാറില്‍ നിന്നു പിന്‍വാങ്ങാന്‍ ജപ്പാനെ പ്രകോപിപ്പിച്ചതെന്നാണു സൂചന.

പരമ്പരാഗതമായി മത്സ്യബന്ധന മേഖലയെ ഗണ്യമായി ആശ്രയിക്കുന്ന സംസ്കാരമാണ് ജപ്പാനിലേത്. എന്നാല്‍ പരമ്പരാഗത മത്സ്യബന്ധന രീതികളില്‍ നിന്നു മാറി വ്യാവസായിക അടിസ്ഥാനത്തിലുള്ള തിമിംഗല വേട്ടയാണ് രാജ്യം ഇപ്പോള്‍ പിന്തുടരുന്നത്. അതിനാല്‍ തന്നെ ജപ്പാന്‍റെ ഈ തീരുമാനം ഇപ്പോള്‍ തന്നെ വംശനാശ ഭീഷണി നേരിടുന്ന നീല തിമിംഗലങ്ങളും കൊലയാളി തിമിംഗലങ്ങളും ഉള്‍പ്പടെയുള്ളവ ഭൂമുഖത്തു നിന്നു തന്നെ ഇല്ലാതാകാന്‍ കാരണമാകുമെന്നാണു പരിസ്ഥിതി സംഘടനകള്‍ ആശങ്കപ്പെടുന്നത്. 

ജപ്പാന്‍റെ ന്യായീകരണം

Humpback whale

സെപ്റ്റംബറില്‍ ബ്രസീലില്‍ നടന്ന രാജ്യാന്തര വെയിലിങ് കമ്മീഷന്‍റെ യോഗത്തില്‍ തിമിംഗല വേട്ട പുനരാരംഭിക്കാനുള്ള കരാറിനായി ജപ്പാന്‍ ശ്രമിച്ചിരുന്നു. തിമിംഗലങ്ങളെ സംരക്ഷിക്കാനുള്ള നടപടികള്‍ ഇപ്പോള്‍ പര്യാപ്തമാണെന്നും അതുകൊണ്ട് തന്നെ വേട്ട പുനരാരംഭിക്കുന്നത് തിമിംഗലങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കില്ലെന്നുമായിരുന്നു ഇവരുടെ വാദം. എന്നാല്‍ ഈ വാദത്തെ മറ്റു രാജ്യങ്ങള്‍ എതിര്‍ത്തു. വ്യാവസായിക തിമിംഗല വേട്ട പുനരാരംഭിക്കാന്‍ തക്ക തിമിംഗല സമ്പത്ത് സമുദ്രത്തിലില്ലെന്ന നിലപാടാണ് ഭൂരിഭാഗം രാജ്യങ്ങളും സ്വീകരിച്ചത്.

ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് കരാറുകളില്‍ നിന്നു പിന്‍വാങ്ങാന്‍ ജപ്പാന്‍ തീരുമാനമെടുത്തത്. 1948 ലാണ് രാജ്യാന്തര തിമിംഗല വേട്ട നിരോധന ഉടമ്പടി നിലവില്‍ വരുന്നത്. ഈ ഉടമ്പടിയില്‍ തിമിംഗലങ്ങളുടെ സംരക്ഷണത്തിനൊപ്പം തന്നെ തിമിംഗല വേട്ട വ്യവസായത്തിന്‍റെ പുരോഗമനത്തിനു വേണ്ടി ഉപയോഗിക്കാമെന്ന ധാരണയുണ്ടായിരുന്നെന്നും ജപ്പാന്‍ അവകാശപ്പെടുന്നു. ഈ ധാരണ നടപ്പാക്കാനുള്ള സമയമായിട്ടും വെയിലിങ് കമ്മീഷന്‍ ഇതിനു തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്നാണു ജപ്പാന്‍റെ നിലപാട്. ഇതാണ് കരാറില്‍ നിന്നു പിന്‍വാങ്ങാനുള്ള കാരണമായി ജപ്പാന്‍ ചൂണ്ടിക്കാട്ടുന്നതും. അമേരിക്കയുടെ രഹസ്യപിന്തുണയും കടുത്ത നിലപാടെടുക്കാന്‍ ജപ്പാനു പ്രചോദനമായെന്ന വിലയിരുത്തലുണ്ട്.

ജൂണ്‍ അവസാനത്തോടെയാണ് നിലവിലെ കരാറിന്‍റെ കാലാവധി തീരുക. ജൂലെ ആദ്യം തന്നെ രാജ്യാന്തര സമുദ്രത്തിലും ജപ്പാന്‍റെ അതിര്‍ത്തിയിലുള്ള സമുദ്രത്തിലും തിമിംഗല വേട്ട പുനരാരംഭിക്കുമെന്നു ജപ്പാന്‍ വ്യക്തമാക്കി. സമുദ്ര വിഭവങ്ങളുടെ ഉപയോഗം അവയ്ക്ക് കോട്ടം വരാത്ത രീതിയില്‍ നടത്തുക എന്നതാണ് ജപ്പാന്‍റെ നിലപാട്. അതുകൊണ്ട് തന്നെ തിമിംഗല വേട്ടയിലൂടെ ലോകത്തെ തിമിംഗലങ്ങള്‍ ഇല്ലാതാകുമെന്ന ആശങ്ക അസ്ഥാനത്താണെന്നും ജപ്പാന്‍ ക്യാബിനറ്റ് സെക്രട്ടറി ജോഷിഹിഡെ സുഗ പ്രസ്താവനയില്‍ വ്യക്തമാക്കി. ഗവേഷണ ആവശ്യങ്ങള്‍ക്കായി അന്‍റാര്‍ട്ടിക്കില്‍ നിന്നുള്ള തിമിംഗല വേട്ട തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

Whale

കടല്‍ക്കൊള്ളക്കാരുടെ രാജ്യമെന്നപോലെയാണ് ജപ്പാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഹ്യൂമന്‍ ഇന്‍റര്‍നാഷണല്‍ പ്രസിഡന്‍റ് കിറ്റി ബ്ലോക്ക് കുറ്റപ്പെടുത്തി. സാമ്പത്തിക ലാഭത്തിനു വേണ്ടി തിമിംഗലങ്ങളെ കൂട്ടക്കൊല ചെയ്ത ചരിത്രത്തിലേക്കു പുതിയ അധ്യായം കൂട്ടിച്ചേര്‍ക്കുന്നതാണ് ജപ്പാന്‍റെ തീരുമാനമെന്നും കിറ്റി ബ്ലോക്ക് വിമര്‍ശിച്ചു. രാജ്യാന്തര സംഘടനകൾക്ക് പുറമെ വിവിധ രാജ്യങ്ങളും രൂക്ഷമായ വിമര്‍ശനമാണ് ജപ്പാനെതിരെ ഉന്നയിക്കുന്നത്. ജപ്പാന്‍റെ തീരുമാനം കടുത്ത നിരാശ ഉണ്ടാക്കുന്നതാണെന്ന് ഓസ്ട്രേലിയ പ്രതികരിച്ചു. കാലഹരണപ്പെട്ട ചിന്തകളാണ് ജപ്പാനെ നയിക്കുന്നതെന്ന് ന്യൂസീലാൻഡ് കുറ്റപ്പെടുത്തി. അന്‍റാര്‍ട്ടിക്കിനോടു ചേര്‍ന്നു കിടക്കുന്ന രാജ്യങ്ങളെന്ന നിലയില്‍ ഓസ്ട്രേലിയയുടെയും ന്യൂസീലൻഡിന്റെയും നിലപാട് ഈ മേഖലയിലെ തിമിംഗല വേട്ടയില്‍ ജപ്പാനു തിരിച്ചടിയായേക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.