ADVERTISEMENT

ചൈനയുടെ സിച്വാൻ പ്രവിശ്യയിലെ ഗാൻസിയിൽ സ്ഥിതി ചെയ്യുന്ന യാല മലനിരകൾക്കു മുകളിൽ അന്യഗ്രഹപേടകം പറന്നിറങ്ങിയതുപോലെ ഒരു മേഘം പ്രത്യക്ഷപ്പെട്ടു. ഇതിന്റെ ചിത്രങ്ങൾ താമസിയാതെ എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വൈറലായി. ലെന്റിക്യുലർ ക്ലൗഡ് എന്ന പ്രതിഭാസമാണ് ഇതിനു വഴിവച്ചത്. കാറ്റ് പർവതങ്ങൾക്കോ പൊക്കമുള്ള മറ്റു ഘടനകൾക്കോ ലംബമായി അടിക്കുമ്പോഴാണ് ലെന്റിക്യുലർ മേഘങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

കഴിഞ്ഞവർഷം ഓഗസ്റ്റിൽ ചൈനയിലെ ജനങ്ങളെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് മഴവിൽ നിറങ്ങളിൽ മേഘം പ്രത്യക്ഷപ്പെട്ടിരുന്നു. പ്രകൃതി ഒരുക്കിയ ഈ അപൂർവകാഴ്ചയുടെ ചിത്രങ്ങളും വിഡിയോകളും താമസിയാതെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും കൗതുകദൃശ്യം കണ്ട് അമ്പരന്ന ആളുകൾ ഇതൊരു അപൂർവ കാഴ്ചയാണെന്നും, അന്യഗ്രഹജീവികളുടെ വരവാണെന്നും അജ്ഞാത ലോകത്തേക്കുള്ള കവാടമാണെന്നുമൊക്കെ കമന്റുകളിട്ടു. ഇതു കണ്ടിട്ട് ഒരു മഴവില്ലിന്റെയും മേഘത്തിന്റെയും കുട്ടിയാണെന്നും മറ്റുമുള്ള തമാശ നിറഞ്ഞ അഭിപ്രായപ്രകടനങ്ങളുമുണ്ടായിരുന്നു.

യാല മലനിരകൾക്കു മുകളിൽ രൂപപ്പെട്ട മേഘം (Photo: Twitter/@PDChina)
യാല മലനിരകൾക്കു മുകളിൽ രൂപപ്പെട്ട മേഘം (Photo: Twitter/@PDChina)

ചൈനയിലെ ഹൈനാൻ പ്രവിശ്യയിലുള്ള ഹൈക്കു നഗരത്തിൽ നിന്നാണ് അന്ന് അപൂർവ കാഴ്ച പ്രത്യക്ഷപ്പെട്ടത്. മേഘത്തിനു മുന്നിൽ ഒരു മഴവിൽ കിരീടം വച്ചതുപോലെയായിരുന്നു കാഴ്ച. സ്കാർഫ് ക്ലൗഡ് അഥവാ പിലിയസ് എന്നറിയപ്പെടുന്ന പ്രതിഭാസമാണ് അന്ന് ചൈനയിലുണ്ടായത്. ഒരു മേഘത്തെച്ചുറ്റിയുള്ള വായു മുകളിലേക്ക് ഉയർന്ന് കുട പോലെ മാറുമ്പോഴാണ് പിലിയസ് മേഘങ്ങൾ ഉണ്ടാകുന്നത്. കടുത്ത കാലാവസ്ഥയുടെ ലക്ഷണമാണ് ഇതെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഈ മേഘത്തിലെ ജല, ഹിമ കണികകളിൽ തട്ടി സൂര്യപ്രകാശം പ്രതിഫലിക്കുമ്പോഴാണ് മഴവില്ലുപോലുള്ള ഘടനയുണ്ടാകുന്നത്.

യുഎസിലെ ഒക്‌ലഹോമയിലുള്ള നോർമൻ സിറ്റിയിൽ കഴിഞ്ഞ സെപ്റ്റംബറിൽ വിചിത്രമായ മേഘഘടന കണ്ടിരുന്നു. പെട്ടെന്നുണ്ടായ കൊടുങ്കാറ്റും പേമാരിയുമാണ് ഇത്തരമൊരു ഘടനയ്ക്ക് വഴിവച്ചതെന്ന് യുഎസ് കാലാവസ്ഥാ പ്രവചന സ്ഥാപനമായ വെതർ നേഷൻ അന്ന് അറിയിച്ചിരുന്നു.യുഎസിന്റെ തെക്കൻ മേഖലയിലുള്ള സംസ്ഥാനമാണ് ഒക്‌ലഹോമ. ടെക്സസ്, കൻസാസ്, മിസോറി, അർക്കൻസാസ്, ന്യൂമെക്സിക്കോ, കൊളറാഡോ തുടങ്ങിയ സംസ്ഥാനങ്ങളുമായി ഒക്‌ലഹോമ അതിർത്തി പങ്കിടുന്നു.

ചുഴലിക്കാറ്റുകൾ ഉണ്ടാകാനുള്ള ഏറ്റവും അനുയോജ്യ സാഹചര്യങ്ങളെല്ലാം ഒത്തുചേർന്നയിടങ്ങളാണ് യുഎസിന്റെ ഗ്രേറ്റ് പ്ലെയിൻസ് എന്നറിയപ്പെടുന്ന സമതലങ്ങൾ. ടൊർണാഡോ ആലി എന്നാണ് ഇവ അറിയപ്പെടുന്നത്. ഒക്ലഹോമയുടെ നല്ലൊരു ഭാഗം ഭൂപ്രദേശവും ഈ മേഖലയിലാണ് ഉള്ളത്.

English Summary:

Incredible Sight: Alien-like Cloud Over Yala Mountains Leaves China in Awe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com