ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യത; ചൈനാക്കടലിൽ ‘യാഗി’: കാലവർഷം വിടവാങ്ങുന്നത് എപ്പോൾ?
Mail This Article
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. സെപ്റ്റംബർ 6ന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂയെന്നും ന്യൂനമർദം ഉണ്ടായാൽ ഒഡിഷ ഭാഗത്തായിരിക്കും നീങ്ങുകയെന്നും കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം ‘മനോരമ ഓൺലൈനോ’ട് വ്യക്തമാക്കി. കേരളത്തെ ഇത് എങ്ങനെ ബാധിക്കുമെന്നത് ഇപ്പോൾ പറയാനാകില്ല. തെക്കൻ ചൈനാക്കടലിൽ ‘യാഗി’ എന്ന ചുഴലിക്കാറ്റ് നിലനിൽക്കുന്നുണ്ട്. ഇപ്പോൾ അത് ഫിലിപ്പീൻസിന്റെ മുകളിലാണ്. അടുത്ത ദിവസങ്ങളിൽ അതിന്റെ ശക്തി കൂടാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ അതിന്റെ സ്വാധീനം കൂടി ചിലപ്പോൾ രാജ്യത്ത് ഉണ്ടാകാം. അതിനാൽ രണ്ട് പ്രതിഭാസങ്ങളും കൂടിയാകുമ്പോൾ മഴയുടെ രീതി എങ്ങനെയെന്ന് പറയാനാകില്ല.
അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദവും (Well Marked Low pressure) വിദർഭ ശക്തികൂടിയ മർദവും ന്യൂനമർദമായി (Low pressure area) ശക്തി കുറഞ്ഞിട്ടുണ്ട്. വടക്കൻ കേരള തീരത്തെ ന്യൂനമർദ പാത്തിയും ദുർബലമായിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ വലിയ മഴയ്ക്ക് സാധ്യതയില്ല. എല്ലാ ജില്ലകളിലും ഇടവേളകളോട് കൂടിയ മഴ തുടരാനാണ് സാധ്യത.
‘സാധാരണ സെപ്റ്റംബർ 17 ഓടുകൂടിയാണ് കാലവർഷം പിൻവാങ്ങൽ തുടങ്ങുന്നത്. വടക്ക്–പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് ആരംഭിച്ച് തെക്കേ ഇന്ത്യയിൽ അവസാനിക്കുന്നു. എന്നാൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുള്ളതിനാൽ കാലവർഷം പിൻവാങ്ങുന്നത് വൈകിയേക്കാം. ഇതിനിടയ്ക്ക് മറ്റ് ന്യൂനമർദങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. കേരളത്തിന് ഭീഷണിയുണ്ടാകില്ല. സാധാരണ മഴ ലഭിച്ചേക്കും’– രാജീവൻ എരിക്കുളം വ്യക്തമാക്കി.