ADVERTISEMENT

കാലവർഷവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്ത ഒരു പ്രതിഭാസമാണ് കള്ളക്കടൽ. കാലവർഷത്തിന്റെ വരവിന് മുന്നോടിയായി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അപ്രതീക്ഷിതമായി മുന്നറിയിപ്പ് ഇല്ലാതെ ഉണ്ടാകുന്ന കടൽക്ഷോഭത്തെയാണ് കള്ളക്കടൽ എന്ന് വിളിക്കുന്നത്. മുൻപ് കേരളത്തിന്റെ തീരപ്രദേശങ്ങളിൽ വേലിയേറ്റത്തിന്റെയോ കാലവർഷത്തിന്റെയോ ഭാഗമല്ലാതെ ഉണ്ടായിരുന്ന കടൽക്ഷോഭങ്ങളെ പ്രാദേശികമായി കള്ളക്കടൽ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ 2004 ലെ സൂനാമിക്ക് ശേഷം ഉയർന്ന തിരമാലകളെയും തീരദേശത്തെ പ്രളയങ്ങളെയും ശ്രദ്ധിച്ചുതുടങ്ങി. പിന്നീടാണ് ഈ പ്രതിഭാസത്തെക്കുറിച്ച് കാര്യമായ പഠനം ആരംഭിച്ചത്. കള്ളക്കടൽ വേറിട്ട സംഭവമാണെന്ന് മനസ്സിലാക്കി തുടങ്ങി. 2012ൽ യുനെസ്കോ കള്ളക്കടലിനെ ശാസ്ത്രസാങ്കേതിക പദമായി അംഗീകരിച്ചെങ്കിലും ഇതിന്റെ ഉൽഭവത്തെപ്പറ്റി ശാസ്ത്രീയപഠനത്തിന് 2016വരെ കാത്തിരിക്കേണ്ടി വന്നു.

2016ൽ ഹൈദരാബാദിലെ ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സിസ്റ്റം നടത്തിയ പഠനത്തിലാണ് കള്ളക്കടൽ പ്രതിഭാസം ആഗോളസമുദ്ര ഊഷ്മാവിലും കാലാവസ്ഥയിലും ഉണ്ടാകുന്ന വ്യതിയാനത്തിന്റെ ഫലമാണെന്ന് കണ്ടെത്തിയത്. 30 ഡിഗ്രി അക്ഷാംശ രേഖയ്ക്ക് താഴെ ഇന്ത്യൻ മഹാസമുദ്രത്തിലോ ദക്ഷിണ അന്റിലാന്റിക് സമുദ്രത്തിലോ ഉണ്ടാകുന്ന കാലാവസ്ഥാ വ്യത്യാസങ്ങളാണ് കള്ളക്കടലിലേക്ക് നയിക്കുന്നത്. ഉൽക്കടലുകളിലുണ്ടാകുന്ന ചുഴലിക്കാറ്റുകൾ കാരണം സ്‌െവൽ വേവ്സ് എന്ന ഉയർന്ന തിരമാലകൾ ഉണ്ടാകുന്നു. 

Kochi: Sea waves crash close to a habitation in Chellanam area of Kochi, Thursday, Oct. 31, 2019. In the wake of the two cyclonic systems - Kyaar and Maha -  in the Arabian Sea, heavy rains are expected to lash different parts of Kerala. (PTI Photo)(PTI10_31_2019_000345A)
Sea waves crash close to a habitation in Chellanam area of Kochi (PTI Photo)

പലപ്പോഴും കള്ളക്കടൽ തിരമാലകളെ സൂനാമിത്തിരകളായി തെറ്റിദ്ധരിക്കാറുണ്ട്. പ്രത്യേകിച്ച് മുൻപ് ഉണ്ടാകാതിരുന്ന സ്ഥലത്ത് ഉണ്ടാകുമ്പോൾ...സമുദ്രത്തിനുള്ളിൽ നിന്നുണ്ടാകുന്ന ഭൂകമ്പം, അഗ്നിപർവത സ്ഫോടനം മുതലായ പ്രതിഭാസങ്ങളിൽ നിന്നാണ് സൂനാമിത്തിരകൾ ഉണ്ടാകുന്നത്. എന്നാൽ കള്ളക്കടൽ ഉണ്ടാകുന്നത് അന്തരീക്ഷത്തിലുണ്ടാകുന്ന ന്യൂനമർദത്തിൽ നിന്നോ ചുഴലിക്കാറ്റിൽ നിന്നോ ആണ്. ഇവയുടെ ശക്തികൊണ്ട് കുമിഞ്ഞുകൂടുന്ന സമുദ്രജലം ശക്തമായ കാറ്റിൽ ഇന്ത്യൻ തീരത്തേക്ക് കയറുന്നു. ഈ തിരമാലകൾക്ക് ആയിരത്തിലധികം കിലോമീറ്റർ സഞ്ചരിക്കാനാകും. സൂനാമിത്തിരകൾക്ക് 30 മുതൽ 40 മീറ്റർ വരെ ഉയരമുണ്ടാകും. എന്നാൽ കള്ളക്കടൽ മൂലമുണ്ടാകുന്ന തിരമാലകൾക്ക് പരമാവധി 11 മീറ്റർ ഉയരം മാത്രമേ ഉണ്ടാകൂ. ഇപ്പോൾ 0.5 മുതൽ 1.5 മീറ്റർ വരെയാണ് കാണുന്നത്. വേലിയേറ്റ സമയത്ത് ഇത് കൂടാറുണ്ട്.

2020ൽ കള്ളക്കടൽ പ്രതിഭാസത്തെക്കുറിച്ച് 7 ദിവസം മുൻപ് തന്നെ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം ഉണ്ടായി. ഇതുപയോഗിച്ചാണ് 2024ലെ കള്ളക്കടൽ പ്രതിഭാസം മുൻകൂട്ടി അറിയാൻ കഴിഞ്ഞത്. കാലാവസ്ഥാ വകുപ്പിന്റെ ന്യൂനമർദ റിപ്പോർട്ടിന്റെയും മാപ്പിന്റെയും അടിസ്ഥാനത്തിലും കാറ്റുകളുടെ ഗതിയെക്കുറിച്ചുള്ള റിപ്പോർട്ടുകളുംവച്ചാണ് ഈ പ്രവചനങ്ങൾ സാധ്യമാകുന്നത്.

മുൻകാലങ്ങളിൽ കള്ളക്കടലിന്റെ വ്യാപ്തി തെക്കൻ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളിൽ ഒതുങ്ങിയിരുന്നു. എന്നാലിപ്പോൾ കള്ളക്കടൽ പ്രതിഭാസം മലബാറിന്റെയും കർണാടകയുടെയും തമിഴ്നാടിന്റെ കിഴക്കൻമേഖലയിലും വ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമാണ് ഇതിന് കാരണമെന്ന് ശാസ്ത്രലോകം കരുതുന്നു. 

കടപ്പാട്: ഡോ. സുഭാഷ് ചന്ദ്രബോസ്, പരിസ്ഥിതി പ്രവർത്തകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com