ഉച്ചയ്ക്ക് പെട്ടെന്ന് മഴ, കാലവർഷം പിന്മാറിയില്ലേ? ഇനിയുള്ള മഴ എവിടെ രേഖപ്പെടുത്തും?
Mail This Article
പകൽ വെയിൽ, ഉച്ചയ്ക്ക് ശേഷം പെട്ടെന്ന് മഴ. കുറച്ചുദിവസങ്ങളായി കേരളത്തിലെ പലയിടത്തും കാണുന്ന കാഴ്ച്ചയാണ്. കാലവർഷം പിന്മാറി തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചെങ്കിലും മഴയിലെ ഈ മാറ്റത്തിനു പിന്നിൽ മറ്റൊന്നാണ്.
കന്യാകുമാരിക്കും മാലിദ്വീപിനും സമീപത്തായി ചെറിയ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. സാധാരണ അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റാണ് (കാലവർഷക്കാറ്റ്) കൂടുതൽ അനുഭവപ്പെടുക. എന്നാൽ ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ കിഴക്കൻ കാറ്റ് സജീവമായിരിക്കുകയാണ്. ഇതിന്റെ ഫലമായാണ് കേരളത്തില്‍ ചിലയിടങ്ങളിൽ ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുന്നത്. ദക്ഷിണേന്ത്യയിൽ പലയിടത്തും കുറച്ചുദിവസം കൂടി മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു.
കാലവർഷക്കാറ്റ് ദുർബലമായ സ്ഥിതിയിലാണ്. ജൂൺ 1ന് ആരംഭിച്ച കാലവർഷ കലണ്ടർ സെപ്റ്റംബർ 30ന് അവസാനിച്ചു. എന്നാൽ കാലവർഷം പൂർണമായും പിന്മാറിയിട്ടുമില്ല. ഒക്ടോബർ ഒന്ന് മുതൽ ലഭിക്കുന്ന മഴ കാലവർഷ പട്ടികയിൽ ഉൾപ്പെടുത്തില്ല. അതെല്ലാം തുലാവർഷ കണക്കിൽ ഉൾപ്പെടുത്തും. ഒക്ടോബർ 1 മുതൽ ഡിസംബർ 31വരെയുള്ളതാണ് തുലാവർഷ കലണ്ടർ.
സെപ്റ്റംബർ 25ന് കാലവർഷം പിൻവാങ്ങൽ ആരംഭിച്ചത്. രാജസ്ഥാൻ ഉൾപ്പെടെ ചില പ്രദേശങ്ങളിൽ മാത്രമാണ് കാലവർഷം പിന്മാറിയത്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെടുന്ന ചക്രവാതച്ചുഴികൾ കാലാവസ്ഥയെ മാറ്റിമറിക്കുന്നുണ്ട്.
ദുരന്തമുഖത്ത് മഴക്കുറവ്
കേരളത്തിലെ കാലവർഷം ഏറ്റവും കൂടുതൽ ലഭിച്ചത് കണ്ണൂരിലാണ്. ലഭിക്കേണ്ട മഴയേക്കാൾ 15ശതമാനം അധികമഴയാണ് ഇവിടെ ലഭിച്ചത്. തിരുവനന്തപുരത്ത് 3 ശതമാനം അധികമഴയാണ് ലഭിച്ചത്. ജൂൺ 1 മുതൽ സെപ്റ്റംബർ 30വരെ 844.6 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. എന്നാൽ 866.3 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ വയനാട്ടിൽ 30 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2464.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട ജില്ലയിൽ 1713.3 മി.മീ മഴയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് കേരളത്തിലെ മൺസൂൺ മഴയുടെ വിവരങ്ങൾ പുറത്തുവിട്ടത്.