ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദത്തിന് സാധ്യത; ചെന്നൈ തീരത്തേക്ക്, കേരളത്തെ ബാധിക്കുമോ?

Mail This Article
ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദം മധ്യ കിഴക്കൻ അറബിക്കടലിൽ ഗോവ-കർണാടക തീരത്തിന് സമീപം ശക്തി കൂടിയ ന്യൂനമർദമായി (Well Marked Low Pressure Area ) മാറി. വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം അടുത്ത 2,3 ദിവസത്തിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതിന്റെ സ്വാധീനത്താൽ കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിൽ മഴ ലഭിക്കുന്നുണ്ട്. തെക്കൻ കേരളത്തിലും നേരിയ മഴ തുടരാം. നിലവിൽ യെലോ അലർട്ട് മാത്രമാണ് നൽകിയിരിക്കുന്നത്.
അറബിക്കടലിൽ തന്നെ തീവ്രന്യൂനമർദം ശക്തികുറഞ്ഞ് ഇല്ലാതാകുന്നതിനാൽ ഗോവ, കേരള, കർണാടക തീരങ്ങൾ സുരക്ഷിതമാണ്. എന്നാൽ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നു. ചെന്നൈ തീരത്തോട് ചേർന്നാണ് ഇപ്പോൾ ചക്രവാതച്ചുഴി നിൽക്കുന്നത്. ഇത് ഒക്ടോബർ 12ഓടെ ന്യൂനമർദമായി മാറുമെന്ന് കരുതുന്നു. ഇത് ചെന്നൈ തീരത്തേക്ക് അടുക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം പറയുന്നു. ന്യൂനമർദത്തിന്റെ സഞ്ചാരപാതയും തീവ്രതയും വ്യക്തമായാൽ മാത്രമേ കേരളത്തിലെ ഇതിന്റെ സ്വാധീനം എത്രത്തോളമാണെന്ന് പറയാനാകൂ. മുൻകരുതലായി ഒക്ടോബർ 13, 14 തീയതികളിൽ കേരളത്തിൽ ഓറഞ്ച് നൽകിയിട്ടുണ്ട്. നിലവിൽ ലഭിക്കുന്ന മഴ അടുത്ത 2,3 ദിവസം കൂടി തുടരും.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെടുന്ന ചക്രവാതച്ചുഴികൾ കാരണം കാലവർഷത്തിന്റെ പിൻവാങ്ങൽ വൈകുന്നു. ഇപ്പോൾ പെയ്യുന്ന മഴയെല്ലാം കാലവർഷത്തിന്റെ ഭാഗമായി ലഭിക്കുന്നതാണ്. എന്നാൽ ഈ മഴ തുലാവർഷ കണക്കില്‍ ഉൾപ്പെടുത്തുന്നു. ഒക്ടോബർ 1 മുതലാണ് തുലാവർഷം തുടങ്ങിയത്. പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനത്താൽ ലഭിക്കുന്ന മഴയാണ് കാലവർഷത്തിൽ പെയ്യുന്നത്. ഏതുസമയത്തും പെയ്യാം (ഇടിമിന്നൽ കുറവാണ്). എന്നാൽ തുലാവർഷം കിഴക്കന്‍ കാറ്റിന്റെ ഫലമായുണ്ടാകുന്ന മഴയാണ്. ഉച്ചകഴിഞ്ഞ് ഇടിമിന്നലോടുകൂടിയ മഴയായിരിക്കും