‘ഫെയ്ഞ്ചൽ’ ചുഴലിക്കാറ്റ് തമിഴ്നാട് വഴി വടക്കൻ കേരളത്തിലേക്ക്? അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യത
Mail This Article
വിവിധ അന്തരീക്ഷ മോഡലുകളുടെ നിഗമന പ്രകാരം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് പുതുച്ചേരിക്ക് സമീപം കരയിൽ പ്രവേശിച്ചതിനു ശേഷം തമിഴ്നാട്, കർണാടക വഴി വടക്കൻ കേരളത്തിൽ എത്തിചേർന്ന് അറബിക്കടലിൽ പ്രവേശിക്കാനുള്ള സൂചന നൽകുന്നു. ഡിസംബർ 2നും 3നുമായി കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ ശക്തി കുറഞ്ഞു അറബികടലിലേക്കു നീങ്ങുമെന്നാണ് സൂചനകൾ. ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചതിനു ശേഷം മാത്രമേ കേരളത്തിലെ സാഹചര്യം കുറച്ചു കൂടി വ്യക്തമാകുകയുള്ളൂ.
ചുഴലിക്കാറ്റിന്റെ ഭാഗമായി ശനിയാഴ്ച വൈകുന്നേരം മുതൽ കേരളത്തിലെ അന്തരീക്ഷ സ്ഥിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. നിലവിൽ വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്ന് സൂചനയെങ്കിലും തെക്കൻ കേരളത്തിലും മഴ സാധ്യത ഉണ്ട്.
തമിഴ്നാട്ടിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴയെ നേരിടാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയതായി റവന്യു, ദുരന്തനിവാരണ വിഭാഗം മന്ത്രി കെ.കെ.എസ്.എസ്.ആർ.രാമചന്ദ്രൻ പറഞ്ഞു. ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി 1,193 എർത്ത് മൂവറുകൾ, 806 ബോട്ടുകൾ, 977 ജനറേറ്ററുകൾ, മരക്കൊമ്പുകൾ മുറിക്കാൻ 1,786 കട്ടറുകൾ, 2,439 മോട്ടർ പമ്പുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ദുരിതാശ്വാസകേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഓഫിസർമാരെയും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
യാത്രികർക്ക് മുന്നറിയിപ്പ്
നഗരത്തിൽ ഇന്നു കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിനു മുൻപു തന്നെ യാത്രയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കണമെന്ന് എയർപോർട്ട് അതോറിറ്റി യാത്രക്കാർക്കു നിർദേശം നൽകി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിമാനം റദ്ദാക്കപ്പെടാനോ പുറപ്പെടുന്നത് വൈകാനോ സാധ്യതയുള്ളതിനാലാണിത്. സർവീസുകളിൽ മാറ്റങ്ങളുണ്ടായാൽ യാത്രക്കാരെ അറിയിക്കണമെന്നു വിമാനക്കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
നഗരത്തിലും സമീപ ജില്ലകളിലും ഇന്നു കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അത്യാവശ്യ കാര്യങ്ങളുള്ളവർ മാത്രമേ പുറത്തിറങ്ങാവൂവെന്നും അല്ലാത്തവർ വീട്ടിൽ തന്നെ കഴിയണമെന്നും അധികൃതർ അറിയിച്ചു.
∙ ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ ഇന്ന‌് സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകി. സ്പെഷൽ ക്ലാസുകളോ പരീക്ഷകളോ നടത്താൻ പാടില്ല
∙ ഐടി കമ്പനികൾക്ക് വർക്ക് ഫ്രം ഹ്രോം സംവിധാനം
∙ ഇസിആർ, ഒഎംആർ എന്നിവിടങ്ങളിൽ ഇന്ന് ഉച്ച മുതൽ പൊതുഗതാഗത വാഹനങ്ങൾ സർവീസ് നിർത്തിവയ്ക്കും
∙ ബീച്ചുകളും പാർക്കുകളും അടച്ചിടും.
ഈ വർഷത്തെ നാലാമത്തെയും സീസണിലെ രണ്ടാമത്തെയും ചുഴലിക്കാറ്റാണിത്. സൗദി അറേബ്യ നിർദേശിച്ച പേരാണ് FENGEL ( pronounced as FEINJAL).