ന്യൂനമർദം മന്നാർ കടലിടുക്കിന് മുകളിൽ; അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യത: 3 ജില്ലകളിൽ അതിതീവ്ര മഴ
Mail This Article
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം നിലവിൽ മന്നാർ കടലിടുക്കിന് മുകളിൽ. കന്യാകുമാരി തീരത്തിനും തെക്കൻ തമിഴ്നാടിനും മുകളിലൂടെ ന്യൂനമർദം ശക്തി കുറഞ്ഞ് അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു.
തമിഴ്നാട്ടിലെ തീരദേശ ജില്ലകളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഉച്ചയോടെ 35 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ തിരുവാരൂർ ജില്ലയിൽ പെയ്തത് 554.9 മില്ലിമീറ്റർ മഴയാണ്. തിരുവണ്ണാമലയിലെ 14 ഗ്രാമങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെൻപെണ്ണ നദിക്കു സമീപമുള്ള ഗ്രാമങ്ങളാണിവ. തിരുവള്ളൂർ, കാഞ്ചിപുരം, ചെങ്കൽപട്ട് ജില്ലകളിലും തെക്കൻ ചെന്നൈയിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. പല അണക്കെട്ടുകളുടെയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
മഴ തുടരുന്നതിനാൽ 21 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിൽ ബുധനാഴ്ചത്തെ കനത്ത മഴയിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മണിക്കൂറുകളോളം വൈകി. ദോഹ, മലേഷ്യ, ഭുവനേശ്വർ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ വൈകിയാണ് ഇറങ്ങിയത്. ബെംഗളൂരുവിലേക്ക് ഉൾപ്പെടെ വിമാനങ്ങൾ തിരിച്ചുവിട്ടു. വ്യാഴാഴ്ചയും വിമാനങ്ങൾ വൈകിയതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തിൽ പൊതുവെ മേഘാവൃതമായ അന്തരീക്ഷമാണ്. ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.