ആഭ്യന്തരയുദ്ധത്തിന് ആക്കം കൂട്ടുന്ന കാലാവസ്ഥാ മാറ്റം; മ്യാന്മർ എങ്ങോട്ട്? ഭാവിതലമുറകൾ ഇല്ലാതായേക്കും

Mail This Article
ലോകത്തിലെ ഏറ്റവും കാലാവസ്ഥാ ദുർബലമായ രാജ്യങ്ങളിലൊന്നാണ് മ്യാൻമർ. വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ, കൊടുംചൂട്, മണ്ണിടിച്ചിലുകൾ തുടങ്ങി കാലാവസ്ഥ വ്യതിയാനങ്ങളുടെ ഒരു നീണ്ടനിര തന്നെയാണ് മ്യാൻമർ നേരിടുന്നത്. അതിനൊപ്പമാണ് ആഭ്യന്തര യുദ്ധം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും. 2021 ലെ സൈനിക അട്ടിമറിക്ക് ശേഷം രാജ്യത്തു സംഘർഷങ്ങൾ രൂക്ഷമാണ്. പല കാലങ്ങളായി തുടരുന്ന ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന രാജ്യം കൂടിയാണ് മ്യാൻമർ. ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ റിപ്പോർട്ടിൽ കഴിഞ്ഞ 3 വർഷത്തിനിടയിൽ അയ്യായിരത്തോളം ഗ്രാമീണർ സംഘർഷത്തിൽ കൊല്ലപ്പെട്ടതായി പറയുന്നു.

കാലാവസ്ഥാ വ്യതിയാനവും സംഘർഷങ്ങൾ മ്യാൻമറിനെ അതിഭീകരമായി കാർന്നു തിന്നുകയാണ്. ജീവിതോപാധിയും സാമ്പത്തിക സ്ഥിരതയും നഷ്ടപ്പെട്ട ജനത ചെന്നെത്തി നിൽക്കുന്നത് പരിസ്ഥിതിയെ തകർക്കുന്ന ഉപജീവന മാർഗങ്ങളിലേക്കാണ്. കൃഷിചെയിരുന്നവരും മത്സ്യബന്ധനത്തിലേർപ്പെട്ടവരും ഇപ്പോൾ കരി ഉൽപാദനത്തിലേക്കു തിരിഞ്ഞിരിക്കുകയാണ്. കണ്ടൽക്കാടുകളിൽ നിന്ന് ഉയർന്ന ഗുണമേന്മയുള്ള കരി ഉൽപാദിക്കുന്നത് തെക്കൻ തീരപ്രദേശമായ തനിന്തരി മേഖലയിലാണ്. ഇവിടെ വൻതോതിൽ വനനശീകരണം നടക്കുന്നു. സംഘർഷം തുടരുന്നതിനാൽ വൈദ്യുതി വിതരണം പല സ്ഥലങ്ങളിലും നിലച്ചമട്ടാണ്. അതുകൊണ്ടു തന്നെ വീടുകളിലെ പാചകത്തിന് കരിയുടെ ആവശ്യം വർധിച്ചു. കരി ഉൽപാദനത്തിനായി കണ്ടൽക്കാടുകൾ കൂടുതലായി നശിപ്പിക്കപ്പെടുന്നതിനാൽ വർധിച്ചുവരുന്ന ചുഴലിക്കാറ്റുകൾക്കും ഇതു കാരണമാകുന്നു. ഈ വനനശീകരണം മ്യാൻമറിന്റെ കാലാവസ്ഥാ പ്രതിരോധശേഷിയെ കൂടുതൽ ദോഷകരമായി ബാധിക്കുന്നുണ്ട്.

2008 ലെ നർഗീസ് ചുഴലിക്കാറ്റിൽ ഉണ്ടായ ജീവഹാനിക്കും നാശനഷ്ടത്തിനും കണ്ടൽ കാടുകളുടെ നശീകരണം വലിയ തോതിൽ കാരണമായിരുന്നു. അന്ന് ഒരു 1,30000ലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. മാത്രമല്ല, ചുഴലിക്കാറ്റിനുപിന്നാലെ രാജ്യത്ത് സംഘർഷമുണ്ടായതോടെ യുഎൻ ഉൾപ്പെടെയുള്ള രാജ്യാന്തര സംഘടനങ്ങൾക്ക് സഹായമെത്തിക്കാനും കഴിഞ്ഞില്ല. തീർത്തും മനുഷ്യത്വ രഹിതമായ സമീപനമായിരുന്നു അന്ന് സൈനിക ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. പ്രകൃതി ദുരന്തങ്ങളും സംഘർഷങ്ങളും കൂടുതൽ ആളുകളെ പ്രത്യേകിച്ച് യുവാക്കളെ മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യാൻ പ്രേരിപ്പിക്കുകയാണ്. അയൽ രാജ്യമായ തായ്‌ലൻഡിൽ മ്യാൻമറിൽ നിന്നും എത്തിയ 2.5 ദശലക്ഷം തൊഴിലാളികൾ താമസിക്കുന്നുണ്ട്. വർധിച്ചുവരുന്ന ഓൺലൈൻ, കോൾ സ്‌കാം സെന്ററുകൾ, മനുഷ്യക്കടത്ത് എന്നിവ മൂലം മ്യാൻമറിന്റെ അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് മിഡിൽ ഈസ്റ്റ് ഏഷ്യ പസഫിക് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഖാലിദ് ഖിയാരി പറഞ്ഞു. അയൽരാജ്യങ്ങളെ ഇത് കാര്യമായി ബാധിച്ചേക്കും.

5 ദശലക്ഷത്തിലധികം ആളുകളാണ് മ്യാൻമറിന്റെ താഴ്ന്ന പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഭവിഷത്തുകൾ രാജ്യത്തെ വരും വർഷങ്ങളിൽ അതി സങ്കീർണമാക്കുമെന്നതിൽ സംശയമില്ല. ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് പ്രകൃതി ദുരന്തങ്ങൾക്കുള്ള രാജ്യാന്തര സഹായം വെട്ടിക്കുറച്ചതും രാജ്യത്തിന് തിരിച്ചടിയായി. പ്രകൃതി ക്ഷോഭങ്ങളെ നേരിടണമെങ്കിൽ ആദ്യം ആഭ്യന്തര സംഘർഷം അവസാനിക്കണം. കാലാവസ്ഥ പ്രതിരോധം തീർക്കാൻ അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നാഷൻസിന് (ആസിയാൻ) ഒരു പ്രധാന പങ്കുണ്ട്. മ്യാൻമറും ആസിയാനും തമ്മിൽ അത്ര നല്ല ബന്ധം ഇല്ലാത്ത സ്ഥിതിക്ക് രാജ്യാന്തര ഇടപെടലിൽ സംഘർഷത്തിന് അയവു വന്നാൽ മാത്രമേ രാജ്യത്തെ ഇതിൽ നിന്നും രക്ഷിക്കാൻ സാധിക്കൂ. ജനങ്ങൾക്കെതിരായ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കാനും കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങളെ അതിജീവിക്കാനും ആസിയാൻ നേതൃത്വം വിചാരിച്ചാൽ സാധിക്കും. ഇനിയും ഒരു ഇടപെടൽ ഉണ്ടായില്ലെങ്കിൽ മ്യാൻമറിനെ കാത്തിരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ആയിരിക്കും. ഭാവി തലമുറ തന്നെ ഇല്ലാതായെന്നു വരും.