ചുഴലിയും പ്രളയവും മാറിമാറി, മണ്ണിലടിഞ്ഞ് ജീവനുകൾ; 2024ൽ ഇന്ത്യയെ നടുക്കിയ പ്രകൃതി ദുരന്തങ്ങൾ

Mail This Article
പ്രപഞ്ചം കീഴടക്കി എന്ന തോന്നലിനു മീതെ പ്രഹരമായി, മനുഷ്യന്റെ പ്രതിരോധശേഷിയെ വെല്ലുവിളിച്ച് ഒരു നിമിഷംകൊണ്ട് സർവ്വതും തകർത്തെറിയാനുള്ള പ്രകൃതിയുടെ അപാരമായ ശക്തിയുടെ ഉദാഹരണങ്ങളാണ് ഓരോ പ്രകൃതി ദുരന്തങ്ങളും. നിർമിത ബുദ്ധി ഭൂമിയിലെ സർവ്വതും നിയന്ത്രിക്കുന്ന തരത്തിലേക്ക് വളർന്ന 2024 ലും മനുഷ്യന്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് പ്രകൃതി ദുരന്തങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും സംഹാരതാണ്ഡവമാടി. ഭൂകമ്പങ്ങൾ, പ്രളയം, കാട്ടുതീ, ചുഴലിക്കാറ്റ്, ഉരുൾപൊട്ടൽ തുടങ്ങിയവയെല്ലാം ആഗോളതലത്തിൽ ആയിരക്കണക്കിന് ജനങ്ങളുടെ ജീവനും ജീവിതവും അപഹരിച്ചു. മുൻ വർഷങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ ഭാരപ്പെട്ട കണക്കുകളിൽ നിന്ന് ഇനിയും കരകയറാൻ പോലുമാകാത്ത ദേശങ്ങളും രാജ്യങ്ങളുമുണ്ട്. ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് ഭീഷണിലാണെന്ന പാഠം ദുരന്തങ്ങളിൽ നിന്നും ഉൾക്കൊണ്ട് കൃത്യമായ മുന്നൊരുക്കങ്ങളും പ്രതിരോധമാർഗങ്ങളും കണ്ടെത്തി വൻ ദുരന്തങ്ങളെ ഒരു പരിധിവരെ അകറ്റിനിർത്താൻ സാധിച്ച രാജ്യങ്ങളുമുണ്ട്.
പ്രകൃതിയെ ചേർത്തുനിർത്തേണ്ടതിന്റെയും പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെയും ആവശ്യകത ഓർമിപ്പിച്ചുകൊണ്ടാണ് ഓരോ ദുരന്തങ്ങളും മനുഷ്യന് നേർക്ക് വരുന്നത്. 2024ൽ ഇന്ത്യയും ഒട്ടേറെ പ്രകൃതി ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. മനുഷ്യൻ അടക്കമുള്ള ജീവജാലങ്ങളുടെ ജീവൻ എടുത്തതിന് പുറമേ സമ്പദ് വ്യവസ്ഥയും ഭൂപ്രകൃതിയുമാകെ താറുമാറാക്കി കൊണ്ടായിരുന്നു ഈ ദുരന്തങ്ങളുടെ കടന്നുവരവ്. 2018ലെ പ്രളയത്തിനു ശേഷം കേരളക്കരയെ നടുക്കിക്കൊണ്ട് വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലാണ് അക്കൂട്ടത്തിൽ ഏറ്റവും അപകടകരമായത്. പോയ വർഷം ഇന്ത്യ സാക്ഷ്യം വഹിച്ച പ്രകൃതിദുരന്തങ്ങളിലേക്ക്...
വയനാട് ദുരന്തം
കേരളത്തെ മാത്രമല്ല രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് ജൂലൈ 30ന് വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇരയായത്. 420 പരം ആളുകളുടെ ജീവൻ ഉരുൾപൊട്ടലിൽ നഷ്ടമായി. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുരന്തത്തിനായിരുന്നു വയനാട് സാക്ഷ്യം വഹിച്ചത്. അതിമനോഹരമായിരുന്ന ഒരു ഗ്രാമം അപ്പാടെ തകർത്തെറിഞ്ഞുകൊണ്ടാണ് ഉരുൾപൊട്ടൽ സംഹാരതാണ്ഡവമാടിയത്.

എൻഡിആർഎഫ് അടക്കമുള്ള സേനകൾ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയെങ്കിലും ദിവസങ്ങൾ എടുത്താണ് മണ്ണിനടിയിൽ പുതഞ്ഞു പോയ ശവശരീരങ്ങൾ പോലും പുറത്തെടുക്കാനായത്. നൂറിൽപരം ആളുകളെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. 1555 വീടുകൾ പൂർണ്ണമായും തകർക്കപ്പെട്ടു. സ്കൂളുകൾ, ഡിസ്പെൻസറികൾ ഓഫിസുകൾ, തുടങ്ങി ഉരുൾപൊട്ടൽ എടുത്ത കെട്ടിടങ്ങളുടെ പട്ടിക നീളും. കടുവകളും കാട്ടാനകളും അടക്കമുള്ള വന്യജീവികളുടെ ജീവനും മഹാദുരന്തത്തിൽ നഷ്ടമായി. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ദുരന്തബാധിത പ്രദേശത്ത് എത്തിയിരുന്നു.
ചുഴലിക്കാറ്റുകൾ
റിമാൽ ചുഴലിക്കാറ്റ്
മേയ് 26നാണ് അതിശക്തമായ റിമാൽ ചുഴലിക്കാറ്റ് ബംഗാൾ തീരത്ത് നാശംവിതച്ചത്. പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും റിമാൽ കനത്ത നാശനഷ്ടങ്ങൾ വരുത്തിവച്ചു. മണിക്കൂറിൽ 135 കിലോമീറ്റർ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് തീരത്ത് ആഞ്ഞടിച്ചത്. വടക്കു കിഴക്കൻ മേഖലയിൽ ചുഴലിക്കാറ്റിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ അനന്തരഫലമായി ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 40 നടുത്ത് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.

പശ്ചിമ ബംഗാളിലെ സാഗർ ദ്വീപുകൾ, നാംഖാന, ഭാഖലി എന്നിവിടങ്ങളിലാണ് കാറ്റ് കൂടുതല്‍ നാശനഷ്ടം വിതച്ചത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ എട്ട് ലക്ഷത്തോളം പേരെ തീരദേശത്തിന് നിന്ന് മാറ്റി പാർപ്പിച്ചിരുന്നു. കടന്നുപോയ പ്രദേശങ്ങളിലെല്ലാം കനത്ത നാശനഷ്ടങ്ങൾ വരുത്തി കൊണ്ടായിരുന്നു റിമാലിന്റെ പ്രയാണം. ആയിരക്കണക്കിന് വീടുകൾ നഷ്ടപ്പെട്ടതോടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതവും പ്രതിസന്ധിയിലായി.
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്
നവംബർ 30നാണ് അതിശക്തമായ ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് പുതുച്ചേരി തീരം തൊട്ടത്. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കനത്ത വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും വിതച്ചുകൊണ്ടായിരുന്നു ഫെയ്ഞ്ചലിന്റെ കടന്നുവരവ്. ഇന്ത്യയിലും ശ്രീലങ്കയിലുമായി 37 പേരുടെ ജീവൻ ഫെയ്ഞ്ചൽ അപഹരിച്ചു. ചുഴലിക്കാറ്റിന്റെ ശക്തിയിൽ കിടപ്പാടം നഷ്ടപ്പെട്ടതോടെ നൂറുകണക്കിന് ആളുകളുടെ ജീവിതം ദുരിതത്തിലായി. ചുഴലിക്കാറ്റും ശക്തമായ മഴയും മൂലമുണ്ടായ വെള്ളപ്പൊക്കവും തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലാണ് വലിയ നാശംവിതച്ചത്. പതിനായിരക്കണക്കിന് ഹെക്ടർ കൃഷിയിടങ്ങളും നാമാവശേഷമായി.

ഹിമാചൽ പ്രദേശ് മിന്നൽപ്രളയം
ജൂൺ 27 നും ഓഗസ്റ്റ് 16നും ഇടയിൽ ഹിമാചൽപ്രദേശിൽ 51 മേഘ വിസ്ഫോടനങ്ങളും മിന്നൽ പ്രളയങ്ങളുമാണ് ഉണ്ടായത്. ഈ സംഭവങ്ങളെ തുടർന്ന് മുപ്പതിൽപരം ആളുകളുടെ ജീവൻ നഷ്ടമായി. 33 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 1140 കോടി രൂപയുടെ നാശനഷ്ടമാണ് ദുരന്തം വരുത്തിവച്ചത്. നൂറിനു മുകളിൽ വീടുകൾ പൂർണമായും നശിച്ചു. ഗതാഗത സൗകര്യങ്ങൾ തകർക്കപ്പെട്ടത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. ദുരന്തകാലയളവിൽ ഹിമാചലിൽ ഉണ്ടായ മേഘവിസ്ഫോടനങ്ങളുടെയും പ്രളയങ്ങളുടെയും ഉരുൾപൊട്ടലുകളുടെയും എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ അധികമാണെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ. ജലവൈദ്യുതി പദ്ധതികളെയും ദുരന്തം സാരമായി ബാധിച്ചിരുന്നു.
വിജയവാഡ പ്രളയം
ഓഗസ്റ്റ് 31നും സെപ്റ്റംബർ 9നും ഇടയിലാണ് വിജയവാഡ അതിഭീകരമായ പ്രളയത്തിന് ഇരയായത്. അതിശക്തമായ മഴയെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകിയതോടെ 45 മരണങ്ങൾ ഉണ്ടായി. 44000 ൽപരം ആളുകളാണ് മാറ്റിപ്പാർപ്പിക്കപ്പെട്ടത്. 270000 ആളുകളെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്. റോഡ് - റെയിൽ ഗതാഗതം ഏതാണ്ട് പൂർണമായി തടസ്സപ്പെട്ടു. വെള്ളപ്പൊക്ക നിവാരണ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത വെളിവാക്കി കൊണ്ടായിരുന്നു അപകടം നാശം വിതച്ചത്. ഏക്കർ കണക്കിന് കൃഷിയിടങ്ങളും തകർക്കപ്പെട്ടു.
അസം പ്രളയങ്ങൾ

മേയ് മാസം മുതൽ അസമിൽ നടമാടിയ പ്രളയങ്ങൾ ആകെ 117 പേരുടെ ജീവനാണ് അപഹരിച്ചത്. 1325 ഗ്രാമങ്ങളും 19 ജില്ലകളും വെള്ളത്തിനടിയിലായി. നാലുലക്ഷത്തിൽ പരം ആളുകളാണ് ദുരന്തത്തിന്റെ ഭീകരതയ്ക്ക് ഇരയായത്. 14000 ആളുകൾക്ക് വീടുകൾ നഷ്ടമായി. മനുഷ്യർക്ക് മാത്രമല്ല വന്യജീവി സമ്പത്തിനും കനത്ത നാശനഷ്ടം വിതച്ചു കൊണ്ടായിരുന്നു പ്രളയം ആസാമിനെ കീഴ്പ്പെടുത്തിയത്. ഇരുനൂറിനടുത്ത് വന്യജീവികളുടെ ജീവൻ നഷ്ടമായി. കാസിരംഗ ദേശീയോദ്യാനത്തിലെ കാണ്ടാമൃഗങ്ങൾ, മാനുകൾ എന്നിവയടക്കം പ്രളയത്തിനിരയായവയിൽ ഉൾപ്പെടുന്നു.
അപ്രതീക്ഷിതമായ പ്രകൃതി ദുരന്തങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷത വെളിവാക്കിക്കൊണ്ടാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും പിടിമുറുക്കുന്നത്. ഇന്ത്യയിലെ കാര്യമെടുത്താൽ ദുരന്തനിവാരണ സംവിധാനങ്ങൾ എത്രത്തോളം മെച്ചപ്പെടാനുണ്ടെന്നതിന്റെ ഓർമ്മപ്പെടുത്തലായി ഈ ദുരന്തങ്ങൾ മാറി. സുസ്ഥിരതയിൽ ഊന്നിയ വികസന പ്രവർത്തനങ്ങൾ, കെട്ടിട നിർമാണത്തിലെ ഗുണനിലവാരം എന്നിവ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കു കൂടി ഈ വിപരീത സംഭവങ്ങൾ വിരൽ ചൂണ്ടുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തികൊണ്ട് അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കേണ്ടത് ജനങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും ജീവന്റെ സംരക്ഷണത്തിന് എത്രത്തോളം പ്രധാനമാണെന്നും ഈ സംഭവങ്ങൾ എടുത്തു കാട്ടുന്നു.
