കേരളതീരത്തെ വിഴുങ്ങിയ രാക്ഷസത്തിര; മരിച്ചുവെന്ന് ഉറപ്പിച്ച മറിയാമ്മ തിരിച്ചുവന്നു: മറക്കുമോ ആ ദിനം...

Mail This Article
2004 ഡിസംബർ 26. ഇന്തൊനീഷ്യയിലെ സുമാത്ര പ്രഭവകേന്ദ്രമായി ആഞ്ഞടിച്ച സൂനാമി കേരളതീരത്തെയും വിഴുങ്ങിയിരുന്നു. ഇന്തൊനീഷ്യയിൽ ആഞ്ഞടിച്ചതിനു ശേഷം ഏതാണ്ട് 2 മണിക്കൂറിനകം ഇന്ത്യൻ തീരത്തേക്ക് എത്തുകയായിരുന്നു. കേരളത്തിൽ 236 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഏറ്റവുമധികം മരണവും നാശവുമുണ്ടായത്. ആലപ്പാട് മുതൽ അഴീക്കൽ വരെ 8 കിലോമീറ്റർ തീരം കടലെടുത്തു. മൂവായിരത്തിലേറെ വീടുകൾ തകർന്നു.

തിര കൊണ്ടുപോയി, തിരിച്ചെത്തി
സൂനാമി തിരയിൽപ്പെട്ട് മരിച്ചുവെന്ന് കരുതിയെങ്കിലും മറിയാമ്മ ക്ലീറ്റസ് തിരിച്ചെത്തുകയായിരുന്നു. സൂനാമി സമയത്ത് ആലപ്പുഴയിലെ അന്ധകാരനഴി അഴിമുഖത്ത് മത്സ്യം ഉണക്കുന്നവർക്കൊപ്പം മറിയാമ്മ ക്ലീറ്റസും ഉണ്ടായിരുന്നു. കടൽ പിൻവാങ്ങുന്ന അപൂർവ കാഴ്ചയാണു കടലോരത്തു കണ്ടത്. പക്ഷേ കൗതുകം മാറും മുൻപേ ചെറുതിരമാലകൾ അടിച്ചുകയറി. വേലിയേറ്റ, വേലിയിറക്ക സമയമായതിനാൽ ആദ്യമാരും വകവച്ചില്ല. പിന്നീടു തിരകൾ ഉള്ളിലേക്കു വലിഞ്ഞു കര തെളിഞ്ഞു. കടലിന്റെ അടിത്തട്ടു കാണാൻ എല്ലാവരും നിൽക്കുമ്പോഴാണ് ഏകദേശം 20 മിനിറ്റിനു ശേഷം കൂറ്റൻ തിരകൾ ഉയർന്നു പൊങ്ങിയത്. തിരയിൽ ഒഴുകിപ്പോയ മറിയാമ്മയെ ഒരു മണിക്കൂറിനു ശേഷം ചെളിയും മണലുമടിഞ്ഞ നിലയിൽ സ്പിൽവേയ്ക്കു സമീപമാണ് കണ്ടെത്തിയത്. ദുരന്തവാർത്തയറിഞ്ഞ് ഭർത്താവ് ക്ലീറ്റസും ബന്ധുക്കളും അഴിമുഖത്ത് എത്തി. ആരോ ഒരാൾ കണ്ടെന്നു പറഞ്ഞത് അനുസരിച്ച് നടത്തിയ തിരച്ചിലിലാണ് മറിയാമ്മയെ കണ്ടെത്തിയത്. വള്ളത്തിൽ കരയ്ക്കെത്തിച്ചെങ്കിലും വാഹനങ്ങൾ അടുത്തില്ലായിരുന്നു. അര കിലോമീറ്ററോളം ചുമന്ന് ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. മരിച്ചെന്നുറപ്പിച്ച ഡോക്ടരമാർ റിപ്പോർട്ട് തയാറാക്കാൻ ഒരുങ്ങുമ്പോഴാണ് മറിയാമ്മ ചെറുതായി അനങ്ങിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ച് ശ്വാസകോശത്തിലെ ചെളിയും മണലും നീക്കി. നീണ്ട കാലത്തെ ചികിത്സയ്ക്ക് ശേഷം അവർ ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
കാക്കരിയിൽ മേരി ജോൺ, മേരി സേവ്യർ ചാരങ്കാട്ട്, ക്ലമന്റിന സേവ്യർ അരേശേരി എന്നിവരാണു മറിയാമ്മയുടെ സമീപത്തു ജീവൻ നഷ്ടപ്പെട്ടത്.
ഇന്തൊനീഷ്യയിൽ മരണം 1.65 ലക്ഷം
14 രാജ്യങ്ങളിലായി 2.27 ലക്ഷം പേരാണ് സൂനാമിയിൽ മരിച്ചത്. ഇന്തൊനീഷ്യ (1.65 ലക്ഷം), ശ്രീലങ്ക (35,000), ഇന്ത്യ (10,000) എന്നിവിടങ്ങളിലായിരുന്നു കൂടുതൽ മരണം.
ഇന്ത്യയിൽ കൂടുതൽ പേർ മരിച്ചത് ആൻഡമാൻ നിക്കോബാറിലാണ് (7,000). കേരളത്തിലെ 190 തീരദേശഗ്രാമങ്ങൾ നശിച്ചു. 17,381 വീടുകൾ തകർന്നു. 6 ജില്ലകളിലെ 4 ലക്ഷം കുടുംബങ്ങളെയാണ് സൂനാമി ബാധിച്ചത്.

കണ്ണീരായി കന്യാകുമാരി
കന്യാകുമാരി ജില്ലയിൽ മണക്കുടി, ശൊത്തവിള, കുളച്ചൽ, കൊട്ടിൽപ്പാട് ഉൾപ്പെടെയുള്ള ഗ്രാമങ്ങളെയാണ് സുനാമി തിരകൾ വിഴുങ്ങിയത്. ജില്ലയിൽ സ്ത്രീകളും കുട്ടികളുമടക്കം എണ്ണൂറോളം പേരുടെ ജീവൻ പൊലിഞ്ഞു. കുളച്ചൽ കൊട്ടിൽപ്പാടിൽ മാത്രം കുട്ടികളും സ്ത്രീകളുമടക്കം 199 പേരാണ് ദുരന്തത്തിൽ മരിച്ചത്. കുളച്ചൽ കാണിക്കമാതാ ദേവാലയവളപ്പിൽ 414 പേരുടെ മൃതദേഹങ്ങൾ ഒരുമിച്ച് അടക്കുകയായിരുന്നു.