ചുറ്റുമുള്ളതൊന്നും കാണാൻ വയ്യ, ഉത്തരേന്ത്യയിൽ ശൈത്യം പിടിമുറുക്കി; വടക്കുപടിഞ്ഞാറൻ കാറ്റ് എത്തുന്നു

Mail This Article
ഉത്തരേന്ത്യയിൽ ശീതതരംഗം പിടിമുറുക്കിയിരിക്കുകയാണ്. ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കനത്ത മഞ്ഞുവീഴ്ചയാണെങ്കിൽ ബിഹാർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ജാർഖണ്ഡ്, സിക്കിം, ഒഡിഷ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞാണ്. കാഴ്ചപരിധി കുറയുന്നത് ജനജീവിതത്തെയും യാത്രക്കാരെയും വലയ്ക്കുകയാണ്. എതിരെ വരുന്ന വാഹനങ്ങൾ കാണാനാകാതെ നിരവധി അപകടങ്ങൾ ഉണ്ടാകുന്നു.
ബുധനാഴ്ച രാവിലെ ഡൽഹിയിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസ് ആണ്. വരുംദിവസങ്ങളിൽ ഇതിലും താഴെയാകുമെന്ന് കാലാവസ്ഥാ കേന്ദ്രം വിലയിരുത്തുന്നു. തണുത്ത മൂടൽമഞ്ഞ് കാഴ്ചപരിധി കുറച്ചതോടെ യാത്രക്കാരെയും ബാധിച്ചു. നിരവധി ട്രെയിനുകളും വിമാനങ്ങളും വൈകിയോടുകയാണ്. വായുനിലവാരവും മോശം അവസ്ഥയിലാണ്. കഴിഞ്ഞ ദിവസങ്ങൾ നേരിയ മഴ ലഭിച്ചത് ആശ്വാസമായിരുന്നു.
ജനുവരി 10 മുതൽ 12 വരെ വടക്കുപടിഞ്ഞാറൻ കാറ്റ് ഉണ്ടാകുമെന്ന് കരുതുന്നു. ഇതിന്റെ സ്വാധീനത്തിൽ, പശ്ചിമ ഹിമാലയൻ മേഖലകളിൽ മഴയോ മഞ്ഞോ ഉണ്ടാകാൻ സാധ്യതയുണ്ട്. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന തുടങ്ങിയ സമതലങ്ങളിൽ ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.