ചുറ്റിലും തീ, കൈയിൽ കിട്ടിയതുമെടുത്ത് യുവാക്കൾ ഓടി; തിരിച്ചെത്തിയപ്പോൾ വീടില്ല!
Mail This Article
ലൊസാഞ്ചലസിൽ പടർന്ന കാട്ടുതീ ജനജീവിതം ഒന്നാകെ താളംതെറ്റിച്ചിരിക്കുകയാണ്. കാട്ടുതീയിൽ നിന്നും രക്ഷനേടാൻ കൈയിൽ കിട്ടുന്നതുമെടുത്ത് ആളുകൾ ഓടിരക്ഷപ്പെടുകയാണ്. രണ്ട് വശത്തും കാട്ടുതീ പടർന്നുപിടിക്കുമ്പോൾ റോഡ് പോലും കാണാത്ത അവസ്ഥയാണ്. എന്നിട്ടും ആളുകൾ വാഹനമോടിച്ച് അവിടെനിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. ഭീതിജനകമായ നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഒരു ദൃശ്യം നെഞ്ചുലയ്ക്കുന്ന ഒന്നായിരുന്നു. രാത്രിയിൽ വീടുവിട്ടിറങ്ങിയ ആൾ രാവിലെ വന്ന് നോക്കുമ്പോൾ വീടില്ല. പകരം വെറും ചാരം മാത്രം!
ലൊസാഞ്ചലസിൽ നിന്ന് ടാനർ ചാൾസ് യുവാവ് ആണ് വിഡിയോ പങ്കുവച്ചത്. ഗ്രാമീണപ്രദേശത്തുള്ള അദ്ദേഹത്തിന്റെ സുഹൃത്ത് ഓർലി ലിസ്റ്റൻസിന്റെ വീടാണ് കത്തിചാമ്പലായത്. പ്രദേശത്ത് കാട്ടുതീ പടർന്നപ്പോൾ ചാൾസും സുഹൃത്തും വീട്ടിലുണ്ടായിരുന്നു. സ്ഥിതി വഷളാകുമെന്ന് കണ്ടതോടെ അവശ്യസാധനങ്ങൾ മാത്രമെടുത്ത് വീടുവിട്ടിറങ്ങുകയായിരുന്നു. ഈ സമയം വീടിനടുത്തുള്ള ചെടികളും മരങ്ങളുമെല്ലാം കത്തിനശിക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ അദ്ദേഹം വീട് നോക്കാനായി ഇറങ്ങി. എന്നാൽ വീടുനിന്നിടത്ത് വെറും ചാരം മാത്രമാണ് കണ്ടത്. രണ്ടു വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ആളുകൾ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലൊസാഞ്ചലസിൽ കാട്ടുതീ പടർന്നത്. ഇതുവരെ 5 പേരാണ് വെന്തുമരിച്ചത്. നൂറുകണക്കിന് വീടുകൾ പൂർണമായും അഗ്നിക്കിരയായി. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.