പസിഫിക് സമുദ്രത്തിൽ ലാ നിനാ തുടങ്ങി; ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും
Mail This Article
ലാ നിനാ പ്രതിഭാസം ദുർബലാവസ്ഥയിൽ പസിഫിക് സമുദ്രത്തിൽ രൂപമെടുത്തെന്നു കാലാവസ്ഥാ ഗവേഷകർ അറിയിച്ചു. 2 മാസം വൈകിയെത്തിയ ലാ നിനാ ഇന്ത്യയിലെ കാലാവസ്ഥയെ വലിയ തോതിൽ ബാധിക്കില്ല.
മുൻപ് നവംബർ മാസത്തിൽ ലാ നിനാ രൂപമെടുക്കുമെന്നു ലോക കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ മഴക്കാലം കഴിഞ്ഞശേഷമാണ് എത്തുന്നത്. ചെറിയ തോതിലുള്ള തണുപ്പ് മാത്രമേ ലാ നിനാ കൊണ്ടുവരുന്നുള്ളു. സാധാരണ താപനിലയിലും 0.5 മുതൽ ഒരു ഡിഗ്രി സെൽഷ്യസിന്റെ കുറവു മാത്രമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ കാലാവസ്ഥയെ ഇത് കാര്യമായി ബാധിക്കില്ല.
എന്താണ് ലാ നിനാ
ഭൂമധ്യരേഖാ പ്രദേശത്തു പസിഫിക് സമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്നതാണ് ലാ നിനാ പ്രതിഭാസം. ശൈത്യകാലത്ത് വേനൽക്കാലമെന്നപോലെ ചൂട് അനുഭവപ്പെടുക, മഴക്കാലത്ത് വലിയതോതിൽ മഴ പെയ്യുക, മഞ്ഞുവീഴ്ച അതിതീവ്രമാകുക തുടങ്ങിയ പ്രതിസന്ധികളാണു ലാ നിനാ ഉണ്ടാക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിനെത്തുടർന്ന് കേരളത്തിൽ ജനുവരി 13, 14 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.