ADVERTISEMENT

യുഎസിലെ ലൊസാഞ്ചലസിൽ പടരുന്ന കാട്ടുതീയുടെ വ്യാപനം വരുംദിവസങ്ങളിൽ തീവ്രമാകുമെന്ന് കലിഫോർണിയയിലെ കാലാവസ്ഥ വിദഗ്ധർ. സാന്റ അനാ (ഡെവിൾ വിന്‍ഡ്) എന്ന വരണ്ട കാറ്റിന്റെ ശാന്തസ്വഭാവം മാറുമെന്നും ഇത് കൂടുതൽ നാശം വിതയ്ക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. 120 കി.മീ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുള്ളതായി റിപ്പോർട്ടുണ്ട്. നിലവിൽ പലയിടങ്ങളിലും തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ കാറ്റിന്റെ ശക്തി കൂടുമ്പോൾ കാട്ടുതീയുടെ വ്യാപനം നിയന്ത്രിക്കുകയെന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്ന് സേനാംഗങ്ങൾ കരുതുന്നു. മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലെ അഗ്നിശമന സേനാംഗങ്ങളും ദൗത്യത്തിൽ പങ്കാളികളാണ്. 

ചൊവ്വാഴ്ച ആരംഭിച്ച 6 കാട്ടുതീകളാണു ലൊസാഞ്ചലസ് കൗണ്ടിയിലുടനീളം പടർന്നുപിടിച്ചത്. ഇതുവരെ 24 പേർ മരിച്ചതായി ലൊസാഞ്ചൽസിലെ കൗണ്ടി മെഡിക്കൽ എക്സാമിനർ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ട ഈറ്റൺ ഫയർസോണിൽ 16 പേരും പാലിസേഡ്സിൽ 8 പേരുമാണ് കൊല്ലപ്പെട്ടത്. ഇതുവരെ 16 പേരെ കാണാതായിട്ടുണ്ടെന്നും വിവരമുണ്ട്. പാലിസേഡ്സിൽ 23,600 ഏക്കറാണ് തീ വിഴുങ്ങിയത്. ഈറ്റൺ ഫയർ സോണിൽ 14,000 ഏക്കറിലും തീ വ്യാപിച്ചു. കലിഫോർണിയയിലെ സാൻ ഫെർണാഡോയിൽ ഫയർ ടൊർണാഡോ കണ്ടതായി റിപ്പോർട്ടുകളുണ്ട്. തീവ്രമായ ചൂടും കാറ്റും കൂടിച്ചേർന്ന് രൂപപ്പെടുന്ന ചുഴലിയെയാണ് ഫയർ ടൊർണാഡോ എന്ന് പറയുന്നത്.

അമേരിക്കൻ ഗായിക ലെയ്റ്റൻ മീസ്റ്ററും നടൻ ബ്രോഡിയുടെ പസിഫിക് പാലിസേഡ്സിലുള്ള വീട് കാട്ടുതീയിൽ നശിച്ചപ്പോൾ. (Photo: X/@21metgala)
അമേരിക്കൻ ഗായിക ലെയ്റ്റൻ മീസ്റ്ററിന്റെയും നടൻ ബ്രോഡിയുടെയും പസിഫിക് പാലിസേഡ്സിലുള്ള വീട് കാട്ടുതീയിൽ നശിച്ചപ്പോൾ. (Photo: X/@21metgala)

ഹോളിവുഡ് താരങ്ങൾ വസിക്കുന്ന മേഖലകളിൽ തീ പടർന്നെങ്കിലും വൈകാതെ തന്നെ അണയ്ക്കാനായി. ഹോളിവുഡ് ഹിൽസിൽ തീ പടരുന്നതും വിഖ്യാതമായ ഹോളിവുഡ് എന്ന ബോർഡ് നശിക്കുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ അത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഹോളിവുഡ് ഹിൽ എന്നുള്ളത് നിരവധി മലനിരകൾ കൂടി ചേർന്നതാണെന്നും അവിടെയുള്ളവർ പറയുന്നു. വിനോദസഞ്ചാരികൾ എത്തുന്ന ഹോളിവുഡ് ഹിൽസിന്റെ മുൻപിൽ നിന്നുകൊണ്ട് മലയാളികൾ ഉൾപ്പെടെയുള്ളവർ ഇവിടെ പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കലിഫോർണിയയിലെ വിവിധ ഭാഗങ്ങളിൽ തീ നിയന്ത്രിച്ചതിന്റെ വിവരങ്ങൾ ഗവർണർ ഗാവിൻ ക്രിസ്റ്റഫർ‌ ന്യൂസം അറിയിച്ചു.

ഇതുവരെ 12,000ത്തോളം വീടുകളും കെട്ടിടങ്ങളും പൂർണമായും ഭാഗികമായും തകർന്നിട്ടുണ്ട്. നിരവധി വീടുകൾ ആളിക്കത്തുന്നതും അവിടെനിന്നും ജനങ്ങൾ ഓടിരക്ഷപ്പെടുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 300 കോടി വിലയുള്ള ആഡംബര മാളിക ആളിക്കത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

ലൊസാഞ്ചലസിലെ തീപിടിത്തം (Photo: X/@only_ithought)
ലൊസാഞ്ചലസിലെ തീപിടിത്തം (Photo: X/@only_ithought)
(Photo:X/@UnityNewsNet)
(Photo:X/@UnityNewsNet)

യുഎസ് ആസ്ഥാനമായുള്ള പ്രശസ്തമായ റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമായ സില്ലോയിൽ ഈ ബംഗ്ലാവ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. പാലിസേഡ്സിലെ തീ മാൻഡെവില്ലെ കാന്യൻ, ഹോളിവുഡ് സെലിബ്രിറ്റികൾ താമസിക്കുന്ന ബ്രെന്റ്‌വുഡ് എന്നിവിടങ്ങളിലും കനത്ത നാശമുണ്ടാക്കി. ദേശീയപാത–405ന് അടുത്തേക്കും തീ എത്തി. 1.53 ലക്ഷത്തിലേറെ പ്രദേശവാസികളെ ഒഴിപ്പിച്ചു. 57,000 കെട്ടിടങ്ങൾക്ക് ഒഴിപ്പിക്കൽ ഉത്തരവ് കൈമാറി. 1.66 ലക്ഷം ജനങ്ങളും ഒഴിപ്പിക്കൽ ഭീഷണിയിലാണ്. അരലക്ഷത്തോളം ജനങ്ങൾ വൈദ്യുതിയില്ലാതെയാണു കഴിയുന്നത്.

English Summary:

Los Angeles Wildfires: Death Toll Rises, Thousands Evacuated Amid Santa Ana Winds

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com