ബ്രിട്ടനെ വിറപ്പിക്കാൻ എയോവിൻ കൊടുങ്കാറ്റ്; ലെവൽ 2 അലർട്ട്: ബ്രിസ്റ്റോള്‍ മുതല്‍ ലണ്ടന്‍ വരെ അപകടത്തിൽ

Mail This Article
യുകെയെ വിറപ്പിക്കാൻ എയോവിൻ കൊടുങ്കാറ്റ് എത്തുന്നു. യുകെയുടെ ചില ഭാഗങ്ങളിൽ വളരെ ശക്തമായ കാറ്റിനുള്ള അപൂർവ റെഡ് അലർട്ട് ആയ ലെവല്‍ 2 അലര്‍ട്ടാണ് യൂറോപ്യന്‍ സ്റ്റോം ഫോര്‍കാസ്റ്റ് എക്സ്പരിമെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ബ്രിസ്റ്റോള്‍ മുതല്‍ ലണ്ടന്‍ വരെ ഈ അപകടം നേരിടേണ്ടി വരുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നൽകുന്നു.
എയോവിൻ കൊടുങ്കാറ്റ് വെള്ളി, ശനി ദിവസങ്ങളിലായി രാജ്യത്തെ വിവിധയിടങ്ങളിലായി വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ വടക്കൻ അയർലൻഡ് മുഴുവനും, രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ സ്കോട്ട്ലൻഡിന്റെ ചില ഭാഗങ്ങളിലും വളരെ അപകടകരമായ സാഹചര്യങ്ങൾ ഉണ്ടാകുമെന്നും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. 100 വര്‍ഷത്തില്‍ ഒരിക്കല്‍ നേരിടുന്ന കൊടുങ്കാറ്റായി എയോവിന്‍ മാറാനുള്ള സാധ്യതകളാണ് ഉള്ളത്.
വെള്ളിയാഴ്ച മണിക്കൂറിൽ 90 മൈൽ വരെ വേഗത്തിൽ കാറ്റു വീശുമെന്നാണ് മുന്നറിയിപ്പ്. അയര്‍ലൻഡിലെ തീരപ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത 125 മൈല്‍ വരെ എത്തിയേക്കാം. കാറ്റിന്റെ വേഗത ഉയരുന്നതിനാല്‍ ജീവന് അങ്ങേയറ്റം അപകട സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസ് മുന്നറിയിപ്പ് നൽകി. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം ഒരു സ്ഫോടനാത്മകമായ സൈക്ലോജെനിസിസ് അഥവാ കാലാവസ്ഥാ ബോംബിന് തന്നെ കാരണമാകുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
നോർത്തേൺ അയർലൻഡ്, നോർത്തേൺ ഇംഗ്ലണ്ട്, നോർത്ത് ഈസ്റ്റ് വെയിൽസ്, സൗത്ത് വെസ്റ്റ് സ്കോട്ട്ലൻഡ്, എന്നിവിടങ്ങളിലാണ് കാറ്റ് കൂടുതൽ നാശം വിതയ്ക്കാൻ സാധ്യത. ഇംഗ്ലണ്ടിന്റെ തെക്കൻ തീരം, തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ, വെൽഷ് തീരത്തിന്റെ ഭൂരിഭാഗം ഇടങ്ങളിലും ചില തീരദേശ പാതകളിലും കടൽത്തീരങ്ങളിലും ഉയർന്ന തിരമാലകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാറ്റിനൊപ്പം കനത്ത മഴയും മൂടൽ മഞ്ഞും പല സ്ഥലങ്ങളിലും ഉണ്ടായേക്കുമെന്നാണ് പ്രവചനം. .