രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ജലക്ഷാമം രൂക്ഷമാകും; കാത്തിരിക്കുന്നത് ഗുരുതര പ്രതിസന്ധികൾ

Mail This Article
അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യ ഉൾപ്പടെ ലോകത്തെ പല രാജ്യങ്ങളിലും ജലക്ഷാമം രൂക്ഷമാകുമെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ മുന്നറിയിപ്പ്. മെക്സിക്കോ, മൊറോക്കോ, ടുണീഷ്യ, ഉസ്ബക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും കടുത്ത ജലക്ഷാമം നേരിടേണ്ടി വരും. പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം തുടങ്ങിയ കാര്യങ്ങളാണ് ജലക്ഷാമത്തിലേക്കു എത്തിക്കുന്നത്. 2024 ൽ ജലക്ഷാമം കൂടുതലുള്ള രാജ്യങ്ങളുടെ എണ്ണം 7 ആയിരുന്നുവെങ്കിൽ 2025 ആയപ്പോഴേക്കും അത് 27 ആയി ഉയർന്നു.
സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ പ്രധാന വാർഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ റിപ്പോർട്ടിലാണ് ജലക്ഷാമം രൂക്ഷമായിട്ടുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ജലക്ഷാമം പരിഹരിക്കാൻ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ജലലഭ്യത കുറവ് പ്രാദേശികതലത്തിലും ആഗോള തലത്തിലും ഗുരുതരമായ പ്രതിസന്ധികൾ സൃഷ്ടിക്കും.

ഇന്ത്യയെ ബാധിക്കുന്ന മറ്റൊരു പാരിസ്ഥിതിക പ്രശ്നം മലിനീകരണമാണ്. മണ്ണ്, വായു, ജല മലിനീകരണം രാജ്യത്ത് ഏറ്റവും ഉയർന്ന തോതിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വായു മലിനീകരണം ശരാശരി ആയുർദൈർഘ്യം ഏകദേശം 3.6 വർഷം കുറയ്ക്കുന്നുവെന്ന് ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (EPIC) പുറത്തിറക്കിയ ഏറ്റവും പുതിയ എയർ ക്വാളിറ്റി ലൈഫ് ഇൻഡക്സ് വ്യക്തമാക്കുന്നു. ഇത് സാമ്പത്തിക വളർച്ചയെയും ബാധിക്കും. ആഗോള തലത്തിലും മലിനീകരണത്തിന്റെ തീവ്രത വർധിച്ചു വരികയാണ്. മലിനീകരണ തോത് ഏറ്റവും അപകടകരമായി നിൽക്കുന്ന രാജ്യങ്ങളുടെ എണ്ണം 2024 ൽ 6 ആയിരുന്നുവെങ്കിൽ 2025 ൽ അത് 13 രാജ്യങ്ങളായി വർധിച്ചു. ഇതിൽ ദക്ഷിണേഷ്യയിലെ ബംഗ്ലദേശും നേപ്പാളും അപകടസാധ്യത പട്ടികയിൽപ്പെടുന്നു. ഘാനയിലും മംഗോളിയയിലും അടുത്ത രണ്ടു വർഷത്തിനകം മലിനീകരണം ഗുരുതരമായ അവസ്ഥയിൽ എത്തുമെന്നും റിപ്പോർട്ട് ഉണ്ട്.
വരും വർഷങ്ങളിൽ ലോകം നേരിടാൻ പോകുന്ന ഏറ്റവും ഗുരുതര പ്രശ്നമാണ് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പരിസ്ഥിതി ദുരന്തങ്ങൾ. അടിയന്തര അപകട സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടുന്നില്ലെങ്കിലും തീവ്രമായ പരിസ്ഥിതി ദുരന്തങ്ങൾ ഇന്ത്യയിൽ പതിവായിട്ടുണ്ടെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിന്റെ ഏറ്റവും പുതിയ വാർഷിക വിലയിരുത്തലിൽ ചൂണ്ടിക്കാണിക്കുന്നു.