രക്ഷാദൗത്യത്തെ ദുഷ്കരമാക്കും മഞ്ഞുവീഴ്ച; 2021ൽ മലയിടിഞ്ഞ് പൊലിഞ്ഞത് നിരവധി ജീവനുകൾ

Mail This Article
ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ കുടുങ്ങിയ നിർമാണ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കനത്ത മഴയും മഞ്ഞുവീഴ്ചയും തടസ്സമാകുന്നുണ്ടെങ്കിലും പരമാവധി വേഗത്തിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി ദൗത്യം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഇന്തോ–ടിബറ്റ് ബോർഡർ (ഐടിബി) പൊലീസും സൈന്യവും.

അപകടത്തിൽപ്പെട്ട 57 പേരിൽ ഇനി രക്ഷിക്കാനുള്ളത് 9 പേരെയാണ്. രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതില്‍ നടക്കുകയാണെന്നും എല്ലാവരെയും ഉടന്‍ തന്നെ രക്ഷപ്പെടുത്താനാകുമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചിട്ടുണ്ട്.
മഞ്ഞും മഴയും കാരണം ഹിമാചലിലെ ജനജീവിതം താളംതെറ്റിയ അവസ്ഥയിലാണ്. 583 റോഡുകൾ തടസ്സപ്പെട്ടതിനാൽ ഗതാഗതം നിലച്ചു. 2263 ട്രാൻസ്ഫോർമറുകൾ (DTR) പ്രവർത്തനരഹിതമായതുകൊണ്ട് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ജല അതോറിറ്റിയുടെ കണക്കുപ്രകാരം, വെള്ളിയാഴ്ച വരെ 279 ജലവിതരണ പദ്ധതികള്‍ തടസ്സപ്പെട്ടു. ഇതുമൂലം നിരവധി പ്രദേശങ്ങളിൽ ജലക്ഷാമം അനുഭവപ്പെട്ടു.

2021ലുണ്ടായ ദാരുണ സംഭവം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളെല്ലാം ഉത്തരാഖണ്ഡ് എടുത്തുകഴിഞ്ഞു. നദികളുടെയും പുഴകളുടെയും സമീപത്തുള്ളവരെ മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനും ഭരണകൂടം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കാനും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
2021 ഫെബ്രുവരി 28ന് ഇതേ ചമോലിയിൽ തന്നെയായിരുന്നു മഞ്ഞിടിച്ചിൽ സംഭവിച്ചത്. നന്ദാദേവി മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്ന് ദൗലി ഗംഗ നദിയിൽ വെള്ളപ്പൊക്കമുണ്ടാവുകയും നിരവധി ആളുകൾ മരണപ്പെടുകയും വ്യാപകമായി നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. പിച്ചു, തപോവൻ-വിഷ്‌ണുഗഡ് ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്‌തിരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികളെ കാണാതായി. മരിച്ചവരുടെ കുടുംബത്തിന് വിവിധ വകുപ്പുകൾ ചേർന്ന് 29 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകിയത്.