ADVERTISEMENT

സുഖകരവും മിതമായതുമായ കാലാവസ്ഥയ്ക്ക് പേരുകേട്ട നഗരമായ ബെംഗളൂരു ഈ വർഷം അത്ര ‘കൂളാ’കില്ലെന്ന് മുന്നറിയിപ്പ്. നിലവിൽ ഡൽഹിയിലെ പകൽസമയത്തെ ചൂടിനെപ്പോലും മറികടക്കുന്ന താപനിലയാണ് അനുഭവപ്പെടുന്നത്. ഡൽഹിയേക്കാൾ ഏകദേശം 9 ഡിഗ്രി താപനില ഉയർന്നു. ഫെബ്രുവരിയിൽ 35.9 ‌ഡിഗ്രിക്കു മുകളിലായിരുന്നു ബെംഗളൂരുവിലെ താപനില. ഡൽഹിയിൽ 27 ഡിഗ്രി സെൽഷ്യസും. 2025-ൽ ബെംഗളൂരു ഡൽഹിയേക്കാൾ ചൂടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പും (ഐഎംഡി) മുന്നറിയിപ്പ് നൽകി. 

വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട ഒരു നഗരത്തിന് ഈ മാറ്റം അസാധാരണമാണ്. ബെംഗളൂരുവിൽ താപനിലയിൽ ദ്രുതഗതിയിലുള്ള വർധനവാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. സാധാരണയായി ഇവിടെ വേനൽക്കാലം മാർച്ച് ആദ്യം ആരംഭിക്കും, എന്നാൽ ഈ വർഷം ഫെബ്രുവരി പകുതിയോടെ തന്നെ ഉഷ്ണതരംഗങ്ങൾ എത്തി. 2025 ഫെബ്രുവരിയിൽ 2024 ഫെബ്രുവരിയേക്കാൾ 2.7 ഡിഗ്രി സെൽഷ്യസ്‍ അധിക ചൂടാണ് അനുഭവപ്പെടുന്നതെന്ന് ഐഎംഡിയുടെ കണക്കുകൾ പറയുന്നു. കുത്തനെയുള്ള ചൂടിന്റെ ഈ വർധനവ് കാലാവസ്ഥാ രീതികൾ മാറുന്നതിന്‍റെ വ്യക്തമായ സൂചനയാണ്.

തണുപ്പിൽ നിന്നും രക്ഷനേടി തീകായുന്നവർ. ഡൽഹി തെരുവിൽ നിന്നുള്ള ഫയൽ ചിത്രം. PTI Photo/Arun Sharma
തണുപ്പിൽ നിന്നും രക്ഷനേടി തീകായുന്നവർ. ഡൽഹി തെരുവിൽ നിന്നുള്ള ഫയൽ ചിത്രം. PTI Photo/Arun Sharma

ഈ വർഷം ബെംഗളൂരുവിൽ ചൂട് കൂടുതലായിരിക്കുമെന്ന് ഐഎംഡി ബെംഗളൂരു ഡയറക്ടർ സിഎസ് പാട്ടീൽ മുന്നറിയിപ്പ് നൽകി. കലബുറഗി പോലുള്ള ജില്ലകളിലെ ഉഷ്ണതരംഗ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല’– അദ്ദേഹം വ്യക്തമാക്കി.

ചൂട് കൂടാനുളള കാരണങ്ങൾ

ഐഎംഡിയുടെ കണക്കനുസരിച്ച്, ബെംഗളൂരുവിന്‍റെ താപനില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് വടക്കൻ കാറ്റിന്‍റെ അഭാവമാണ്. ഈ കാറ്റുകൾ സാധാരണയായി തണുത്ത താപനില നിലനിർത്താൻ സഹായിക്കുന്നു. പക്ഷേ ഈ സീസണിൽ അവ ഗണ്യമായി ഇല്ലാതായിരിക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന ലാ നിന പ്രതിഭാസം ബെംഗളൂരുവിന്‍റെ കാലാവസ്ഥയെ സ്വാധീനിക്കുന്നു. ഭൂമധ്യരേഖാ പസഫിക്കിലെ സമുദ്രത്തെ തണുപ്പിക്കാൻ കാരണമാകുന്ന ലാ നിന, ബെംഗളൂരു ഉൾപ്പെടെയുള്ള ആഗോള കാലാവസ്ഥാ രീതികളിൽ വലിയ സ്വാധീനം ചെലുത്തുന്നു.

ഡൽഹിയിലെ കടുത്ത ചൂടിൽ നിന്നും രക്ഷനേടുന്ന കുട്ടികൾ. (ഫയൽ ചിത്രം) AP Photo/Altaf Qadri
ഡൽഹിയിലെ കടുത്ത ചൂടിൽ നിന്നും രക്ഷനേടുന്ന കുട്ടികൾ. (ഫയൽ ചിത്രം) AP Photo/Altaf Qadri

ഉഷ്ണതരംഗം ഉണ്ടാകാനുളള സാധ്യതയുണ്ടോ?

കർണാടകയുടെ വടക്കൻ, തീരദേശ മേഖലകളെ ഉഷ്ണതരംഗം ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബെംഗളൂരു ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലും ഉൾനാടൻ ജില്ലകളിലും താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, നഗരത്തിൽ ഉഷ്ണതരംഗത്തിന് ഉടനടി ഭീഷണിയില്ല. എന്നിരുന്നാലും, കുതിച്ചുയരുന്ന താപനില ജലക്ഷാമം, ചൂടുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവയെക്കുറിച്ചുളള ആശങ്കയ്ക്ക് കാരണമാകുന്നു. കാരണം ബെംഗളൂരുവിന്‍റെ പതിവ് കാലാവസ്ഥാ രീതികളിൽ നിന്ന് വ്യതിചലിച്ചു കൊണ്ടാണ് കാലാവസ്ഥ മുന്നോട്ട് പോകുന്നത്.

കർണാടകയിലെ വടക്കൻ ഉൾനാടൻ ജില്ലകളായ ബാഗൽകോട്ട്, ധാർവാഡ്, ഗദഗ്, കലബുറഗി എന്നിവിടങ്ങളിൽ സാധാരണയിലും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. അതുപോലെ, തെക്കൻ ഉൾനാടൻ കർണാടകയിൽ, ബെംഗളൂരു, ചിത്രദുർഗ, ദാവൻഗരെ, ചിന്താമണി, മാണ്ഡ്യ, മൈസൂരു എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലും ശരാശരിയേക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും, സംസ്ഥാനത്തിന്‍റെ ബാക്കി ഭാഗങ്ങൾ സാധാരണ താപനില പരിധിക്കുള്ളിൽ തുടർന്നു.

ഡൽഹിയിലെ കടുത്ത തണുപ്പിൽ നിന്നും രക്ഷനേടി തീകായുന്നവർ. ചിത്രം: PTI Photo by Ravi Choudhary
ഡൽഹിയിലെ കടുത്ത തണുപ്പിൽ നിന്നും രക്ഷനേടി തീകായുന്നവർ. ചിത്രം: PTI Photo by Ravi Choudhary

ബെംഗളൂരുവിൽ ചൂട് കൂടുന്നതിന്‍റ ഫലമായി നഗരത്തിലെ കാലാവസ്ഥാ രീതികൾ മാറിക്കൊണ്ടിരിക്കുന്നു. ബെംഗളൂരു നിവാസികൾക്ക് ഇതൊരു പുതിയ അനുഭവമാണ്. തണുത്ത സായാഹ്നങ്ങൾ ആശ്വാസം നൽകുന്നുണ്ടെങ്കിലും ജനങ്ങൾ അസാധാരണമായി ചുട്ടുപൊള്ളുന്ന വേനൽക്കാലത്തിനായി തയാറെടുക്കണം. ഐഎംഡിയുടെ പ്രവചനപ്രകാരം കൂടുതൽ ചൂടുള്ള സീസണാണ് വരാനിരിക്കുന്നതെന്ന് സൂചിപ്പിക്കുന്നു.

English Summary:

Rising heat triggers alert in bengaluru

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com