ADVERTISEMENT

ഈ വർഷത്തെ ആദ്യ മൺസൂൺ പ്രവചനം സ്വകാര്യ കാലാവസ്ഥ ഏജൻസി സ്കൈമെറ്റ് പുറത്തുവിട്ടു.  പ്രവചന പ്രകാരം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷ സീസണിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഏജൻസി വ്യക്തമാക്കുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതലും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സാധാരണ മഴ ലഭിക്കാനും സാധ്യത. 

പസിഫിക് സമുദ്രത്തിൽ ENSO ന്യൂട്രൽ സ്ഥിതിയിലും ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ( IOD) പോസറ്റീവ് ഫേസിലേക്കും നീങ്ങാൻ സാധ്യതയുള്ളതും  അനുകൂല സാഹചര്യമാകുമെന്ന് ഏജൻസി വ്യക്തമാക്കുന്നു. 

Kerala Summer Rain | File Photo: Sreelakshmi Sivadas / MANORAMA

ന്യൂനമർദം ദുർബലമാകുന്നു

ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപംകൊണ്ട ന്യൂനമർദം ദുർബലമാകുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരളത്തിൽ ഇടി മിന്നൽ/ കാറ്റോട് കൂടിയ വേനൽ മഴ തുടരും. ഏപ്രിൽ ആദ്യ 10 ദിവസങ്ങളിൽ ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ്. 29മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 58 മി.മീ ആണ്. ഏപ്രിൽ ആദ്യ 10 ദിവസത്തിൽ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് പാലക്കാട്‌ ആണ് ( 37.2°c ).

summer-rain

മഴയുടെ തീവ്രത വർധിക്കുമെന്ന് പഠനം

സൂര്യനിൽ നിന്നുള്ള സൗരവാതങ്ങളുടെയും ഊർജപ്രവാഹത്തിന്റെയും ഏറ്റക്കുറച്ചിലുകൾ മുതൽ ദീർഘകാല കാലാവസ്ഥയിലെ ആവർത്തനാത്മക സ്വഭാവം വരെ മൺസൂണിനെ ബാധിക്കുന്നതായി കേന്ദ്ര സർവകലാശാലാ ഗവേഷകർ കണ്ടെത്തിയിരുന്നു. 2018 ലെ കനത്ത മഴയും വയനാട്ടിലെയും കുടകിലെയും ഉരുൾപൊട്ടലുകളും മഴയിലെ ഈ ദീർഘകാല വർധനവിന്റെ ഭാഗമാകാം എന്ന നിർണായക വാദവും ഗവേഷകർ പങ്കുവയ്ക്കുന്നു. വരും വർഷങ്ങളിലും മഴയുടെ തീവ്രതയിൽ വർധന പ്രതീക്ഷിക്കാമെന്നും പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ കരുതൽ നടപടികൾ ആവശ്യമാണെന്നും പഠനം വ്യക്തമാക്കുന്നു.

മൺസൂൺ മഴയല്ല

മൺസൂൺ യഥാർഥത്തിൽ മഴയല്ല. മഴ കൊണ്ടുവരുന്ന കാറ്റാണ്. ലോകത്ത് ഇവിടെ മാത്രമല്ല മൺസൂൺ ഉള്ളത്. എങ്കിലും ഇവിടത്തെ മൺസൂൺ വളരെ പ്രധാന്യമുള്ളതാണ്.മൗസം എന്ന് ഈ കാറ്റിന് പേരിട്ടത് അറബികളാണ്. പിന്നീട് അത് ഇംഗ്ലിഷിലായപ്പോൾ മൺസൂണായിമാറി. ഇന്ത്യയിൽ കൃഷി കാലവർഷക്കാറ്റിനെ അടിസ്ഥാനമാക്കിയാണ്. സത്യത്തിൽ മൺസൂൺ സീസണിൽ ഉൾപ്പെടുന്നതാണ് കാലവർഷവും തുലാവർഷവും. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലവർഷത്തിനും വടക്കുകിഴക്കൻ മൺസൂൺ തുലാവർഷത്തിനും കാരണമാകുന്നു.

India Monsoon Weather

ശരാശരി 4 കോടി വർഷം മുൻപെങ്കിലുമാണ് മൺസൂൺ ഉദ്ഭവിച്ചതെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്നു നാം കാണുന്ന തെക്കൻ ഏഷ്യൻ മൺസൂൺ ഘടനകൾ ഏകദേശം പാലിയോജീൻ കാലഘട്ടത്തിലാണ് ഉദ്ഭവിച്ചത്. സങ്കീർണമായ കാലാവസ്ഥാ മാറ്റങ്ങൾ ഉടലെടുത്ത ഒരു കാലഘട്ടമായിരുന്നു അത്.കരയും സമുദ്രവും തമ്മിലുള്ള താപനിലാ വ്യത്യാസമാണ് മൺസൂണിനു വഴിയൊരുക്കുന്നത്. വേനൽക്കാലത്ത് ജലത്തെക്കാൾ കൂടുതൽ വേഗത്തിൽ കര ചൂടുപിടിക്കുകയും തദ്ഫലമായി കരയിൽ നിന്ന് നീരാവി കലർന്ന വെള്ളം ഉയർന്ന് അതിനു ബാഷ്പീകരണം സംഭവിച്ച് മഴയായി പെയ്യുകയും ചെയ്യും.

മഴയെ വരവേല്‍ക്കുന്ന കാലാവസ്ഥാ കേന്ദ്രം

മണ്‍സൂണിനെ ഉപഭൂഖണ്ഡത്തിലേക്ക് വരവേല്‍ക്കുന്ന ഒരുകാലാവസ്ഥാ കേന്ദ്രമുണ്ട്, തിരുവനന്തപുരത്തെ ഒബ്സര്‍വേറ്ററി ഹില്‍സില്‍ സ്ഥിതി ചെയ്യുന്ന കാലാവസ്ഥാ കേന്ദ്രം. ഇവിടെ നിന്നാണ് സംസ്ഥാനത്തെ മഴമാപിനികളിലെ കണക്കുകള്‍ കാലാവസ്ഥാ വകുപ്പിന് കൈമാറുന്നതും മഴ പ്രവചനങ്ങളും മുന്നറിയിപ്പുകളും പുറപ്പെടുവിക്കുന്നതും. ലോകത്തെ തന്നെ ഏറ്റവും പഴക്കമുള്ള കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളിലൊന്നാണത്. 1837 ല്‍പ്രവര്‍ത്തനം ആരംഭിച്ച ഈ നിരീക്ഷണാലയം സമുദ്രനിരപ്പില്‍ നിന്ന് 200 മീറ്റര്‍ ഉയരത്തില്‍ നഗരമധ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. തിരുവിതാംകൂര്‍ ഭരണാധികാരിയായ സ്വാതിതിരുനാളാണ് ഈ കേന്ദ്രം തുടങ്ങാന്‍ പിന്തുണ നല്‍കിയത്. ഒബ്സര്‍വേറ്ററി അഥവാ വാനനിരീക്ഷണകേന്ദ്രമെന്ന നിലയില്‍കൂടിയാണ് തുടക്കം. ജോണ്‍ കാല്‍ഡിക്കോട്ട് എന്ന ബ്രിട്ടീഷുകാരനായ ശാസ്ത്രജ്‍നായിരുന്നു ആദ്യമേധാവി. വാനനിരീക്ഷണത്തിനും കാലാവസ്ഥാ പഠനത്തിനും സഹായകരമായ ഉപകരണങ്ങള്‍ പലതും കാല്‍ഡിക്കോട്ട് കപ്പല്‍മാര്‍ഗം എത്തിച്ചു.

1851 ല്‍ ജോണ്‍ അലന്‍ബ്രൗണ്‍ ഈ കേന്ദ്രത്തിന്‍റെ തലപ്പത്തു വന്നു. കാലാവസ്ഥാ ശാസ്ത്രത്തില്‍ അഗാധ താല്‍പര്യവും അവഗാഹവും ഉള്ള വ്യക്തിയായിരുന്നു അലന്‍ബ്രൗണ്‍. അഗസ്ത്യവന മേഖലയില്‍ 6200 അടി ഉയരത്തില്‍ കാലാവസ്ഥാ നിരീക്ഷണത്തിന് ഒരു കേന്ദ്രം കൂടി അദ്ദേഹം സ്ഥാപിച്ചു. ബ്രൗണ്‍ തിരികെ ഇംഗ്ലണ്ടിലേക്ക് മടങ്ങിയപ്പോള്‍ ആ കേന്ദ്രം പൂട്ടി. അഗസ്ത്യമലനിരകളില്‍ നിന്ന് കാണുന്ന മഴക്കാഴ്ചകളെ കുറിച്ച് അതിമനോഹരമായ ഒരു കുറിപ്പും ബ്രൗണ്‍ എഴുതിയിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ കേരളത്തിന്‍റെ കാലാവസ്ഥ പഠിക്കുന്നതിന് ഉഴിഞ്ഞുവെച്ച ബ്രൗണ്‍ ഉള്‍പ്പെടെയുള്ള മഹാരഥന്‍മാര്‍ പണിതുയര്‍ത്ത കാലാവസ്ഥാ കേന്ദ്രം ഇന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം ഉള്‍പ്പെടെ ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

English Summary:

Skymet Predicts Above-Normal Rainfall for Kerala in 2025 Monsoon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com