അദ്ഭുതകരമായ മാറ്റം; അന്റാർട്ടിക്കയിലെ മഞ്ഞുപാളികളിൽ വർധന

Mail This Article
പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി അന്റാർട്ടിക്കയിലെ മഞ്ഞുപാളികളിൽ വർധനയുണ്ടായതായി പഠനം. സയൻസ് ചൈന എർത്ത് സയൻസസ് പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിലാണ് ആദ്യമായി അന്റാർട്ടിക്ക് ഹിമത്തിൽ ഒരു അദ്ഭുതകരമായ മാറ്റം ഉണ്ടായതായി ഗവേഷകർ പറയുന്നത്. ഗ്രാവിറ്റി റിക്കവറി ആൻഡ് ക്ലൈമറ്റ് എക്സ്പരിമെന്റ് (ഗ്രേസ്) ദൗത്യവും ഗ്രേസ്-എഫ്ഒ (ഗ്രേസ് ഫോളോ-ഓൺ) ഉപഗ്രഹങ്ങളും അന്റാർട്ടിക്ക് മഞ്ഞുപാളികളിൽ വർധന ഉണ്ടായതായി പറയുന്നു.
ടോങ്ജി സർവകലാശാലയിലെ ഡോ.വാങ്, പ്രഫസർ ഷെൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് 2021 നും 2023 നും ഇടയിൽ മഞ്ഞുപാളികളിൽ വലിയ വർധന ഉണ്ടായതായി കണ്ടെത്തിയത്. 2015 വരെ അന്റാർട്ടിക്കയിൽ കടൽ ഹിമത്തിൽ മിതമായ വർധന രേഖപ്പെടുത്തിയിരുന്നു. എന്നാൽ 2016 മുതൽ ഇത് കുത്തനെ കുറഞ്ഞു.

ഉപഗ്രഹ ഗ്രാവിമെട്രി ഡാറ്റ അനുസരിച്ച് 2002 മുതൽ 2010 വരെ പ്രതിവർഷം 74 ബില്യൺ ടൺ ഐസ് നഷ്ടമായപ്പോൾ 2011 മുതൽ 2020 വരെ അത് ഇരട്ടിയായി. ഈ കാലയളവിൽ പ്രധാനമായും പശ്ചിമ അന്റാർട്ടിക്കയിലും കിഴക്കൻ അന്റാർട്ടിക്കയുടെ ചില ഭാഗങ്ങളിലും വേഗത്തിൽ മഞ്ഞുരുകിയതിനാൽ ഏകദേശം 142 ബില്യൺ ടൺ ഐസ് ആണ് ഉരുകിപ്പോയത്. എന്നാൽ 2021 നും 2023 നും ഇടയിൽ മഞ്ഞുപാളികളിൽ പ്രതിവർഷം 108 ജിഗാടൺ ഐസ് വർധിച്ചതായും ഗവേഷകർ കണ്ടെത്തി.
ആർട്ടിക്കിന്റെ അവസ്ഥ
അതേസമയം അന്റാർട്ടിക്കയിൽ മഞ്ഞുപാളികളിൽ വർധനയുണ്ടായെങ്കിലും ആർട്ടിക് പ്രദേശത്ത് ഈ പ്രവണത ദൃശ്യമല്ലെന്ന് ഗവേഷകർ പറയുന്നു. നാസയുടെയും നാഷനൽ സ്നോ ആൻഡ് ഐസ് ഡാറ്റാ സെന്ററിന്റെയും (എൻഎസ്‌ഐഡിസി) സമീപകാല റിപ്പോർട്ടുകൾ പ്രകാരം ആർട്ടിക് മേഖലയിലെ ശൈത്യകാല കടൽ മഞ്ഞിൽ കുറവുണ്ടായി.

2025 മാർച്ച് 22 ന് ആർട്ടിക് സമുദ്ര ഹിമത്തിന്റെ പരമാവധി വ്യാപ്തി 14.33 ദശലക്ഷം ചതുരശ്ര കിലോമീറ്ററായിരുന്നുവെങ്കിൽ 2017 ൽ ഇത് 14.41 ദശലക്ഷം ചതുരശ്ര കിലോമീറ്ററായിരുന്നു. ആർട്ടിക് മേഖലയിൽ മഞ്ഞ് ഉരുകുമ്പോൾ ജലത്തിന്റെ നിറം മാറുന്നതിനാൽ സമുദ്രത്തിൽ ഭക്ഷ്യ ശൃംഖലയിലെ പ്രധാന ഘടകമായ ചെറിയ കടൽജീവികൾക്ക് ഇത് ദോഷം ചെയ്യുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ആംസ്റ്റർഡാം സർവകലാശാലയിലെ ഗവേഷകരും ഡെൻമാർക്കിൽ നിന്നും നെതർലൻഡ്‌സിൽ നിന്നുമുള്ള സംഘങ്ങളും ചേർന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനത്തിൽ, ആർട്ടിക് ഐസ് ഉരുകുമ്പോൾ സമുദ്രത്തിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് മാറിക്കൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തി. വെള്ളത്തിന്റെ നിറം മാറ്റം വളരാനും അതിജീവിക്കാനും ചില പ്രകാശ തരംഗദൈർഘ്യങ്ങളെ ആശ്രയിക്കുന്ന സൂക്ഷ്മജീവികളെ ഇത് ദോഷകരമായി ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു.