കനത്ത ചൂട്: കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യയിൽ മരിച്ചത് 34,000 പേർ, കൂടുതലും 3 സംസ്ഥാനങ്ങളിൽ

Mail This Article
കഠിനമായ ചൂട് മൂലം കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യയിൽ 34000 പേർക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ട്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെയും (IMD) നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെയും (NCRB) ഡാറ്റ അടിസ്ഥാനമാക്കി ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 2001നും 2019 നും ഇടയിലാണ് മരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ അമിതചൂടിനെ തുടർന്ന് മരിച്ചത്.

തീവ്രചൂടിൽ നിന്നും ആളുകളെ രക്ഷിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഗവേഷകർ ആവശ്യപ്പെടുന്നു. 20 വർഷത്തിനിടയിൽ 19,693 പേർ ചൂട് മൂലം മരിച്ചപ്പോൾ 15,197 പേർ അമിത തണുപ്പ് മൂലവും മരണമടഞ്ഞു. ഉത്തർപ്രദേശ്, പഞ്ചാബ്, ബീഹാർ എന്നീ സംസ്ഥാനങ്ങളെയാണ് തണുപ്പ് ഏറ്റവും കൂടുതൽ ബാധിച്ചത്. ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഉഷ്ണാഘാത മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

ദീർഘനേരം ചൂടിൽ നിന്ന് ജോലി ചെയ്യുന്ന പുരുഷന്മാരാണ് മരിച്ചവരിൽ കൂടുതൽ പേരും. കഠിനമായ കാലാവസ്ഥയിൽ മെച്ചപ്പെട്ട തൊഴിൽ സംരക്ഷണത്തിന്റെയും സുരക്ഷാ നടപടികളുടെയും ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. 2001 നും 2014 നും ഇടയിൽ 24 ഇന്ത്യൻ സംസ്ഥാനങ്ങളിൽ താപനിലയും മരണങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിരീക്ഷിക്കാൻ ഗവേഷകർ പാനൽ റിഗ്രഷൻ, സ്പ്ലൈൻ റിഗ്രഷൻ തുടങ്ങിയ സ്റ്റാറ്റിസ്റ്റിക്കൽ രീതികൾ ഉപയോഗിച്ചു. ചൂടുള്ള വേനൽക്കാലത്തും തണുത്ത ശൈത്യകാലത്തും താപനില സാധാരണയിൽ കൂടുതലാകുമ്പോൾ മരണങ്ങൾ കുത്തനെ വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
വർധിച്ചു വരുന്ന താപനിലയിൽ നിന്നും രക്ഷനേടാൻ ഇന്ത്യയുടെ ക്ഷേമ, പൊതുജനാരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന് ഗവേഷകർ ആവശ്യപ്പെടുന്നു. മെച്ചപ്പെട്ട ഭവന നിർമാണം, അമിതചൂടിൽ നിന്നും തണുപ്പിൽ നിന്നും രക്ഷനേടാനുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മരണങ്ങൾ ഒരുപരിധി വരെ തടയാൻ കഴിയും. ഏപ്രിൽ മുതൽ ജൂൺ വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയും ഉഷ്ണതരംഗങ്ങളും ഉണ്ടാവുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.