ADVERTISEMENT

അമേരിക്കയിലെ സുപ്രധാന നഗരങ്ങൾ താഴ്ന്നു പോവുകയാണ്. ന്യൂയോർക്കും  ഷിക്കാഗോയുമടക്കമുള്ള പ്രധാന നഗരങ്ങൾ അതിവേഗതയിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഏറ്റവും ഒടുവിൽ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു. വിര്‍ജീനിയ പോളിടെക്നിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ആൻഡ് സ്റ്റേറ്റ് സർവകലാശാല ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് നടത്തിയ പഠനത്തിലൂടെയാണ് അങ്ങേയറ്റം ആശങ്ക പരത്തുന്ന ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. 

ന്യൂയോർക്ക്, ഷിക്കാഗോ എന്നിവയ്ക്ക് പുറമേ, ഡാലസ്, കൊളംബസ്, ഡെട്രോയിറ്റ്, ഡെൻവർ, ഫോർട്ട്വർത്ത്,  

ഹ്യൂസ്റ്റൺ, ഇന്ത്യാനപൊലിസ്, ഷാർലറ്റ് തുടങ്ങിയ 26 നഗരങ്ങളും പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. അമേരിക്കയിലെ ഏറ്റവും അധികം ജനസംഖ്യയുള്ള നഗരങ്ങളാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഇവയിൽ 25 നഗരങ്ങളുടെയും 65 ശതമാനവും അതിവേഗതയിൽ  വെള്ളത്തിലാവുന്നുണ്ട്. പഠനവിധേയമാക്കിയ ഓരോ നഗരത്തിന്റെയും ഏറ്റവും കുറഞ്ഞത്  20 ശതമാനം പ്രദേശങ്ങളും  മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഗവേഷണ സംഘം കണ്ടെത്തി. 

പ്രതിവർഷം രണ്ടു മുതൽ 10 മില്ലിമീറ്റർ വരെ എന്ന നിരക്കിലാണ് നഗരപ്രദേശങ്ങൾ താഴ്ന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഹ്യൂസ്റ്റണാണ് മുങ്ങിപ്പോകുന്ന നഗരങ്ങളിൽ ഒന്നാമത്. നഗരത്തിന്റെ 40 ശതമാനവും പ്രതിവർഷം അഞ്ചു മില്ലിമീറ്റർ എന്ന നിരക്കിൽ മുങ്ങുന്നുണ്ട്. 12 ശതമാനം വരുന്ന പ്രദേശങ്ങളാകട്ടെ അതിൻ്റെ ഇരട്ടി നിരക്കിൽ, 10 ഇഞ്ച് വരെ താഴുന്നു. നഗരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിൽ പ്രതിവർഷം രണ്ടിഞ്ചു വരെ ഭൂമി താഴ്ന്നു പോകുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഹ്യൂസ്റ്റണിന് തൊട്ടുപിന്നാലെ ഡാലസ്, ഫോർട്വർത്ത് എന്നീ നഗരങ്ങളും പട്ടികയിലുണ്ട്. അതായത് ഇവയെല്ലാം ഉൾപ്പെടുന്ന ടെക്സസ് സംസ്ഥാനമാണ് ഏറ്റവും വലിയ മുങ്ങിത്താഴൽ ഭീഷണി നേരിടുന്നത്.

എന്നാൽ ആഗോളതാപനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നത് മാത്രമല്ല ഈ നഗരങ്ങളെ വെള്ളത്തിലാക്കുന്നത്. ഭൂഗർഭജലം വലിയതോതിൽ ഉപയോഗിക്കപ്പെടുന്നതാണ് മറ്റൊരു പ്രധാന കാരണം. ജലം നഷ്ടപ്പെട്ട അവസ്ഥയിലുള്ള ഭൂഗർഭജലാശയങ്ങൾ വീണ്ടും നിറയാതിരിക്കുന്ന അവസരങ്ങളിൽ ഭൂമി ചുരുങ്ങുകയും താഴേയ്ക്ക് പതിക്കുകയും ചെയ്യുന്നു. ഈ അവസ്ഥ ഏറ്റവും അധികം ദൃശ്യമാകുന്ന നഗരപ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വലിയ രീതിയിൽ ഭീഷണി നേരിടുന്നുണ്ട്. റോഡുകളിൽ ഉണ്ടാകുന്ന വിള്ളലുകളും,  നടപ്പാതകളിൽ ദൃശ്യമാകുന്ന അസ്വാഭാവിക വളവുകളും വാതിലുകളും ജനാലകളും കൃത്യമായി അടയ്ക്കാൻ സാധിക്കാതെ വരുന്നതും അടിത്തറകളിൽ ഉണ്ടാകുന്ന മാറ്റങ്ങളും എല്ലാം മണ്ണ് താഴ്ന്നു പോകുന്നു എന്നതിന്റെ സൂചനയാണ് നൽകുന്നത്.

ഭൂപ്രദേശങ്ങൾ മുങ്ങുന്നതിന്റെ പരിണിതഫലങ്ങൾ വലിയതോതിൽ ഇപ്പോൾ ദൃശ്യമാകില്ലെങ്കിലും കാലക്രമേണ പാലങ്ങൾ, വലിയ കെട്ടിടങ്ങൾ തുടങ്ങിയ നിർമ്മിതികളുടെയെല്ലാം നിലനിൽപ്പ് ഇത് അപകടത്തിലാക്കും. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരകേന്ദ്രങ്ങളിൽ അപകട സാധ്യത വർദ്ധിക്കുന്നുണ്ട്. പഠനപ്രകാരം സാൻഹൊസെ , മെംഫിസ്, ജാക്സൺവില്ലെ എന്നീ നഗരങ്ങളാണ് താരതമ്യേന മെച്ചപ്പെട്ട അവസ്ഥയിലുള്ളത്. എന്നാൽ ആശ്വാസത്തിന് വകയില്ലെന്നും അവയും അപകട ഭീഷണി നേരിടുന്നുണ്ടെന്നും ഗവേഷകർ പറയുന്നു.

ഇതാദ്യമായാണ് ഉയർന്ന റെസലൂഷനുള്ള സാറ്റലൈറ്റ് ചിത്രങ്ങൾ അടിസ്ഥാനമാക്കി നഗരങ്ങളിൽ ഭൂമി താഴുന്നതിന്റെ അളവ് കണക്കാക്കുന്നത്. നഗരാസൂത്രണം, അടിസ്ഥാന സൗകര്യ വികസനം, ദുരന്ത തയ്യാറെടുപ്പുകൾ എന്നിവയിൽ നിർണായക സ്വാധീനം ചെലുത്താൻ ഈ പഠനത്തിന് സാധിക്കും.

English Summary:

American cities are sinking, with a new study revealing alarming subsidence rates in major cities like New York and Chicago due to groundwater depletion. This necessitates immediate action on urban planning and infrastructure development to mitigate the risks.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com