1200 വകഭേദങ്ങളുള്ള കിടിലൻ പഴവർഗം! ആദ്യം കണ്ടത് സുഡാനിൽ, ഇപ്പോൾ അന്റാർട്ടിക്കയിലും

Mail This Article
വേനൽക്കാലത്തിന്റെ കൂട്ടുകാരനാണു തണ്ണിമത്തൻ അഥവാ വാട്ടർ മെലൺ. പഴമാണോ പച്ചക്കറിയാണോ എന്ന് ഇന്നും തർക്കമാണു തണ്ണിമത്തന്റെ കാര്യത്തിൽ. ഒരുപാട് പോഷണങ്ങളും ഗുണങ്ങളുമുള്ളതാണു തണ്ണിമത്തൻ. പഴുത്ത തണ്ണിമത്തൻ തിന്നുന്നത് മുതൽ പച്ച തണ്ണിമത്തൻ കറികൾക്കും അച്ചാറിനും ഉപയോഗിക്കുന്നത് വരെ ലോകത്ത് പലയിടങ്ങളിലും കാണാറുണ്ട്. ഏകദേശം 1200 വകഭേദങ്ങളുണ്ട് തണ്ണിമത്തന്. വിത്തുള്ളതും സീഡ്‌ലെസായിട്ടുള്ളതും പലനിറങ്ങളുള്ളതുമൊക്കെ ഇക്കൂട്ടത്തിൽപെടും. തണ്ണിമത്തനുകളിൽ ചിലത് വലിയ വലുപ്പം വയ്ക്കാറുണ്ട്. ഏകദേശം 159 കിലോഗ്രാം ഭാരം ഈ തണ്ണിമത്തനുണ്ടായി.
പൊതുവെ അൽപം ചൂടൊക്കെയുള്ള സ്ഥലങ്ങളിൽ സമൃദ്ധമായി വളർന്ന് പുഷ്പിച്ച് ഫലം നൽകുന്ന ഫലമാണ് തണ്ണിമത്തങ്ങ അഥവാ വാട്ടർമെലോൺ. എന്നാൽ ഈ തണ്ണിമത്തൻ അന്‌റാർട്ടിക്കയിലെ തന്നെ ഏറ്റവും തണുപ്പുള്ള മേഖലകളിലൊന്നിൽ സ്ഥിതി ചെയ്യുന്ന റഷ്യൻ സ്റ്റേഷനായ വോസ്‌റ്റോക് സ്‌റ്റേഷനിൽ 2023ൽ വളർത്തിയിരുന്നു. മൈനസ് 89.2 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടത്തെ താപനില.

ആഫ്രിക്കൻ രാജ്യമായ സുഡാനിൽ 4300 വർഷം മുൻപാണ് തണ്ണിമത്തനുകൾ പ്രത്യക്ഷപ്പെട്ടത്. സുഡാനിലും ഈജിപ്തിലുമുള്ള പ്രാചീന കലാനിർമിതികളും ചിത്രങ്ങളിലുമൊക്കെ ഇവ കാണാം. വോസ്‌റ്റോക് സ്‌റ്റേഷന്റെ ഹരിതഗൃഹത്തിലാണ് റഷ്യൻ അന്‌റാർട്ടിക് എക്‌സ്പഡിഷനിലെ ശാസ്ത്രജ്ഞർ നേട്ടം കൈവരിച്ചത്. ഇതിനായി ഇവർ ഹരിതഗൃഹത്തിലെ താപനില കൂട്ടുകയും അന്തരീക്ഷ ഈർപം വർധിപ്പിക്കുകയും ചെയ്തു.
ഹരിതഗൃഹത്തിലെ ചെറിയ അന്തരീക്ഷമർദം, ഓക്‌സിജന്റെ അഭാവം എന്നിവയുമായി പൊരുത്തപ്പെടുന്ന തണ്ണിമത്തൻ വകഭേദങ്ങളാണ് ശാസ്ത്രജ്ഞർ വളർത്തിയത്. സൂര്യപ്രകാശത്തെ അനുകരിക്കുന്ന പ്രത്യേക പ്രകാശവും ഇതിനുള്ളിൽ സജ്ജമാക്കി. കീടങ്ങളില്ലാത്തതിനാൽ പരാഗണം കൈകൊണ്ടാണ് നടത്തിയത്.103 ദിവസങ്ങൾ പിന്നിട്ടതോടെ ശാസ്ത്രജ്ഞരുടെ ശ്രമങ്ങൾ ഫലം കണ്ടു. 6 സസ്യങ്ങളിലായി 8 തണ്ണിമത്തൻ പഴങ്ങളാണ് ഉണ്ടായത്. ഓരോ കിലോഗ്രാം തൂക്കം വയ്ക്കുന്ന നിലയിലേക്ക് ഈ തണ്ണിമത്തനുകൾ വളർന്നു.