ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; പടിഞ്ഞാറൻ കാറ്റിന്റെ രൂപത്തിൽ കാലവർഷം

Mail This Article
വേനൽ മഴയിൽ നിന്ന് കാലവർഷത്തിലേക്കുള്ള മാറ്റങ്ങൾ കണ്ടുതുടങ്ങി. ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ആൻഡമാനിൽ തുടങ്ങിയ കാലവർഷം ഇപ്പോൾ മാലിദ്വീപ്, കന്യാകുമാരി മേഖലയിൽ പടിഞ്ഞാറൻ കാറ്റിന്റെ രൂപത്തിൽ വ്യാപിക്കുകയാണ്. വരും ദിവസങ്ങളിൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിനു മുകളിലായി 21ാം തീയതിയോടെ ചക്രവാതച്ചുഴി രൂപപ്പെട്ട് 22ന് ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് ഇന്നു മുതൽ 20 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യത. ഇന്നു മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെലോ അലർട്ട് ആണ്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണു പ്രവചിക്കുന്നത്.
മഴയുടെ തീവ്രത വർധിക്കുമെന്ന് പഠനം
സൂര്യനിൽ നിന്നുള്ള സൗരവാതങ്ങളുടെയും ഊർജപ്രവാഹത്തിന്റെയും ഏറ്റക്കുറച്ചിലുകൾ മുതൽ ദീർഘകാല കാലാവസ്ഥയിലെ ആവർത്തനാത്മക സ്വഭാവം വരെ മൺസൂണിനെ ബാധിക്കുന്നതായി കേന്ദ്ര സർവകലാശാലാ ഗവേഷകർ കണ്ടെത്തിയിരുന്നു. 2018 ലെ കനത്ത മഴയും വയനാട്ടിലെയും കുടകിലെയും ഉരുൾപൊട്ടലുകളും മഴയിലെ ഈ ദീർഘകാല വർധനവിന്റെ ഭാഗമാകാം എന്ന നിർണായക വാദവും ഗവേഷകർ പങ്കുവയ്ക്കുന്നു. വരും വർഷങ്ങളിലും മഴയുടെ തീവ്രതയിൽ വർധന പ്രതീക്ഷിക്കാമെന്നും പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ കരുതൽ നടപടികൾ ആവശ്യമാണെന്നും പഠനം വ്യക്തമാക്കുന്നു.