ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; അടുത്തയാഴ്ച മറ്റൊന്ന്; കേരളത്തിലെ മഴയ്ക്ക് കാരണം ഇതല്ല!

Mail This Article
പശ്ചിമ ബംഗാൾ- ഒഡിഷയ്ക്ക് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടു. മൺസൂൺ തുടങ്ങിയ ശേഷം വടക്കൻ ബംഗാൾ ഉൾക്കടൽ - പശ്ചിമ ബംഗാൾ മേഖലയിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദമാണിത്. അടുത്ത ആഴ്ചയോടെ ഇതേ മേഖലയിൽ വീണ്ടും പുതിയ ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളം ഫെയ്സ്ബുക്കിൽ വ്യക്തമാക്കി. ഈ സീസണിലെ ഏറ്റവും സജീവമായ മേഖലയാണ് വടക്കൻ ബംഗാൾ ഉൾക്കടൽ.
കേരളത്തിന് പൂർണമായും ഈ ന്യൂനമർദങ്ങൾ അനുകൂലമല്ലെങ്കിലും വടക്കൻ ജില്ലകളിലെ തുടർച്ചയായുള്ള മഴ ലഭിക്കുന്നതിന്റെ ഒരു കാരണം ഇതാണ്. മറ്റൊന്ന് അറബിക്കടലിൽ ഗുജറാത്ത് മുതൽ കർണാടക തീരം വരെയുള്ള ന്യൂനമർദ പാത്തിയും. വടക്കൻ മധ്യ ജില്ലകളിൽ അടുത്ത 2, 3 ദിവസം കൂടി നിലവിലെ മഴയും കാറ്റും തുടരും.
എന്താണ് ന്യൂനമർദം?
ന്യൂനമർദം രൂപപ്പെടുന്നതിനു മുന്‍പുള്ള കാറ്റിന്റെ കറക്കമാണ് ചക്രവാതച്ചുഴി. ന്യൂനമർദവും ഒരർഥത്തിൽ കാറ്റിന്റെ കറക്കം തന്നെ. കാറ്റിന്റെ ശക്തികുറഞ്ഞ കറക്കമാണ് ചക്രവാതച്ചുഴി. മർദ്ദവ്യതിയാനം കാരണം ചാക്രിക രീതിയിൽ കാറ്റു കറങ്ങുന്നതാണ് ചക്രവാതച്ചുഴിക്ക് ഇടയാക്കുന്നത്. ചക്രവാതച്ചുഴി ശക്തിപ്പെട്ടാൽ ന്യൂനമർദമാകും. എന്നാൽ എല്ലാ ചക്രവാതച്ചുഴിയും ന്യൂനമർദമാകണമെന്നില്ല. ചക്രവാതച്ചുഴി ന്യൂനമർദമാകുകയും അത് പിന്നീട് ഡിപ്രഷൻ അഥവാ തീവ്രന്യൂന മർദമാകുകയും പിന്നാലെ ഡീപ് ഡിപ്രഷൻ അഥവാ അതിതീവ്ര ന്യൂനമർദമാകുകയും ചെയ്താൽ മാത്രമേ ചുഴലിക്കാറ്റിലേക്കുള്ള വഴിതുറക്കുകയുള്ളൂ.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Rajeevan Erikkulam/ Facebook ൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്)