Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പശ്ചിമഘട്ടത്തിൽ പ്രണയകാലം, ഇതാണ് യഥാർഥ ‘അഡാറ് പ്രണയം’

Hornbill

ബ്ഫൂം... ബ്ഫും... ബ്ഫും...  

സഹ്യന്റെ മടിത്തട്ടിലെ പ്രണയസല്ലാപങ്ങൾക്ക് ഇപ്പോൾ ഇതാണ് ശബ്ദം... 

ചുണ്ടിൽ നിന്നു ചുണ്ടിലേക്ക്, ചുവന്നു തുടുത്ത പഴങ്ങൾ പകർന്നുനൽകുന്ന പ്രണയം... അവളുടെ ദാഹവും വിശപ്പും മനസ്സി‌ൽ നിറച്ച് അറുപതോളം ദിവസങ്ങൾ..... ആ കാത്തിരിപ്പ്... 

സൂര്യകിരണങ്ങൾ ആകാശത്ത് വർണം വാരിവിതറുമ്പോൾ മുതൽ, പടിഞ്ഞാറ് ചുവന്നു തുടുക്കുന്നതു വരെ ഈ പ്രണയവും അതിന്റെ ശബ്ദവും സഹ്യന്റെ മരനിരകളെ പിടിച്ചു കുലുക്കും. 

ചേല മരത്തിന്റെയും ആൽമരത്തിന്റെയും ചില്ലകളിൽ നിന്ന് തുടുത്ത പഴങ്ങൾ കൊത്തിയെടുത്ത് സിൽവർ ഓക്ക് മരത്തിന്റെ ഉയരത്തിലെ പൊത്തിലേക്കുള്ള അവന്റെ പറക്കൽ... അതിന്റെ വലിയ ശബ്ദം... അതിലുണ്ട്... ആ പ്രണയത്തിന്റെ ആഴം. 

അവൾക്കറിയാം, അവന് താൻ എത്ര പ്രിയങ്കരിയാണെന്ന്. അവളുടെ കണ്ണുകളും ദാഹവും മാത്രമാണ് അവൻ ഈ ദിവസങ്ങളിൽ അറിയുന്നത്. അവനല്ലാതെ മറ്റാരെ കുറിച്ചും ചിന്തിക്കാൻ അവൾക്കോ, അവളില്ലാതെ ജീവിക്കാൻ അവനോ കഴിഞ്ഞിട്ടില്ല. അതാണു പ്രകൃതിയിൽ നിന്ന് അവർ പഠിച്ച നിയമം. 

കഴിഞ്ഞ ഡിസംബറിന്റെ മഞ്ഞുവീഴുന്ന പുലരിയിലാണ് അവളോടുള്ള പ്രണയം അവനു കലശലായത്. വാൽപ്പാറയിലെ മഞ്ഞിന്റെ തണുപ്പിൽ സി‍ൽവർ ഓക്ക് മരത്തിന്റെ മുകളിലുള്ള പൊത്തിലേക്ക് അന്നു കയറിയതാണ് അവൾ. ശ്വാസത്തിന്റെ നേർത്ത കണങ്ങൾ മാത്രം ഉള്ളിലേക്കു കടക്കുന്ന, ചുണ്ടു മാത്രം പുറത്തേക്കിടാവുന്ന ദ്വാരത്തിലൂടെയാണ് അവൾ ഇപ്പോൾ പുറംലോകത്തെ അറിയുന്നത്. ഓരോ മണിക്കൂറിലും വലിയ ശബ്ദത്തോടെ, കൂടരികിലേക്കു പറന്നുവരുന്ന അവനെയും കാത്ത്, ഉയരമുള്ള മരത്തിന്റെ സുരക്ഷിതത്വത്തിൽ അവൾ നിമിഷങ്ങൾ തള്ളിനീക്കും. തന്റെ ചൂടിനുള്ളിൽ രണ്ടു പുതുജീവനുകളെ അവൾ വളർത്തിയെടുക്കുകയാണ്. മാർച്ച് പകുതി വരെ അവളുടെ ഈ ഒളിജീവിതം തുടരും. പിന്നെ അടുത്ത തലമുറയെ വളർത്തുകയായി.... 

hornbill

ഇതു മലമുഴക്കി വേഴാമ്പലുകളുടെ ജീവിതമാണ്. ഒറ്റപ്പങ്കാളിയെ മാത്രം മനസ്സിൽ നിറച്ച് അമ്പതു വയസ്സു വരെ ജീവിക്കുന്ന വേഴാമ്പലുകൾ. കേരളത്തിന്റെ സംസ്ഥാന പക്ഷി. പശ്ചിമഘട്ടത്തിൽ ഇപ്പോൾ വേഴാമ്പലുകൾ മുട്ടയിട്ട് അടയിരിക്കുന്ന സമയമാണ്. ജനുവരി പകുതിയോടെ ഉയരമുള്ള മരത്തിന്റെ പൊത്തിൽ മുട്ടയിടുന്ന പെൺവേഴാമ്പൽ പിന്നീട് കൂട്ടിനുള്ളിൽ നിന്നു പുറത്തിറങ്ങില്ല. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ അൽപം വലുതാവുന്നതു വരെ അവൾക്കുള്ള ഭക്ഷണം എത്തിച്ചുകൊടുക്കേണ്ട ചുമതല ആൺ വേഴാമ്പലിന്റേതാണ്. അതിരപ്പിള്ളി, വാഴച്ചാൽ, വാൽപ്പാറ മേഖലയിലെ മഴക്കാടുകൾ ഇപ്പോൾ ഈ കൗതുകമുള്ള കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കുകയാണ്. 

വേഴാമ്പലുകൾ പല തരമുണ്ടെങ്കിലും ‘മലമുഴക്കി’എന്ന പേര് ഇവന് വെറുതേ ചാർത്തിക്കിട്ടിയതല്ല. ഏഷ്യയിൽ ഉള്ളതിൽ ഏറ്റവും വലുപ്പമേറിയ വേഴാമ്പലുകളാണിത്. പൂർണ വളർച്ചയെത്തുമ്പോൾ ആൺ വേഴാമ്പലിന് മൂന്നു മുതൽ നാല് അടി വരെ ഉയരം വരും. തൂവലുകൾക്കുള്ളിലൂടെ കാറ്റ് കയറിയിറങ്ങുമ്പോൾ ഹെലികോപ്റ്റർ പറക്കുന്നതു പോലെ ശബ്ദമുയരും. പറക്കുമ്പോഴുള്ള ഈ ശബ്ദവും മല മുഴക്കുന്ന വിധത്തിലുള്ള കരച്ചിലും ഇവനെ മലമുഴക്കിയാക്കി. നീളമേറിയ വലിയ കൊക്കുകളും കറുപ്പും മഞ്ഞയും കലർന്ന മകുടവും ഇവനെ കാട്ടിലെ ഏറ്റവും സുന്ദര‍നുമാക്കി. 

സൗന്ദര്യത്തേക്കാളുപരി വേഴാമ്പലുകളുടെ ജീവിതരീതിക്കാണ് ഏറെ പ്രത്യേകതയുള്ളത്. ജീവിതത്തിൽ ഒരു പങ്കാളി മാത്രമേ വേഴാമ്പലിന് ഉണ്ടാവുകയുള്ളൂ. മുട്ടയിടാനായി ശിഖരങ്ങളില്ലാത്ത, ഏറ്റവും ഉയരമുള്ള മരത്തിലെ പൊത്താണ് തിരഞ്ഞെടുക്കുക. പെൺപക്ഷി പൊത്തിൽ കയറിയാൽ തൂവലുകൾ പൊഴിക്കും. ഈ തൂവലുകളാണ് മുട്ടയ്ക്ക് പട്ടുമെത്തയൊരുക്കുന്നത്. മുട്ട വിരിയാൻ 45–50 ദിവസമെടുക്കും. ഇത്രയും ദിവസം കൂട്ടിൽ നിന്നു പെൺവേഴാമ്പൽ പുറത്തിറങ്ങില്ല. ആൺപക്ഷി, ചെളിയും കാഷ്ഠവും ഉപയോഗിച്ച് പൊത്ത് അടയ്ക്കുകയും ചെയ്യും. കൊക്ക് പുറത്തേക്കിട്ട് തീറ്റ സ്വീകരിക്കാനുള്ള ചെറിയൊരു ദ്വാരം മാത്രമേ പൊത്തിൽ ഉണ്ടാവുകയുള്ളൂ. 

പിന്നീടാണ് ആൺപക്ഷിയുടെ അധ്വാനം തുടങ്ങുന്നത്. തൊണ്ടയിൽ നിറയെ പഴങ്ങൾ ശേഖരിച്ച് പ്രിയതമയ്ക്കെത്തിക്കും. ഓരോ പഴമായി കൊക്കിന്റെ അറ്റത്തേക്ക് എടുത്ത് പെൺപക്ഷിയുടെ ചുണ്ടിലേക്ക് അവൻ പകർന്നുകൊടുക്കും. പുലർച്ചെ ആറരയോടെ തുടങ്ങുന്ന അധ്വാനം ഉച്ചവരെ തുടരും. പിന്നെ അൽപം വിശ്രമം. അതിനു ശേഷം അസ്തമയം വരെ വീണ്ടും ഇതേ ജോലി. പെൺപക്ഷി ഉറങ്ങിക്കഴിഞ്ഞാൽ, നേരം പുലരുന്നതും കാത്ത് അടുത്തുള്ള മരക്കൊമ്പിൽ കാവൽ. മുട്ട വിരിയുന്നതു വരെ പഴങ്ങൾ മാത്രമായിരിക്കും അവൻ നൽകുക. അതിനു ശേഷം ഓന്ത്, ചെറു പാമ്പുകൾ, ഉരഗങ്ങൾ, എലി തുടങ്ങി ചെറു ജീവികളെയും പിടിച്ച് പെൺപക്ഷിക്കു കൊടുക്കും. ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് സംരക്ഷിക്കാനാണിത്. ഈ ഘട്ടത്തിൽ പെണ്ണിന് പുതിയ തൂവലുകൾ വന്ന് കൂടുതൽ സുന്ദരിയാവും. അധ്വാനിച്ച് ക്ഷീണിക്കുന്ന ആൺപക്ഷിയുടെ ഭാരം ഒരു കിലോയെങ്കിലും കുറയുകയും ചെയ്യും. 

മുട്ട വിരിഞ്ഞ് 10–15 ദിവസങ്ങൾ കഴിഞ്ഞേ പെൺവേഴാമ്പൽ പുറത്തിറങ്ങുകയുള്ളൂ. പിന്നീട് പത്തു ദിവസത്തോളം പുറത്ത്, അവൾക്ക് വിശ്രമമാണ്. ഈ സമയത്തും അവൾക്കും കൂട്ടിലെ കുഞ്ഞുങ്ങൾക്കും ഭക്ഷണം കൊടുക്കുന്നത് ആൺവേഴാമ്പൽ തന്നെ. പിന്നീട് രണ്ടു പേരും ചേർന്ന് കുഞ്ഞുങ്ങളെ ഊട്ടും. പറക്കാറായാൽ കുഞ്ഞുങ്ങൾ കൂട്ടിൽ നിന്ന് പുറത്തിറങ്ങും. ഇരുവരും ചേർന്ന് അവരെ പറക്കാൻ പഠിപ്പിക്കും. ഒരു വർഷം വരെ അച്ഛനും അമ്മയും തന്നെയായിരിക്കും കുഞ്ഞുങ്ങളുടെ വഴികാട്ടി. 

ആൾപെരുമാറ്റമോ മറ്റു ശല്യങ്ങളോ ഇല്ലെങ്കിൽ ഒരേ പൊത്തിലായിരിക്കും വർഷങ്ങളോളം വേഴാമ്പലുകൾ കൂടുകൂട്ടുന്നത്. അമ്മപ്പക്ഷിയുടെ കാലശേഷം അവസാനത്തെ തവണ മുട്ട വിരിഞ്ഞുണ്ടായ പെൺപക്ഷിക്കായിരിക്കും കൂടിന്റെ അവകാശം എന്ന് നിരീക്ഷികർ കരുതുന്നു. അതായത് മരുമക്കത്തായം. പെൺകുഞ്ഞുങ്ങൾ മിക്കവാറും അച്ഛനമ്മമാരോടൊപ്പമായിരിക്കും സഞ്ചരിക്കുക. 

hornbill

ഒരു ദേശത്തിന്റെ മുഴുവൻ സ്നേഹവും പിടിച്ചുപറ്റുന്ന ആ ചിറകടിയൊച്ചകൾക്കാണ് ഇപ്പോൾ പശ്ചിമഘട്ടം കാതോർക്കുന്നത്. പ്രിയതമയ്ക്ക് ഭക്ഷണവുമായി പറന്നെത്തുന്നവന്റെ ശബ്ദം. ഇനി രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ഇളംശബ്ദങ്ങൾ കൂടിനുള്ളിൽ മുളപൊട്ടും. ലോകത്തിന്റെ വെളിച്ചത്തിലേക്ക്, നീണ്ട ചുണ്ടുകളുമായി അവർ പറന്നിറങ്ങുമ്പോൾ അവിടെ പ്രണയത്തിന്റെ മറ്റൊരു വസന്തകാലം കൂടി പൂർത്തിയാവും. 

ഇവിടെ അവൻ അവളെ നോക്കി കണ്ണിറുക്കുന്നില്ല; പുരികം വെട്ടിക്കുന്നില്ല. വിരലുകൾ ചൂണ്ടി വെടിവച്ചിടുന്നില്ല. 

എങ്കിലും ഇതാണ് യഥാർഥ ‘അഡാറ് പ്രണയം’.