Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കമ്പനിയിലെ മാലിന്യം പ്രദേശവാസികളെ കൊല്ലുന്നതിങ്ങനെ

pollution

സ്വച്ഛമായ വായുവിനും വെള്ളത്തിനും വേണ്ടിയുള്ള പോരാട്ടം ലോകമൊട്ടാകെ അംഗീകരിക്കുന്ന കാലമാണിത്. ഇതേ കാലത്താണ് സമാനമായ പോരാട്ടത്തിനു വേണ്ടി നമ്മുടെ അയല്‍ സംസ്ഥാനത്ത് 11 പേര്‍ ഭരണകൂടത്തിന്റെ വെടിയേറ്റു മരിച്ചത്. മെച്ചപ്പെട്ട സാഹചര്യം ഉറപ്പാക്കാന്‍ വോട്ട് ചെയ്ത് ജയിപ്പിച്ചു വിട്ടവര്‍ തന്നെയാണ് അവരെ വെടി വച്ചു കൊന്നതും. എന്നാല്‍ മരണത്തെ പോലും ഭയപ്പെടാതെ വീണ്ടും വീണ്ടും സമരമുഖത്തേക്ക് തൂത്തുക്കുടിക്കാരെ എത്തിക്കുന്നത് പ്രതിഷേധങ്ങള്‍ ഉപേക്ഷിച്ചാലും തങ്ങളെ കാത്തിരിക്കുന്നത് മരണമാണെന്ന ഉത്തമ ബോധ്യമുള്ളതിനാലാണ്. കാരണം വെള്ളത്തിലൂടെയും വായുവിലൂടെയും ഇവരുടെ ഉള്ളിലേക്കെത്തുന്നത് സ്റ്റെർലൈറ്റ് ഇൻഡസ്ട്രിയൽ പ്ലാന്റ് പുറന്തള്ളുന്ന വിഷമാണ്.

2007 ല്‍ സ്റ്റെല്‍ലൈറ്റ് കമ്പനിയുടെ ശേഷി വർധിപ്പിച്ചതോടെയാണ് മലിനീകരണ പ്രശ്നം രൂക്ഷമായത്. 1996 ല്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചപ്പോഴുള്ള ശേഷിയേക്കാളും  ആറിരട്ടിയായാണ് അന്ന് വർധിപ്പിച്ചത്. തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായ ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങി. പിന്നീട് തിരുനല്‍വേലി മെഡിക്കല്‍ കൊളേജിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് സ്റ്റെര്‍ലൈറ്റ് കമ്പനി വെള്ളത്തിലൂടെയും വായുവിലൂടെയും നടത്തുന്ന വ്യാപക മലിനീകരണത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നത്.

പ്രദേശത്തെ കുടിവെള്ളത്തില്‍ കണ്ടെത്തിയത് അനുവദനീയമായതിലും പതിനേഴിരട്ടി വരെ അധികം ഇരുമ്പിന്റെ സാന്നിധ്യമായിരുന്നു. തുടര്‍ച്ചയായി ഈ അമിതമായ ഇരുമ്പിന്റെ അംശം ഉള്ളില്‍ ചെന്നതോടെ പ്രദേശവാസികളില്‍ കടുത്ത വയറുവേദനയും, അമിതവണ്ണവും, സന്ധിവേദനയും നിത്യസംഭവമായി. പ്രദേശവാസികളുടെ നിത്യജീവിതത്തെ സാരമായി ഈ രോഗങ്ങള്‍ ബാധിച്ചു.

വായുവില്‍ നിന്നുള്ള മലിനീകരണമാണ് ഏറ്റവും രൂക്ഷം. ഇത് മേഖലയിലെ അസ്തമ രോഗികളുടെയും ക്യാന്‍സര്‍ രോഗികളുടെയും എണ്ണം വർധിപ്പിച്ചു. അപ്രതീക്ഷിതമായി മാലിന്യം കമ്പനി പുറന്തള്ളുന്ന സംഭവങ്ങള്‍ ഉണ്ടായതോടെ പ്രതിസന്ധി രൂക്ഷമായി. ചുറ്റുമുള്ള മറ്റ് മേഖലകളേക്കാളും പതിന്നാല് ഇരട്ടി വരെ ആസ്തമ രോഗികളുടെ എണ്ണം മാലിന്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലയിൽ കൂടുതലാണെന്ന് പഠനം കണ്ടെത്തി. 

ചെവി, മൂക്ക്,തൊണ്ട എന്നിവ ഉള്‍പ്പെടുന്ന ഇന്‍എന്‍ടി എന്ന ശരീരഭാഗങ്ങളില്‍ വ്യാപകമായ അലര്‍ജിക്കും ഈ മലിനീകരണം കാരണമായെന്ന് പഠനം പറയുന്നു. ഇ.എന്‍.ടി യില്‍ ഉണ്ടാകുന്ന ഫാരിഞ്ചൈറ്റിസ്, സിനുസിറ്റിസ് എന്നീ അസുഖങ്ങള്‍ ഈ മേഖലയില്‍ വ്യാപകമാണെന്നും തിരുനല്‍വേലി മെഡിക്കല്‍ കൊളേജ് നടത്തിയ പഠനത്തില്‍ പറയുന്നു. 

മിലാഗിയ എന്ന പേരില്‍ അറിയപ്പെടുന്ന കഠിനമായ മേലുവേദനയാണ് ഫാക്ടറിയില്‍ നിന്നുള്ള മിലനീകരണം മൂലം പ്രദേശവാസികള്‍ അനുഭവിക്കുന്ന മറ്റൊരു ആരോഗ്യപ്രശ്നം.സ്ത്രീകള്‍ക്ക് അര്‍ത്തവത്തിനുള്‍പ്പടെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്ന നിഗമനവും ഈ പഠനം നടത്തിയ ഡോക്ടര്‍മാര്‍ പങ്കുവയ്ക്കുന്നു. എന്നാല്‍ ഇക്കാര്യം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കൂടുതല്‍ പഠനം വേണ്ടിവരുമെന്നും ഇവര്‍ പറയുന്നു.

‍ഇതാദ്യമായല്ല വേദാന്തയുടെ സ്റ്റര്‍ലൈറ്റ് കോപ്പര്‍ ഫാക്ടറിക്കെതിരെ പ്രതിഷേധം തൂത്തുക്കുടിയില്‍ ഉയരുന്നത്. 2013 ല്‍ സ്റ്റെര്‍ലൈറ്റ് കമ്പനിയില്‍ നിന്നുണ്ടായ മലിന വസ്തുക്കള്‍ ശ്വസിച്ച് നിരവധി പേര്‍ ഗുരുതരാവസ്ഥയിലായതും ഏതാനും പേര്‍ പിന്നീട് മരിച്ചതും രാജ്യാന്തര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. അന്നേ ദിവസം കമ്പനിയില്‍ നിന്ന് പുറന്തള്ളിയ സള്‍ഫര്‍ ഓക്സൈഡ് എന്ന മാരക വിഷത്തിന്റെ അളവ് രേഖപ്പെടുത്തിയത് ഒരു ക്യൂബിക് മീറ്ററില്‍ 13000 മില്ലി ഗ്രാമാണ്. പരമാവധി അനുവദനീയമായ അളവാകട്ടെ 80 മില്ലി ഗ്രാമും.

അന്ന് ഹരിത ട്രൈബ്യൂണലും ഒടുവില്‍ 2018 ഏപ്രിലിലെ മാലിന്യ പുറന്തള്ളലിനെ തുടര്‍ന്ന് തമിഴ്നാട് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. വെള്ളത്തിലൂടെ പുറന്തള്ളിയ മാലിന്യമായിരുന്നു 2018ല്‍ തൂത്തുക്കുടിക്കാരെ രോഗബാധിതരാക്കിയത്.  എന്നാല്‍ രണ്ട് തവണയും അപ്പീലുകളിലൂടെ അനുകൂല വിധി സമ്പാദിക്കാന്‍ രാജ്യാന്തര വ്യവസായ ഭീമനായ വേദാന്തയ്ക്ക് സാധിച്ചു. ഇതോടെയാണ് ജീവന്‍ കളഞ്ഞും കമ്പനിക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ പ്രദേശവാസികള്‍ തയ്യാറായത്