Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ മിണ്ടാപ്രാണിയോട് അവർ ചെയ്ത കൊടും ക്രൂരത!

Dog

തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന ചെറുകഥ മലയാളിക്ക് ഏറെ പരിചിതമാണ്. ആ കഥയുടെ തനിയാവർത്തനമായിരുന്നു കഴിഞ്ഞ ദിവസം കോട്ടയത്ത് സംഭവിച്ചത്. പക്ഷേ കഥയുടെ അവസാനം സന്തോഷത്തിന്റേതായിരുന്നു എന്നുമാത്രം. കനത്ത മഴയിൽ വീടും റോഡും തോടുമെല്ലാം വെള്ളത്തിൽ മുങ്ങിയ അവസ്ഥ. കോട്ടയം താഴത്തങ്ങാടി ഭാഗത്തു കനത്ത മഴയെ തുടർന്ന് വെളളം പൊങ്ങിയപ്പോൾ വർഷങ്ങളോളം തങ്ങളെ കാത്ത നായയെ വീട്ടുകാർ മറന്നു. അവനെ അരയ്ക്കൊപ്പം വെള്ളത്തിൽ കൂട്ടിൽ പൂട്ടിയിട്ട് വീട്ടുകാർ സ്വന്തം സുരക്ഷ തേടി പോയി. 

നന്ദിയുള്ള മൃഗമായതു കൊണ്ട് അവൻ തന്റെ ജോലി തുടർന്നു. ആ വീടിന് അവൻ കാവലിരുന്നു. രണ്ടു ദിവസമായി വെള്ളത്തിൽ മുങ്ങി കിടക്കുന്ന നായയുടെ ദയനീയ അവസ്ഥ കണ്ട് മൃഗസ്നേഹികളാണ് അടച്ചിട്ട കൂട്ടിൽ നിന്നും നായയെ രക്ഷിച്ചത്. ഇക്കാര്യം ഡോഗ് ലവേഴ്സ് കേരള എന്ന പേജിൽ പങ്കുവച്ചതോടെ ഈ സ്നേഹത്തെ കേരളം നെഞ്ചോട് ചേർത്തു. ‘ഏകദേശം ഒന്നര കിലോമീറ്ററോളം അരയൊപ്പം വെള്ളത്തിലൂടെ നടന്നാണ് സംഘാംഗങ്ങൾ നായയുടെ അടുത്തെത്തിയത്. ഇവർ അവിടെയെത്തുമ്പോഴേക്കും തീർത്തും അവശ നിലയിലായിരുന്നു അവൻ. 

കൂട്ടിൽ കിടന്ന ഒരു തടി കഷണത്തിൽ പിടിച്ച് തല മാത്രം വെള്ളത്തിന് മുകളിൽ ഉയർത്തി പിടിച്ചു കൂട്ടിൽ നിലക്കുകയായിരുന്നു ആ പാവം. ഉടൻ തന്നെ അവനെ പുറത്തെടുത്തു. ശരീരം മുഴുവൻ മരവിച്ച അവസ്ഥയിലായിരുന്നു’. വേഗം തന്നെ അവനെ ഹോസ്പിറ്റലിൽ എത്തിച്ചു വേണ്ട ചികിത്സ നൽകുകയും അവന്റെ ദേഹം ചൂട് പിടിപ്പിക്കുകയും ചെയ്തു. ഇപ്പോൾ അവൻ ഭക്ഷണം ഒക്കെ കഴിച്ചു ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു.

വെള്ളം പൊങ്ങി വീടും മറ്റും അടച്ചിട്ട് പോകുന്നവരോട് ഒരു അഭ്യർത്ഥന, കഴിവതും ഈ മിണ്ടാപ്രാണികളെ കൂട്ടിലടയ്ക്കുകയും കെട്ടി ഇടാതെയും പോവുക. ഇത്തരം സന്ദർഭങ്ങളിൽ അവയ്ക്ക് സ്വയം രക്ഷപെടാനെങ്കിലും സാധിക്കുമല്ലോ.. മനുഷ്യനായാലും മൃഗമായാലും ജീവന്റെ വില അതൊന്നു തന്നെയാണ്! കാവൽ നിന്ന വീട്ടുകാർ കാണിക്കാത്ത ദയയും സ്നേഹവും ഒരുകൂട്ടം മനുഷ്യരിൽ നിന്ന് കിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ ഈ നായ.