Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കാലവും ഇടുക്കിയും പിന്നെ മുല്ലപ്പെരിയാറും

വർഗീസ് സി. തോമസ്
Idukki Cheruthoni

മഴ നന്നായി പെയ്‌താൽ അണക്കെട്ടുകൾ നിറയുമെന്നു മാത്രമല്ല, നദീതീരങ്ങളിൽ ആശങ്കയുടെ പ്രളയം സൃഷ്‌ടിക്കുകയും ചെയ്യും. കേരളത്തിലെ മിക്ക ഡാമുകളും മഴക്കാലത്ത് തുറക്കുന്നവയാണ്. എന്നാൽ ഇടുക്കി തുറന്നാൽ അതൊരു മഹാസംഭവമാണെന്ന് ഒരിക്കൽകൂടി തെളിഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ  ജലവൈദ്യുതി നിലയമായ ഇടുക്കി ഹൈഡ്രോ ഇലക്‌ട്രിക്ക് പ്രോജക്‌ടിന്റെ അണക്കെട്ട് കാലവർഷക്കാലത്ത് ഇതുവരെ തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. എന്നാൽ തുലാമഴക്കാലത്ത് രണ്ടു തവണ തുറക്കുകയും 2007 ലും 2013 ലും സെപ്‌റ്റംബർ മാസത്തിൽ പൂർണ തോതിൽ നിറയുകയും ചെയ്‌തു.

ചരിത്രത്തിൽ ആദ്യമായാണ് കാലവർഷ സമയത്ത് ഡാം തുറക്കുന്നത്. 1976 ൽ കമ്മിഷൻ ചെയ്‌ത ഡാം ആദ്യം നിറഞ്ഞത് 1981–ൽ ആയിരുന്നു. അന്ന് ഒക്‌ടോബർ 29 നും നവംബർ 13 നും ഇടയിൽ പല തവണ ഷട്ടറുകൾ ഉയർത്തുകയും താഴ്‌ത്തുകയും ചെയ്‌തു. 1992ൽ ആണ് അണ രണ്ടാമത് തുറക്കുന്നത്. ഒക്‌ടോബർ 12 മുതൽ 23 വരെ 12 ദിവസം തുടർചയായി ഷട്ടറുകൾ തുറന്നു വച്ചു.

സംസ്‌ഥാനത്തെ മിക്ക ഡാമുകളും തുറന്നിരിക്കയാണ്. കനത്തു പെയ്യുന്ന അസാധാരണ മഴയാണ് ഇത്തവണത്തെ പ്രത്യേകത. സംസ്‌ഥാനത്ത് 19 ശതമാനം മഴ അധികമായി ലഭിച്ചിരിക്കുകയാണ്. ഇടുക്കി ജില്ലയിൽ ഇത് 54 ശതമാനമാണ്. പെരിയാറിനു കുറുകെ കുറവൻ കുറത്തി മലകളെ ബന്ധിപ്പിച്ച് 1969 കാലത്താണ് ഇങ്ങനെയൊരു ജലവൈദ്യുത നിലയം നിർമിക്കാൻ അനുമതി കിട്ടുന്നത്. ഏപ്രിൽ 30 ന് അന്നു മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടാണ് കല്ലിട്ടത്. 1976 ഫെബ്രുവരി 12 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് പദ്ധതി കമ്മിഷൻ ചെയ്‌തത്. 554 അടിയാണ് (168.91 മീറ്റർ) ഇടുക്കി അണക്കെട്ടിന്റെ ഉയരം. സംഭരണിയുടെ പരമാവധി ശേഷി പറയുമ്പോൾ സമുദ്രനിരപ്പിൽ നിന്നുള്ള ശരാശരി ഉയരം (മീൻ സീ ലെവൽ– എംഎസ്‌എൽ) കണക്കാക്കിയാണ്  2403 അടി ജലനിരപ്പെന്നു പറയുന്നത്.

മൂന്നു ഡാമുകളും ഒരു പവർഹൗസും ചേരുന്നതാണ് ഇടുക്കി അണക്കെട്ട്. ഇടുക്കി ആർച്ച് ഡാം, ചെറുതോണി, കുളമാവ് എന്നിവയാണ് ഡാമുകൾ. ഇടുക്കിയും ചെറുതോണിയും അടുത്തടുത്തും കുളമാവ് ഏകദേശം 30 കിമീ അകലെയുമാണ്. കുളമാവിൽ നിന്ന് ഇൻടേക്ക് വെൽ വഴി വലിയൊരു തുരങ്കത്തിലൂടെ വെള്ളം  കിലോമീറ്ററുകൾ താഴെയുള്ള മൂലമറ്റം പവർ ഹൗസിൽ എത്തിച്ചാണ്  വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. കുഴലുകളിലൂടെ എത്തുന്ന വെള്ളം ശക്‌തിയായി ചീറ്റിച്ച് പവർ ഹൗസിലെ ജലചക്രങ്ങളെ കറക്കും.  ചലിക്കുന്ന ഒരു കാന്തമണ്ഡലത്തിൽ കാന്തിക രേണുക്കൾക്കു കുറുകെ സ്‌ഥാപിച്ചിരിക്കുന്ന ഒരു വൈദ്യുതി വാഹിനിയിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കും എന്ന തത്വത്തെ അടിസ്‌ഥാനമാക്കിയാണ് വൈദ്യുത ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നത്. 

മൂലമറ്റം പവർഹൗസിൽ ആവശ്യമായ കാന്തിക മണ്ഡലം സൃഷ്‌ടിക്കുന്നത് റോട്ടറിൽ ഘടിപ്പിചിട്ടുള്ള 16 വൈദ്യുത കാന്തങ്ങളാണ്. ആറു ജനറേറ്ററുകളാണ് മൂലമറ്റം പവർ ഹൗസിലുള്ളത്. വാർഷിക അറ്റകുറ്റപ്പണിക്ക് ഒരെണ്ണം അടച്ചിട്ടിരിക്കുന്നു. ബാക്കി അഞ്ചും കൂടി പ്രതിദിനം 15 ദശലക്ഷം (എംയു) വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം വരെ ഇത് 14 എംയു ആയിരുന്നു.

780 മെഗാവാട്ട് സ്‌ഥാപിത ശേഷിയുള്ള ഇടുക്കി ജല വൈദ്യുത പദ്ധതി മൂന്നു ഘട്ടമായാണ് പൂർത്തിയാക്കിയത്. പെരിയാറിനു പുറമെ കല്ലാർ, ഇരട്ടയാർ, കുട്ടിയാർ, അഴുതയാർ, മുത്തിയുരണ്ടയാർ, കിളിവള്ളിത്തോട്, നാരകക്കാനം, ഡൈവേർഷൻ, കട്ടപ്പനയാർ തുടങ്ങിയ നീരൊഴുക്കുകളും ഇടുക്കി ജലാശത്തിൽ ചേരുകയാണ്. 

മൂന്നു ജാഗ്രതാ നിർദേശങ്ങളാണ് ഡാം തുറക്കുന്നതിനു മുന്നോടിയായി നൽകിയത്. ആദ്യത്തേത് ജാഗ്രത (ബ്ലൂ), രണ്ടാമത്തേത് ജലനിരപ്പ് 2395 അടി എത്തിയാൽ നൽകും. ഇത് അതിജാഗ്രത (ഓറഞ്ച്), ജലനിരപ്പ് 2399 എത്തിയാൽ നൽകുന്നതാണ് അതീവ ജാഗ്രത (റെഡ്). 2340 എത്തുന്നതോടെ ഷട്ടർ തുറക്കും. ചെറുതോണി ഡാമിന് അഞ്ച് ഷട്ടറുകളാണ് ഉള്ളത്. സംഭരണിയുടെ മധ്യത്തിലുള്ള ഷട്ടറാണ് ആദ്യം തുറന്നത്. 10–20 സെന്റീമീറ്റർ തുറന്ന് ആദ്യം ട്രയൽ നടത്തി. രണ്ട്– മൂന്ന്  അടി ഉയർത്തിയാൽ താഴെയുള്ള ചെറുതോണി പാലം മുങ്ങുമെന്നു മുമ്പ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.  വൈദ്യുതി ഉപയോഗിച്ചും ഉരുക്കുവടം ഉപയോഗിച്ചും ഷട്ടറുകൾ ഉയർത്താം. തുറന്നുവിടുന്ന വെള്ളം പെരിയാറ്റിലൂടെ ചെറുതോണി ടൗൺ കടന്ന് ലോവർ പെരിയാർ ഡാമിലാണ് ആദ്യം എത്തുക. പിന്നീട് നേര്യമംഗലം വഴി കോതമംഗലത്തിനടുത്ത് ഭൂതത്താൻകെട്ട് ഡാമിലെത്തും. ഈ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നുവച്ചിരിക്കുന്നതിനാൽ വൈകാതെ തന്നെ വെള്ളം ആലുവയിലെത്തും. 

മുനമ്പം കായൽ വഴി പെരിയാറിനൊപ്പം അറബിക്കടലിൽ ലയിക്കും. വെള്ളംതുറന്നു വിടുമ്പോൾ നദി അതിന്റെ പഴയ വഴികൾ തിരിച്ചു പിടിക്കും. ഇവിടെ വച്ചിരിക്കുന്ന കെട്ടിടങ്ങളിലും കൃഷി സ്‌ഥലങ്ങളിലും വെള്ളം കയറും. നദിയുടെ നടുവിലെ തുരുത്തുകളിലും മറ്റും മനുഷ്യരോ കന്നുകാലികളോ ഒറ്റപ്പെടും. ദുരന്ത നിവാരണ സേനയുടെ സഹായമാണ് ഇത്തരം സന്ദർഭങ്ങളിൽ ഏറെ സഹായകരമാകുന്നത്. റവന്യൂ വകുപ്പിന്റെ കീഴിലാണ് സംസ്‌ഥാന ദുരന്ത നിവാരണ സമിതിയെങ്കിൽ കേന്ദ്ര സർക്കാരിന്റെ കീഴിലാണ് നാഷനൽ ഡിസാസ്‌റ്റർ റെസ്‌പോൺസ് ഫോഴ്‌സ്. ആറക്കോണത്താണ് എൻഡിആർഎഫിന്റെ ദക്ഷിണേന്ത്യയിലെ ആസ്‌ഥാനം.

ഈ വർഷത്തെ അസാധാരണ കാലവർഷം ഹൈറേഞ്ചിനെ മാത്രമല്ല, കുട്ടനാട് ഉൾപ്പെടെ കേരളത്തിന്റെ പല താഴ്‌ന്ന പ്രദേശങ്ങളെയും വെള്ളത്തിനടിയിലാക്കി.  മൂന്നു ഡാമുകളും ചേർന്നു സൃഷ്‌ടിച്ചിരിക്കുന്ന തടാകം പോലെ വിശാലമായ ഇടുക്കി ജലാശയത്തിന് 60 ചതുരശ്ര കിലോമീറ്ററാണ് വിസ്‌തൃതി. കാലാവസ്‌ഥാ മാറ്റത്തിന്റെ ഫലമായി അന്തരീക്ഷ താപനില ഓരോ വർഷവും ഉയരുന്നതിനാൽ മഴയുടെ സ്വഭാവവും മാറുമെന്നാണ് ശാസ്‌ത്രലോകം പറയുന്നത്. മഴ ദിവസങ്ങൾ കുറയുകയും പെയ്യുന്ന മഴയുടെ ശക്‌തിയും അത് സൃഷ്‌ടിക്കുന്ന വിനാശത്തിന്റെ തോതും ഉയർന്നിരിക്കയും ചെയ്യും.

Idukki Periyar

കാട് കുറഞ്ഞല്ലോ എന്നിട്ടും മഴ പെയ്യുന്നില്ലേ എന്നു പരിഹസിക്കുന്നവരുണ്ട്. കാടുണ്ടെങ്കിലുള്ള ഗുണം മഴമേഘങ്ങളെ തടഞ്ഞുനിർത്തുക മാത്രമല്ല, പെയ്യുന്ന മഴയുടെ ഒരു ഭാഗത്തെ മണ്ണിൽ പിടിച്ചു നിർത്താനും സഹായിക്കും. കൂടുതൽ കാടുണ്ടായിരുന്നെങ്കിൽ പശ്‌ചിമഘട്ടത്തിൽ കൂടുതൽ വെള്ളത്തെ പിടിച്ചുനിർത്തുമായിരുന്നു. കുട്ടനാട്ടിലും മറ്റും ഇത്രവേഗം വെള്ളം വന്ന് നിറയുകയില്ലായിരുന്നു. പ്രളയം ഇത്രയും രൂക്ഷമാകില്ലായിരുന്നു. ഇടനാടൻ പ്രദേശത്തെ കുന്നുകൾ ഇടിച്ച് പാടങ്ങൾ നികത്തിയതോടെ മഴവെള്ളത്തിനു കയറിക്കിടക്കാൻ പിന്നെയും ഇടമില്ലാതായി. നേരെ പടിഞ്ഞാറേക്ക് പാഞ്ഞൊഴുകുക മാത്രമായി  വെള്ളത്തിന്റെ മുന്നിലുള്ള ഏക മാർഗം. 

വെള്ളം താഴേണ്ട മണ്ണ് എന്ന ജൈവ സ്പോഞ്ച് ഇന്ന് ഏറെ കുറഞ്ഞു. ടിപ്പറിൽ കയറ്റി വിടേണ്ട ചരക്കു മാത്രമായി ഇന്നു മലയാളിക്ക് മണ്ണ്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ഇടുക്കി.  ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ പവർഹൗസാണ് പദ്ധതിയുടെ ഭാഗമായി മൂലമറ്റത്തുള്ളത്. ഇവിടുത്തെ രണ്ട്  പ്രഷർഷാഫ്‌ടുകൾ (സമ്മർദ തുരങ്കങ്ങൾ) ഇന്ത്യയിലെ തന്നെ ഏറ്റവും വലുത്.– 993 മീറ്ററും 955 മീറ്ററും. ചെറുതോണി ഇന്നും ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ഗ്രാവിറ്റി (ഭാരാശ്രിത) അണക്കെട്ടുകളിലൊന്നാണ്. 

idukki-dam-cheruthoni

ഏകദേശം 649 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് പെയ്യുന്ന മഴയത്രയും ഇടുക്കി സംഭരണിയിലേക്ക് എത്തുന്നു. ഫുൾ റിസർവോയർ ലെവൽ (എഫ്‌ആർഎൽ) അഥവാ ഉയരം 2403 അടി (732.62 മീറ്റർ). ആകെ ശേഷി 70500 മില്യൺ ക്യൂബിക് ഫീറ്റ് അഥവാ 1996 ദശലക്ഷം ഘന മീറ്റർ. സ്‌ഥാപിത ശേഷി 780 മെഗാവാട്ട്. സംസ്‌ഥാനത്തെ ഇപ്പോഴത്തെ പ്രതിദിന ശരാശരി വൈദ്യുതി ഉപഭോഗം 62 ദശലക്ഷം യൂണിറ്റാണ്. ഇതിന്റെ 35 ശതമാനവും ഇപ്പോൾ ജലവൈദ്യുത നിലയങ്ങളിൽ നിന്നാണ് ലഭിക്കുന്നത്.

ഇടുക്കിയിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഡബിൾ സർക്യൂട്ട് ലൈൻവഴി കളമശേരിയിലേക്കാണ് പ്രധാനമായും പോകുന്നത്. ഒരു സിംഗിൾ ലൈൻ സർക്യൂട്ട് തമിഴ്‌നാട്ടിലേക്കും മറ്റൊന്ന് കോട്ടയം പള്ളം 440 കെവി സബ് സ്‌റ്റേഷനിലേക്കും പോകുന്നു. ഇന്ന് കെഎസ്‌ഇബിക്ക് 16 ജല വൈദ്യുത പദ്ധതികളും 15 ചെറുകിട ജലവൈദ്യുത നിലയങ്ങളും രണ്ട് താപനിലയങ്ങളും കാറ്റാടി പാടങ്ങളുമുണ്ട്. ഇവിടെ നിന്നുള്ള വൈദ്യുതി തികയാത്തതിനാൽ പുറത്തുനിന്ന് വാങ്ങുകയും ചെയ്യുന്നു. സൈലന്റ് വാലി, പൂയംകുട്ടി, അതിരപ്പിള്ളി തുടങ്ങിയ ജലവൈദ്യുത പദ്ധതികൾ ശുപാർശ ചെയ്‌തെങ്കിലും ഡാമുകൾ നിർമിച്ച്  നദികളെ തടയുന്നതു പരിസ്‌ഥിതി സൗഹൃദമല്ലെന്ന വാദത്തെ തുടർന്ന് ഇവ ഉപേക്ഷിക്കാൻ കെഎസ്‌ഇബി നിർബന്ധിതമായി. ചാലക്കുടിപ്പുഴയിലും മറ്റും മുങ്ങിപ്പോകുന്ന വനത്തെപ്പറ്റിയുള്ള ആശങ്ക കണക്കിലെടുത്താണ് ഈ തീരുമാനം. 

സംസ്‌ഥാന വൈദ്യുത ബോർഡിന്റെ നിയന്ത്രണത്തിലുള്ള വിവിധ ഡാമുകളും അവയുടെ സംഭരണ ശേഷിയും (സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം മീറ്ററിൽ)

ഇടമലയാർ 169  

കക്കാട്  192 

ലോവർ പെരിയാർ 253 

പൊരിങ്ങൽ 423 

നേര്യമംഗലം 456 

പൊന്മുടി 707 

ഇടുക്കി 732 മീറ്റർ 

കുറ്റ്യാടി 758 

തരിയോട് 775 

ഷോളയാർ 811 

ചെങ്കുളം 847 

കക്കി 981 

പമ്പ 986 

ആനയിറങ്കൽ 1207 

മാട്ടുപ്പെട്ടി 1599 

കുണ്ടള 1759

ഡാം– 10 കാര്യങ്ങൾ

ഡാം–  നദികളുടെ സ്വാഭാവിക ഒഴുക്കു തടഞ്ഞ് കോൺക്രീറ്റ് കൊണ്ട് നിർമിക്കുന്ന വലിയ കെട്ട്. പവർഹൗസ്– ഡാമുകളിലെ വെള്ളം എത്തിച്ച്  കാന്തിക മണ്ഡലത്തിനടിയിൽ വൈദ്യുത ചാലക വസ്‌തു സ്‌ഥാപിച്ച് ജലചക്രം കറക്കി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സ്‌ഥലം. 

ടണൽ– മലമുകളിലെ ഡാമുകളിൽ നിന്നുള്ള വെള്ളം അതിശക്‌തമായി താഴേക്ക് കൊണ്ടുവന്ന് പവർഹൗസിലെ ജലചക്രങ്ങൾ കറക്കാൻ ഉപയോഗിക്കുന്ന വലിയ കുഴൽ. 

ഗാലറി–  കയറി‘ചെന്ന് ഡാമുകൾക്കുള്ളിൽ നിരീക്ഷണം നടത്താനുള്ള ഇടനാഴി. 

idukki-dam-opened

ഹെഡ്– എത്രയും ഉയരത്തിലാണോ  ജലം സംഭരിക്കുന്ന ഡാം അത്രയും ശക്‌തിയായിട്ടായിരിക്കും ജലം കുഴലിലൂടെ താഴെയുള്ള പവർഹൗസിലെത്തി ജലചക്രത്തെ കറക്കുക. ഈ കറക്കത്തിന്റെ വേഗം കൂടുന്നതനുസരിച് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ  അളവും കൂടും. പശ്‌ചിമഘട്ടത്തെ ശക്‌തിശൈലമാക്കുന്ന ഘടകമിതാണ്. 

സ്‌പിൽവേ– ഡാം തുറക്കേണ്ടി വന്നാൽ വെള്ളം ഒഴുകിവരാൻ നിശ്‌ചയിച്ചിട്ടുള്ള ജലനിർഗമന കവാടം. 

ഷട്ടർ, ഗേറ്റ്– ഡാം തുറന്ന് പുറത്തേക്കു വെള്ളം വിടുന്ന വാതിൽ. 

പവർ ടണൽ– ഡാമിലെ വെള്ളം പവർ ഹൗസിലേക്ക് കൊണ്ടുപോകുന്ന കുഴലിന്റെ ആരംഭ ഭാഗത്തെ ശക്‌തി തുരങ്കം. 

സ്‌റ്റോറേജ്– ഡാമിൽ നറിയക്കാവുന്ന വെള്ളത്തിന്റെ  സംഭരണ ശേഷി. 

എഫ്‌ആർഎൽ– ഡാമിൽ ആകെ കൊള്ളുന്ന വെള്ളത്തിന്റെ ഉയരം സമുദ്രനിരപ്പിൽ നിന്ന്. 

മുല്ലപ്പെരിയാർ 

ഇടുക്കിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പറഞ്ഞുകേൾക്കുന്ന പേരാണ് മുല്ലപ്പെരിയാറിന്റേത്. മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാൽ ആ വെള്ളവും മണ്ണും ചെളിയും എല്ലാം ഇടുക്കി ഡാമിലേക്കാണ് ഒഴുകിയെത്തുക. ഇതു താങ്ങാനുള്ള ശേഷി ഇടുക്കി ഡാമിന് ഉണ്ടാകണമെന്നില്ല. ഇത് അപകടമരമായ സ്‌ഥിതിയാണ്. മഴക്കാലത്ത് രണ്ടു ഡാമുകളും നിറഞ്ഞുനിൽക്കുമ്പോഴാണ് അപകട സാധ്യത ഏറെ. ചെറിയ ഭൂചലനങ്ങളും ഈ പ്രദേശത്ത് മുൻപ് ഉണ്ടായിട്ടുണ്ട്. 

Mullapperiyar-Damm

തേക്കടി വന്യജീവി സങ്കേതത്തോടു ചേർന്നാണ്  122 വർഷത്തെ പഴക്കമുള്ള ഈ ഡാം. തമിഴ്‌നാട്ടിലെ തേനി, മധുര, ഡിണ്ടികൽ, രാമനാഥപുരം ജില്ലകളിലെ കൃഷി ആവശ്യമത്തിനാണ്  1896 ൽ സുർക്കിയും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ മിശ്രിതം ഉപയോഗിച്ച് ഈ കരിങ്കൽ ഡാം കെട്ടിപ്പൊക്കിയത്. വൈഗ അണക്കെട്ടിലേക്കാണ് ഈ വെള്ളം ഒഴുകിയെത്തുന്നത്.

പെന്നിക്വിക്ക് എന്ന ബ്രിട്ടീഷ് എൻജിനീയറാണ് നിർമാണത്തിനു നേതൃത്വം നൽകിയത്.  ഇദ്ധേഹത്തെ ഇന്നും തമിഴ്‌നാട്ടുകാർ ആരാധനയോടെയാണ് സ്‌മരിക്കുന്നു.  ഡാമിന്റെ ആയുസ് ശരാശരി 60 വർഷമായിരുന്നുവെങ്കിലും ഡാം ഡി കമ്മിഷൻ ചെയ്യാൻ തമിഴ്‌നാട് വിസമ്മതിച്ചു.  വിശാഖം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് 999 വർഷത്തേക്കുള്ള മുല്ലപ്പെരിയാർ കരാർ എഴുതപ്പെട്ടത്. ഇത് ചതിയാണെന്നും മറ്റുമുള്ള വാദം പിന്നീട് ഉയർന്നു. 

Mullaperiyaar Dam

1978 ൽ ഡാമിലെ ജലനിരപ്പ് 136 അടിയായി കോടതി നിജപ്പെടുത്തി. എന്നാൽ 2014 ൽ കോടതി ഊ ഉയരം 142 അടി വരെ ആക്കാമെന്ന് വിധിച്ചു. ഇത് കേരളത്തിനു പുതിയ ഭീഷണി ഉയർത്തിയിട്ടുണ്ട്. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തി ഡാം ബലപ്പെടുത്തിയിട്ടുണ്ടെന്നാണു തമിഴ്‌നാടിന്റെ വാദം. ഈ മഴക്കാലത്ത് തന്നെ 142 അടി വെള്ളം ഡാമിൽ നിറയ്‌ക്കാനുള്ള ഒരുക്കത്തിലാണ് തമിഴ് നാട്. എന്നാൽ ഇടുക്കി തുറന്ന സമയത്ത് മുല്ലപ്പെരിയാറും തുറന്നിരുന്നെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമായിരുന്നു. അതുകൊണ്ട് 142 അടി കേരളത്തിന് തിരിച്ചടിയാണെങ്കിലും തൽക്കാലം ആശ്വാസമായി. 

ടിഎംസി 

idukki-dam-cheruthoni

വെള്ളത്തിന്റെ അളവ് പറയുമ്പോൾ പലപ്പോഴും ഉപയോഗിക്കുന്ന അളവു കോലാണ് ഇത്. തൗസന്റ് മില്യൺ ക്യൂബിക് ഫീറ്റ് എന്നാണ് ഇതിന്റെ പൂർണ രൂപം. ആയിരം ദശലക്ഷം ഘനയടി എന്നു ചുരുക്കം. ഒരു ടിഎംസി എന്നാൽ 28,316,846,592 ലീറ്ററാണ്. 70 ടിഎംസിയാണ് ഇടുക്കി സംഭരണിയുടെ ശേഷി.