പെരിയാറ്റിൽ വൻ മണൽശേഖരം!

ജലപ്രളയം പെരിയാറിന്റെ അടിത്തട്ടിലും കടവുകളിലും അപ്രതീക്ഷിതമായി എത്തിച്ചതു വൻ മണൽശേഖരം. ഇതിൽ കണ്ണുവച്ചു പലയിടത്തും മണൽമാഫിയ രംഗത്തെത്തി. നേരത്തേ പുഴമണലിൽ നിറയെ ചെളിയായിരുന്നു. എന്നാൽ, പ്രളയശേഷം കുന്നുകൂടിയ മണൽ തരിമുഴുപ്പു കൂടിയതും ഒട്ടും ചെളി ഇല്ലാത്തതുമാണ്. കഴുകി അരിച്ചെടുത്ത പോലെ സ്വർണനിറം. അതുകൊണ്ടുതന്നെ പുത്തൻ മണലിന് ആവശ്യക്കാരേറെ. 

ശിവരാത്രി, പരുന്തുറാഞ്ചി മണപ്പുറങ്ങളിൽ ലോഡ് കണക്കിനു മണലാണ് അടിഞ്ഞുകൂടിയത്. പുഴമണൽ ലേലംചെയ്തു ദുരിതാശ്വാസത്തിനു തുക കണ്ടെത്തണമെന്ന ആവശ്യവുമായി ചിലർ രംഗത്തുണ്ട്. എന്നാൽ, അതിനു മുൻപേ മണലൂറ്റുകാർ അവരുടെ ജോലി തുടങ്ങി. കഴിഞ്ഞ രാത്രി പരുന്തുറാഞ്ചിയിൽ മൂന്നു വലിയ വള്ളങ്ങളുമായി മണൽ കടത്താൻ എത്തിയവരെ നാട്ടുകാർ വളഞ്ഞു ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു.  പെരിയാറിൽ ജലനിരപ്പ് ഏറെ താഴ്ന്നതിനാൽ അടിത്തട്ടിൽ നിന്നു മണൽ വാരാൻ എളുപ്പമാണ്. പണ്ടു തോട്ടി കുത്തി വാരിയിരുന്ന സ്ഥലത്തൊക്കെ ഇപ്പോൾ കോരിയെടുക്കാം. പുഴയിൽ അടിയൊഴുക്കു ശക്തമായതാണ് ചെളി നീങ്ങി ശുദ്ധമായ മണൽ അടിയാൻ കാരണം.

പെരിയാറിലെ അനധികൃത മണലൂറ്റിനെത്തുടർന്ന് ആലുവ, കാലടി പാലങ്ങളുടെ തൂണുകൾ അപകടാവസ്ഥയിലാണ്. പ്രളയത്തിൽ തൂണുകൾക്കു ചുറ്റും കുറച്ചു മണൽ അടിഞ്ഞിട്ടുണ്ടെന്നത് ആശ്വാസം. മണൽ കടത്തുകാരെ പിടികൂടാൻ റൂറൽ ജില്ലാ പൊലീസിനു മൂന്നു ഫൈബർ ബോട്ടുകളുണ്ടായിരുന്നു. പാലസിനു താഴെ കെട്ടിയിട്ടിരുന്ന അവ സംരക്ഷണമില്ലാതെ പൂർണമായും നശിച്ചു. മണൽ കടത്തുകാരെ പിടികൂടിയാൽ അറസ്റ്റ് രേഖപ്പെടുത്തി പിഴ അടപ്പിച്ചു വിടുകയാണു ചെയ്യുന്നത്. മണൽ റവന്യു വകുപ്പ് ലേലം ചെയ്യും. മിക്കവാറും വാരിയവർ തന്നെയാവും ലേലത്തിൽ പിടിക്കുക.