തണ്ണീർമുക്കം ബണ്ടിലെ മൺചിറ പൊളിക്കൽ മണ്ണുനീക്കം പുരോഗമിക്കുന്നു

തണ്ണീർമുക്കം ബണ്ടിലെ മൺചിറ പൊളിച്ചു മണ്ണ് നീക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നു. തെക്കുഭാഗത്ത് കായലിന്റെ ഭാഗത്തുള്ള മണ്ണാണ് ഇപ്പോൾ നീക്കുന്നത്. ഇത് ടിപ്പറിൽ അൽപം അകലെ തന്നെയാണു നിക്ഷേപിക്കുന്നത്. വടക്കു ഭാഗത്ത ഷീറ്റ് പൈൽ നിന്ന സ്ഥലത്തെ മൺചിറയും പൂർണമായും പൊളിച്ചിട്ടില്ല. ഇവിടെ അഞ്ച് മീറ്ററോളം ഭാഗം മാത്രമാണു മുറിച്ചിട്ടുള്ളത്. ടോറസ് ലോറിയിൽ മുന്നൂറോളം ലോഡ് മണ്ണ് എടുത്തതായാണ് ഏകദേശ കണക്ക്. മൊത്തം ഒന്നരലക്ഷം ഘനയടി മണ്ണാണുള്ളത്.

അതേസമയം, ബണ്ടിന്റെ മണ്ണ് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു പഞ്ചായത്തിന്റെ നേതൃത്വത്തിൽ 10നു നടത്തുവാൻ നിശ്ചയിച്ചിരുന്ന ജനകീയ കൺവൻഷൻ ഉപേക്ഷിച്ചു. പഞ്ചായത്തിന്റെ ആവശ്യം അടുത്ത കാബിനറ്റ് യോഗത്തിൽ ചർച്ച ചെയ്യാമെന്ന മന്ത്രി പി.തിലോത്തമന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസ് പറഞ്ഞു. ഇന്നലെ പഞ്ചായത്തിൽ നടന്ന ചർച്ചയിൽ മന്ത്രിയും പങ്കെടുത്തു. ജില്ലയിലെ മറ്റു മന്ത്രിമാരുടെ കൂടി സഹായത്തോടെ കാബിനറ്റിൽ ചർച്ച ചെയ്ത് ഉചിതമായ തീരുമാനമുണ്ടാക്കാമെന്നു മന്ത്രി പറഞ്ഞു.