പ്രളയശേഷം ആലപ്പുഴയിൽ കടലിറക്കം; ഏതാനും ദിവസം കൊണ്ട് കടൽ ഉൾവലിഞ്ഞത് 30 മീറ്റർ!

ആലപ്പുഴ ജില്ലയിൽ കടൽ ഉൾവലിയുന്ന പ്രതിഭാസവും. ആലപ്പുഴ ബീച്ചിൽ ഏതാനും ദിവസം കൊണ്ട് കടൽ 30 മീറ്റർ ഉള്ളിലേക്കിറങ്ങി. അന്ധകാരനഴി, അർത്തുങ്കൽ, മാരാരിക്കുളം പ്രദേശങ്ങളിലും കടൽ വലിയുന്നുണ്ട്. വലിയ തിരകളില്ലാതെ കടൽ ശാന്തമാകുകയും ചെയ്തു. കടൽ ഉള്ളിലേക്കു വലിയുന്നതോടെ നദികളിൽനിന്നുള്ള നീരെടുപ്പ് വർധിക്കുമെന്നാണു കരുതുന്നത്. അങ്ങനെയെങ്കിൽ ഉൾനാടൻ ജലാശയങ്ങളിലെ ജലനിരപ്പ് ഇനിയും താഴ്ന്നേക്കും. 

എന്നാൽ, പ്രളയത്തിനു ശേഷം വെയിൽ ശക്തമായതോടെ സ്വാഭാവികമായുള്ള ഉൾവലിയലാണ് ഉണ്ടായിട്ടുള്ളതെന്നു പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. പ്രളയത്തിനുശേഷം ഭാരതപ്പുഴയിൽനിന്നുള്ള മണൽ അടിഞ്ഞതോടെ, മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ കടലിൽ തുരുത്ത് രൂപപ്പെട്ടു. പൊന്നാനി അഴിമുഖത്ത് തീരത്തോട് ചേർന്നാണ് അരകിലോമീറ്ററോളം നീളത്തിൽ മണൽതിട്ടയുണ്ടായത്. ആളുകൾക്ക് ഇതിലൂടെ കടലിലേക്ക് ഇറങ്ങിച്ചെല്ലാനാകും. ഇവിടെ കടൽ ഉൾവലിഞ്ഞിട്ടില്ല. അഴിമുഖത്തു മറ്റു ഭാഗങ്ങളിലും ചെറിയ മണൽത്തിട്ടകൾ രൂപപ്പെട്ടിട്ടുണ്ട്.

കള്ളക്കടൽ പ്രതിഭാസമല്ല; ഇതു വേലിയിറക്കം : ഡോ. ആർ. ഹരികുമാർ, (സമുദ്രസ്ഥിതി പ്രവചന മേധാവി, ദേശീയ സമുദ്രഗവേഷണ കേന്ദ്രം, ഹൈദരാബാദ്)

ആലപ്പുഴ ബീച്ചില്‍ കടല്‍ 30 മീറ്ററോളം പിന്‍വലിഞ്ഞ നിലയില്‍.

ആലപ്പുഴ ഉൾപ്പെടെയുള്ള മേഖലകളിൽ കടൽ വലിയതോതിൽ പിൻവലിഞ്ഞത് വേലിയിറക്കത്തിന്റെ ഭാഗമായാണ്. ഈ മാസം വേലിയിറക്കത്തിന്റെ തോത് ഏറ്റവും കൂടിയ ദിവസമായിരുന്നു ഞായറാഴ്ച. വേലിയിറക്ക സമയത്തു കരയിൽനിന്നു കടലിലേക്ക് ശക്തമായ കാറ്റ് തുടർച്ചയായി വീശുന്നുണ്ടെങ്കിൽ കടൽ ഇറങ്ങുന്നതിന്റെ അളവ് കൂടും. ആലപ്പുഴയിൽ ഇതു സംഭവിച്ചിരിക്കാനാണ് സാധ്യത.   മറ്റൊരു സാധ്യത കുറച്ചുകൂടി അപകടസാധ്യതയുള്ള കള്ളക്കടൽ പ്രതിഭാസമാണ്. എന്നാൽ,  രണ്ടു ദിവസങ്ങളിൽ കേരളതീരത്ത് കള്ളക്കടൽ പ്രതിഭാസമുണ്ടായിട്ടില്ല.