Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെളിനീരു ചുരത്തുന്ന കേണികൾ അദ്ഭുതമാകുന്നു! ​

വയനാട്ടിലെ ജലസ്രോതസുകളിലെല്ലാം വെള്ളം കുറയുമ്പോൾ അദ്ഭുത പ്രതിഭാസമായി കേണികൾ നിറഞ്ഞു കവിഞ്ഞ് ഒഴുകുന്നു. പ്രളയം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ കിണറുകളിലും കുളങ്ങളിലും വലിയ പുഴകളിലും ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞ് ആശങ്ക ഉയർത്തുന്നതിനിടയിലാണ് പഴമയുടെ പ്രതീകമായി കയ്യേറ്റങ്ങളിൽ നശിക്കാതെ ഇന്നും നിലനിൽക്കുന്ന കേണികളിൽ തെളിനീര് നിറഞ്ഞു കവിഞ്ഞ് ഒഴുകുന്നത്. 

പഴമയുടെ കാലത്ത് ഉൾച്ചോറ് നീക്കം ചെയ്ത പനക്കുറ്റി ഉപയോഗിച്ച് പണിത കൊച്ചു കിണറാണ് ഇന്ന് കാണുന്ന കേണികൾ. ഇതിന് കനി എന്ന പേരും ഉണ്ട്. ഇപ്പോഴും നിലനിൽക്കുന്ന അപൂർവ ജലസംരക്ഷണ സംഭരണിയായ കേണികൾ കടുത്ത വേനലിലും വറ്റാത്ത ജലം ചുരത്തുന്നവയാണ്.

പാക്കം തിരുമുഖത്തെ പനക്കുറ്റി കേണിയും പൂതാടി പഞ്ചായത്തിലെ എടലാട്ട് കോളനിക്കടുത്തുള്ള ചെറിയ റിങ് ഉപയോഗിച്ച് നിർമിച്ച കേണിയും അടക്കം ജില്ലയിലെ അവശേഷിക്കുന്ന കേണികൾ എല്ലാം തന്നെ നിറഞ്ഞ് ഒഴുകുകയാണ്. തറ നിരപ്പിൽ നിന്ന് ഒരു മീറ്റർ താഴ്ച മാത്രമേ ഈ കേണികൾക്ക് ഉളളു .ഭൂമിയുടെ ഉപരിതലത്തിലേക്ക് പ്രവഹിക്കുന്ന ജലധാരയാണ് കേണികളിലേത്. 

പരിസ്ഥിതി ജിവിതത്തിന്റെ അറ്റുപോകാത്ത അവശേഷിക്കുന്ന കണ്ണികൾ കൂടിയായ ഇത്തരം ശുദ്ധജല സംഭരണികൾ ജലസ്രോതസുകളുടെ പാവനത കാത്തുസൂക്ഷിക്കുന്നതുകൊണ്ടാവാം ഇവ ഇപ്പോൾ നിറഞ്ഞ് ഒഴുകാൻ കാരണമാകുന്നതെന്നാണ്‌ ഗോത്ര സമൂഹങ്ങൾ പറയുന്നത്. പനമരം വലിയ പുഴയിലേതടക്കമുള്ള വെള്ളം ഒരോ ദിവസം കഴിയുംതോറും ക്രമാതീതമായി കുറയുന്നതിനിടയിലും ശുദ്ധമായ കുടിവെളളം കിട്ടാക്കനിയായി മാറുന്നതിനിടയിലും പഴമ വിടാതെയുള്ള കേണികൾ തെളിനീര് ചുരത്തുന്നത് അത്ഭുതമായി മാറുന്നു.