Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുങ്കി പരിശീലനം കഴിഞ്ഞ് കൊമ്പൻമാർ മുത്തങ്ങയിൽ

മൂന്നു മാസം മുൻപു വരെയുണ്ടായിരുന്ന വമ്പത്തരങ്ങളെല്ലാം മാറ്റിവച്ച് അനുസരണയോടെ നിൽക്കുകയാണ് കോടനാട് നീലകണ്ഠനും കോന്നി സുരേന്ദ്രനും മുത്തങ്ങ സൂര്യയും ആനപ്പന്തിയിൽ. തമിഴ്നാട് മുതുമലയിലെ ആനക്യാംപിൽ നിന്ന് മൂന്നു മാസത്തെ കുങ്കി പരിശീലനം പൂർത്തിയാക്കിയ മൂന്നു കൊമ്പൻമാരും കഴിഞ്ഞ ദിവസമാണ് മുത്തങ്ങയിൽ തിരികെയെത്തിയത്. മുതുമല ക്യാംപിൽ നടത്തിയ അതേ പരിശീലന രീതികൾ ഇവിടെയും തുടരുന്നുണ്ട്.

വന്നത് വലിയ മാറ്റങ്ങൾ

കഴിഞ്ഞ മൂന്നു വർഷത്തോളമായി സൂര്യ(24)യെന്ന താപ്പാനയുടെ പുറത്ത് പാപ്പാൻമാർ കയറാറില്ലായിരുന്നു. അത്രയ്ക്ക് പ്രശ്നക്കാരനായിരുന്നു അവൻ.അനുസരണക്കേടായിരുന്നു അധികവും. എന്നാൽ ഇന്ന് അതെല്ലാം പാടെ മാറി. മുൻപ് തുമ്പിക്കൈയ്യിലായിരുന്നു ഭക്ഷണം വച്ചു കൊടുത്തിരുന്നതെങ്കിൽ ഇന്ന് വായിൽ വച്ച് കൊടുക്കാൻ തുടങ്ങി.

ലോറിയിൽ കയറ്റാൻ നേരത്തെ മണിക്കൂറുകളെടുത്തിരുന്നുവെങ്കിൽ ഇപ്പോൾ വെറും 30സെക്കൻഡു കൊണ്ട് കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അതുപോലെ കോടനാട് നിന്നെത്തിച്ച നീലകണ്ഠനും (22),കോന്നിയിൽ നിന്നെത്തിച്ച സുരേന്ദ്രനും(20) വെറും പ്രദർശന വസ്തുക്കളായിരുന്നത്രെ അവിടെ. രണ്ടു കാലുകളിലും ചങ്ങലയിട്ട് കൂട്ടിക്കെട്ടി വിനോദസഞ്ചാരികൾക്ക് കാണാൻ വേണ്ടി നിർത്തിയിരുന്നവ. എന്നാലിന്ന് അതിനെല്ലാം പാടെ മാറ്റം വന്നിരിക്കുന്നു. ജോലി ചെയ്യാൻ തയാറായി ഇരുവരും ഉൻമേഷവാൻമാരായിരിക്കുന്നു. ഇപ്പോൾ പിൻകാലിൽ മാത്രം അതും ആവശ്യമുണ്ടെങ്കിലേ ചങ്ങലയിടുന്നുള്ളു.

പരിശീലനം തുടരുന്നു

കഴിഞ്ഞ ജൂൺ 16നാണ് മൂന്ന് ആനകളേയും 14 ലക്ഷം രൂപ ചെലവഴിച്ച് മുതുമലൈയിലേക്ക് പരിശീലനത്തിനായി കൊണ്ടു പോയത്. രാവിലെ 6.30ന് ആനകളെ കുളിപ്പിച്ച ശേഷം മുതുമലയിൽ നൽകിയ അതേ പരിശീലനമുറകൾ ഇപ്പോഴും അഭ്യസിപ്പിക്കുന്നു.

തുടർന്ന് ഒൻപത് മണിക്ക് ഭക്ഷണം നൽകും.അതിനു ശേഷം കാട്ടിലേക്ക് മേയാൻ വിടും. ഇവരുടെയൊപ്പം ക്യാംപിലെ കുട്ടിയാനകളായ അമ്മുവിനേയും ചന്തുവിനേയും കൊണ്ടു പോകും. ക്യാംപിലെ മുതിർന്ന കുങ്കിയാനകളായ പ്രമുഖയ്ക്കും കുഞ്ചുവിനും മദപ്പാടുള്ളതിനാൽ നിരീക്ഷണത്തിൽ നിർത്തിയിരിക്കുകയാണ്.

നീലകണ്ഠനേയും സുരേന്ദ്രനേയും ഇവിടെ നിലനിർത്തിയേക്കും

കാട്ടാനകളെ മയക്കുവെടി വച്ച് ചികിത്സിക്കുന്നതിനും കൃഷിയിടത്തിലിറങ്ങുന്ന ആനകളെ തുരത്തണമെങ്കിലും കുങ്കികൾ അത്യാവശ്യമാണ്. ഒരു ദൗത്യം വേഗത്തിൽ വിജയിപ്പിക്കണമെങ്കിൽ ഒരു ടീമിൽ കുറഞ്ഞത് മൂന്ന് കുങ്കിയാനകളെങ്കിലും വേണം.കാട്ടാനപ്രശ്നം ഏറ്റവും കൂടുതലുള്ള ഇവിടെ ഇത് അത്യാവശ്യമാണു താനും. അതിനാൽ തന്നെ പരിശീലനം കഴിഞ്ഞെത്തിയ സുരേന്ദ്രനേയും നീലകണ്ഠനേയും ഇവിടെ നിലനിർത്തിയേക്കും. എലിഫെന്റ് ക്യാംപ് ആൻഡ് ആർആർടി റേഞ്ച് ഓഫിസർ എ.എസ്.അശോക്, സെക്‌ഷൻ ഫോറസ്റ്റർ ഇ. സി.രാജു എന്നിവരുടെ നേതൃത്വത്തിലാണ് ആന ക്യാംപിന്റെ പ്രവർത്തനം.