Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടല്‍പ്പരപ്പിലെത്തിയാല്‍ ശരീരം ഉരുകും; അപൂർവ മത്സ്യം കൗതുകമാകുന്നു

new fish species New species of snailfish were discovered at great depths in the Atacama Trench. Image Credit: Newcastle University

പസിഫിക്കിന്റെ ആഴങ്ങളിലാണ് ഇതുവരെ പുറം ലോകം അറിയാതെ നിഗൂഢതയില്‍  കഴിഞ്ഞിരുന്ന പുതിയ ഇനം മത്സ്യത്തെ ഗവേഷകര്‍ കണ്ടെത്തിയത്. സൂര്യപ്രകാശം എത്തിച്ചേരാത്ത ഇടമായതിനാല്‍ ഈ മേഖലയില്‍ കാണപ്പെടുന്ന മറ്റു ജീവികളെ പോലെ വെളുത്തതും അതേ സമയം സുതാര്യവുമായ ശരീരമാണ് ഇവയ്ക്ക്. പക്ഷെ മറ്റു ജീവികളില്‍ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്ന ഒന്നുണ്ട്. കടലിന്റെ മുകള്‍ത്തട്ടില്‍ സൂര്യപ്രകാശം കിട്ടുന്ന മേഖലയിലേക്കെത്തിയാല്‍ ഈ മത്സ്യത്തിന്റെ ശരീരം ഉരുകുകയും അവ ജീവനറ്റുപോവുകയും ചെയ്യും. 

സ്നെയില്‍ ഫിഷ് വിഭാഗത്തിലാണ് ഈ പുതിയ മത്സ്യത്തെ ഗവേഷകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍ണമായും വെളുത്ത നിറമായതിനാല്‍ പ്രേത മത്സ്യമെന്നും ഇതിനെ ഗവേഷകര്‍ വിളിക്കുന്നു. ജെല്ലി പോലെ തുളുമ്പി നില്‍ക്കുന്ന ശരീര പ്രകൃതിയാണ് ഇവയ്ക്കുള്ളത്. തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവിന്റെ തീരത്തു നിന്നു ഏകദേശം 160 കിലോമീറ്റര്‍ അകലെയുള്ള അറ്റാകാമ ട്രഞ്ചില്‍ നിന്നാണ് ഇവയെ കണ്ടെത്തിയത്. ഇവയുടെ ആവാസ മേഖലയില്‍ മറ്റു വലിയ ജീവികളെ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ടു തന്നെ ഈ പ്രദേശത്തെ ചെറുപ്രാണികളെ ഭക്ഷിച്ചു ജീവിക്കുന്ന ഇവയുടെ നിലനില്‍പ്പിന് കാര്യമായ വെല്ലുവിളികളുമില്ല.

ഈ മത്സ്യത്തെ കൂടുതല്‍ വിശദമായി പഠിക്കുന്നതിനായാണ് ഗവേഷക സംഘം കെണിയൊരുക്കി പിടികൂടിയത്. എന്നാല്‍ മുകള്‍പ്പരപ്പിലെത്തിച്ചപ്പോഴേക്കും ചൂട് താങ്ങാന്‍ വയ്യാതെ മത്സ്യത്തിന്റെ ശരീരം ഉരുകാന്‍ തുടങ്ങി. വൈകാതെ അത് മരണമടയുകയും ചെയ്തു. ഇതോടെയാണ് ഈ മത്സ്യവിഭാഗത്തിനെ കടല്‍പ്പരപ്പിലേക്കു പോലും എത്തിക്കാന്‍ കഴിയില്ലെന്ന് ഗവേഷകര്‍ മനസ്സിലാക്കിയത്. അതേസമയം സാധാരണ കടലിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന ജീവികളെ പോലെ ഭീകരവും പേടിപ്പിക്കുന്നതുമായ രൂപമല്ല ഈ മത്സ്യത്തിന് . സാധാരണ മത്സ്യത്തെ പോലെ തന്നെയാണ് ഇവയുടെ രൂപം. ഒരു പക്ഷെ സാധാരണ മത്സ്യങ്ങളേക്കാള്‍ ഒരല്‍പ്പം സൗന്ദര്യവും ആകര്‍ഷണവും ഇവയ്ക്ക് കൂടുതലുണ്ടോയെന്ന സംശയമേ ഗവേഷകര്‍ക്കുള്ളൂ.

New species of snailfish New species of snailfish were discovered at great depths in the Atacama Trench. Image Credit: Newcastle University

ചത്തുപോയെങ്കിലും കരയിലെത്തിച്ച മത്സ്യത്തില്‍ തന്നെ തല്‍ക്കാലം കൂടുതല്‍ പഠനങ്ങള്‍ നടത്താനാണ് ഗവേഷകരുടെ തീരുമാനം. ഇതിനായി മത്സ്യത്തിന്റെ ശരീര ഭാഗങ്ങള്‍ ഗവേഷകര്‍ ഇംഗ്ലണ്ടിലെ ന്യൂ കാസിലിലുള്ള ഗവേഷണ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടാതെ മത്സ്യങ്ങളെ കണ്ടെത്തിയ പ്രദേശത്ത് ഇവയെ നിരീക്ഷിക്കുന്നതിനായി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള  നാല്‍പ്പതോളം ഗവേഷകരാണ് പഠനത്തില്‍ പങ്കെടുക്കുന്നത്.

related stories