Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ പെയ്തിട്ടും ചൂടിനു ശമനമില്ല; പകൽച്ചൂടിൽ വലഞ്ഞ് നാട്

Sun

കോട്ടയത്ത് പലയിടങ്ങളിലും രണ്ടുദിവസം കൊണ്ടു 18.2 സെന്റിമീറ്റർ മഴ ലഭിച്ചെങ്കിലും ചൂടിനു കുറവില്ല. ഇന്നലെ 12 മണിക്കു മേഖലയിൽ രേഖപ്പെടുത്തിയ ചൂട് 32 ഡിഗ്രി സെൽഷ്യസാണ്. കുറഞ്ഞത് 23 ഡിഗ്രിയും. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ആൾക്കാർ വിയർത്തു കുളിക്കുകയാണ്. ചുട്ടുപൊള്ളുന്ന ചൂടിൽ വലയുന്ന ജനങ്ങൾക്കു കൂനിന്മേൽ കുരുവായി വൈദ്യുതി നിയന്ത്രണവും. ഉച്ചയാകുന്നതോടെ അന്തരീക്ഷം മേഘാവ‍ൃതമായി വൈകുന്നേരത്തോടെ ഇടിയോടെയുള്ള മഴയാണു രണ്ടു ദിവസമായി ലഭിക്കുന്നത്. ഈ മാസം ഇതുവരെ 21.86 സെന്റിമീറ്റർ മഴ ലഭിച്ചു. 

കടുത്ത ചൂട് മനുഷ്യരെ മാത്രമല്ല കന്നുകാലികളെയും ദോഷകരമായി ബാധിക്കുന്നുണ്ട്. മഴക്കാലത്തു പാൽ ഉൽപാദനം ഗണ്യമായി കുറഞ്ഞിരുന്നു. മഴ മാറുമ്പോൾ ഉൽപാദനം വർധിക്കുമെന്നു കരുതിയ ക്ഷീരകർഷകർക്കു കടുത്ത ചൂട് തിരിച്ചടിയായി. പകൽസമയത്ത്  അനുഭവപ്പെടുന്ന ചൂട് പശുക്കളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ പാൽ ഉൽപാദനം 30 ശതമാനമെങ്കിലും കുറഞ്ഞുവെന്നു കർഷകർ പറയുന്നു. കടുത്ത ചൂടിൽ കന്നുകാലികളിൽ രോഗബാധ ഉണ്ടായിട്ടുണ്ട്. പച്ചപ്പുല്ലിന്റെ ലഭ്യതയിൽ ഇപ്പോൾ കാര്യമായ കുറവില്ല. പക്ഷേ വേനൽച്ചൂട് ഇനിയും വർധിച്ചാൽ പുല്ല് ഉണങ്ങിത്തുടങ്ങും. പലയിടങ്ങളിലും ശുദ്ധജലക്ഷാമവും തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം കന്നുകാലികളെ ദോഷകരമായി ബാധിക്കും.

കടുത്ത വെയിലേറ്റു കന്നുകാലികൾ തളരുന്നതും പതിവാണ്. അന്തരീക്ഷ  താപനില ഉയർന്നതോടെ പശുക്കൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്കു വിവിധ തരത്തിലുള്ള രോഗങ്ങൾ ബാധിക്കാൻ സാധ്യതയുണ്ടെന്നു വെറ്ററിനറി ഡോക്ടർമാർ പറയുന്നു. അമിതമായി വെയിലേൽക്കുന്ന പശുക്കൾക്കു രോഗസാധ്യത കൂടുതലാണ്. രാവിലെ തൊഴുത്തിനു പുറത്തേക്ക് ഇറക്കുന്ന പശുക്കളെ 11 ഓടെ തിരികെ കൂട്ടിൽ കയറ്റണമെന്നും പിന്നീടു വൈകിട്ട് മാത്രമെ പുറത്തിറക്കാവൂയെന്നും അവർ പറയുന്നു.

പാടശേഖരങ്ങൾ പോലെ വിശാലമായ സ്ഥലങ്ങളിൽ പശുക്കളെ മേയാൻ വിടുമ്പോൾ സൂര്യാതപം ഏൽക്കാനുള്ള സാധ്യതയേറെയാണ്. മനുഷ്യരിലെന്നപോലെ വളർത്തുമൃഗങ്ങളിലും നിർജലീകരണത്തിനു സാധ്യതയുണ്ട്. സാധാരണ നൽകുന്നതിനെക്കാൾ ഇരട്ടി വെള്ളം വേനൽക്കാലത്തു കന്നുകാലികൾക്കു നൽകണം. ശുദ്ധജലത്തിന്റെ ലഭ്യത കുറഞ്ഞാൽ മൃഗങ്ങൾ മലിന ജലം കുടിക്കാനുള്ള സാധ്യതയേറെയാണ്. ഇതു പലവിധത്തിലുള്ള രോഗങ്ങൾക്കു വഴിയൊരുക്കും. വേനൽക്കാലത്തു പശുക്കളുടെ പ്രസവം പ്രശ്നങ്ങൾ നിറഞ്ഞതായിരിക്കുമെന്നു കർഷകർ പറയുന്നു. കടുത്ത ചൂടിൽ കാലിത്തീറ്റ കൂടുതലായി നൽകുന്നതും ഒഴിവാക്കണമെന്നാണു ഡോക്ടർമാർ നൽകുന്ന നിർദേശം.