Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളം ഒഴുകുന്ന ശബ്ദം എവിടെ നിന്ന്?; ആശങ്കയോടെ വീട്ടുകാർ!

Stream Representative Image

റാന്നിയിൽ വീടിനു സമീപം പുറമെ കാണാത്ത വിധത്തിൽ വെള്ളമൊഴുകുന്നതു പോലെ ശബ്ദം കേൾക്കുന്നത് ആശങ്കയ്ക്കിടയാക്കി. ജിയോളജി സർവേ ഓഫ് ഇന്ത്യയിൽ നിന്നു ജിയളോജിസ്റ്റുകളെത്തി പരിശോധിച്ചു. വീട്ടുകാരോടു മാറി താമസിക്കാൻ തഹസിൽദാർ നിർദേശിച്ചു. കുമ്പളത്താമൺ കവലയ്ക്കു സമീപം ശ്രീശൈലം ബി.ആർ. പ്രസാദിന്റെ വീട്ടിലാണ് സംഭവം.

വീടിന്റെ പിന്നിൽ നിന്ന് 10 അടിയോളം അകലെയാണ് ജാറിൽ നിന്നു വെള്ളമൊഴിക്കുന്നതു പോലെ ശബ്ദം കേൾക്കുന്നത്. ഇന്നലെ രാവിലെയാണ് വീട്ടുകാരിത് അറിഞ്ഞത്. അഗ്നിശമനസേന സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം അറിഞ്ഞ് തഹസിൽദാർ കെ.വി. രാധാകൃഷ്ണൻ നായർ സേനയുമായി ബന്ധപ്പെട്ടു. അവരാണ് വീട്ടുകാരെ തൽക്കാലം മാറ്റി താമസിപ്പിക്കാൻ തഹസിൽദാരോടു നിർദേശിച്ചത്.

പിന്നീട് സീനിയർ ജിയളോജിസ്റ്റ് ഹിഗാസ് ബഷീർ, ജിയളോജിസ്റ്റ് സൗവിക് ആചാര്യ എന്നിവരെത്തി പരിശോധന നടത്തി. ഉറവയിൽ നിന്നു വെള്ളമൊഴുകുന്നതു പോലുള്ള ശബ്ദമാണു കേൾക്കുന്നതെന്ന് അവർ പറഞ്ഞു. സ്ഥലത്തെ വിഡിയോയും ചിത്രങ്ങളും പകർത്തി. ശബ്ദം റിക്കോർഡ് ചെയ്തു. അവ തിരുവനന്തപുരത്തെ ഓഫിസിലേക്കു കൈമാറിയെന്ന് ഹിഗാസ് പറഞ്ഞു. പരിശോധന ഫലം വീട്ടുകാരെ അറിയിക്കും.