Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാറിയെത്തി, പച്ചക്കണ്ണൻ ചേരാച്ചിറകനും തുലാത്തുമ്പിയും !

തൃശൂർ കോൾമേഖലയിലെ ആദ്യ തുമ്പിസർവേയിൽ നിരീക്ഷകർ തിരിച്ചറിഞ്ഞത് 31 ഇനം തുമ്പികളെ. അത്യപൂർവ ഇനമായ പച്ചക്കണ്ണൻ ചേരാച്ചിറകൻ (Platylestes platystylus) അടക്കമുള്ളവ നിരീക്ഷകരുടെ കൺമുന്നിലെത്തി. തൊമ്മാന മുതൽ പൊന്നാനി ബിയ്യംകായൽ വരെയുള്ള വിവിധ കോൾപാടങ്ങളിലാണ് പക്ഷി–തുമ്പി നിരീക്ഷകരടങ്ങുന്ന 70 അംഗ സംഘം നിരീക്ഷണം നടത്തിയത്. സർവേ നടത്തിയ എല്ലാ ഇടങ്ങളിലും ദേശാടനത്തുമ്പിയായ തുലാത്തുമ്പിയുടെ വലിയ കൂട്ടങ്ങളെ കണ്ടെത്തി. 

അപൂർവ കാഴ്ചയായി  പച്ചക്കണ്ണൻ

കോൾമേഖലയിൽ പക്ഷിനിരീക്ഷണ സർവേകൾ പതിവാണെങ്കിലും തുമ്പിസർവേ  ആദ്യം. പച്ചക്കണ്ണൻ ചേരാച്ചിറകനു പുറമെ മകുടിവാലൻ തുമ്പി (Acisoma panorpoides), പാണ്ടൻ വയൽതെയ്യൻ(Urothemis signata), ചെമ്പൻ തുമ്പി ( Rhodothemis rufa), ഓണത്തുമ്പി (Rhyothemis variegate), വയൽത്തുമ്പി (Crocothemis servilia) എന്നീ കല്ലൻ തുമ്പികളെയും ധാരാളമായി കണ്ടെത്തി. 

സൂചിത്തുമ്പികളുടെ എണ്ണം കുറയുന്നതായി സർവേയിൽ വ്യക്തമായി. മലിനജലത്തിൽ മുട്ടയിട്ടു വളരുന്ന ചങ്ങാതിത്തുമ്പിയുടെ (Brachythemis contaminata) വൻതോതിലുള്ള സാന്നിധ്യം കോൾപ്പാടത്തെ അനിയന്ത്രിത മലിനീകരണത്തിന്റെ സൂചനയാണ്. തുമ്പിഗവേഷകരായ ജീവൻ ജോസ്, റെയ്സൻ തുമ്പൂർ, മുഹമ്മദ് ഷെറീഫ്, സുജിത്ത് വി.ഗോപാലൻ, ഉണ്ണി പട്ടാഴി, പി.കെ. സിജി, രഞ്ജിത്ത്, ഗീത പോൾ, നൈനാൻ, വിവേക് ചന്ദ്രൻ, മാക്സിം, കെ.സി. രവീന്ദ്രൻ, അജിത്ത് ജോൺസൻ എന്നിവർ സർവേ നയിച്ചു.

പക്ഷികളിൽ  കായൽപുള്ളും

തുമ്പികൾക്കു പുറമെ കോൾമേഖലയിലെ പക്ഷികളും നിരീക്ഷകരുടെ കണ്ണിനു വിരുന്നായി. 115 ഇനങ്ങളിലായി പതിനായിരത്തിലേറെ പക്ഷികളെ നിരീക്ഷകർ കണ്ടെത്തി. ഇന്ത്യയിൽ അപൂർവമായി കാണുന്ന ചെന്നീലിക്കാളി (Daurian starling) ഉപ്പുങ്ങൽ കോൾമേഖലയിൽ കണ്ടെത്തി. 2015ൽ വെള്ളായിക്കായലിൽ കണ്ടതിനുശേഷം  ഇപ്പോഴാണ് കേരളത്തിൽ ഇവ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

സ്ഥിരം നീർപക്ഷികളെക്കൂടാതെ വലിയ രാജഹംസം (Greater flamingo), കായൽ പുള്ള് (Peregrine Falcon), പാടക്കുരുവി (Paddyfield Warbler), കരിവാലൻ പുൽക്കുരുവി (Pallas's Grasshopper), വലിയ പുള്ളിപ്പരുന്ത് (Greater spotted eagle) തുടങ്ങിയവയെയും പക്ഷിനിരീക്ഷകർക്ക‍ു കണ്ടെത്താനായി. ഇ.എസ്.പ്രവീൺ, മനോജ് കരിങ്ങാമഠത്തിൽ, പി.പി.നസറുദ്ദീൻ, കെ.ശ്രീകുമാർ, ഗോവിന്ദൻകുട്ടി, അരുൺ ഭാസ്കർ, കൃഷ്ണകുമാർ കെ.അയ്യർ, ഷിനോ ജേക്കബ്, ഇ.ആർ.ശ്രീകുമാർ, അദിൽ നഫർ, മിനി ആന്റോ, അരുൺ ജോർജ് തുടങ്ങിയവർ പങ്കെടുത്തു. ജനകീയ പൗരശാസ്ത്ര (സിറ്റിസൺ സയൻസ്) സംവിധാനമായ ഇ-ബേഡ് ഉപയോഗിച്ച് ഡിജിറ്റൽ സ്വഭാവത്തിലായിരുന്നു സർവേ.

പക്ഷിനിരീക്ഷണക്കൂട്ടായ്മയായ കോൾബേഡേഴ്സ് കലക്ടീവ്, കാർഷിക സർവകലാശാല, കാലാവസ്ഥ വ്യതിയാനപഠന കേന്ദ്രം, ഡ്രാഗൺഫ്ലൈസ് ഓഫ് കേരള ഗ്രൂപ്പ്, വനം വകുപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു സർവേ. ഇതുമായി ബന്ധപ്പെടുത്തി സംഘടിപ്പിച്ച സെമിനാർ തുമ്പിശാസ്ത്രജ്ഞൻ ഡോ. ഫ്രാൻസി കാക്കശേരി ഉദ്ഘാടനം ചെയ്തു. ഡോ. പി.ഒ.നമീർ അധ്യക്ഷത വഹിച്ചു.