Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഊണും ഉറക്കവും വിഷപ്പാമ്പു കൾക്കൊപ്പം; 7 വയസ്സുകാരൻ അദ്ഭുതമാകുന്നു!

Devesh Image grab youtube

ദേവേഷ് എന്ന 7 വയസ്സുകാരന്റെ കൂട്ടുകാരെ കണ്ടാൽ ആരുമൊന്നു ഞെട്ടും. ഗ്രാമത്തിലെ സമപ്രായക്കാരൊന്നും ദേവേഷിനു കൂട്ടുകാരായില്ല . കാരണം ദേവേഷിന്റെ കളിക്കൂട്ടുകാർ തന്നെ. അപകടകാരികളായ വിഷപ്പാമ്പുകളാണ് മധ്യപ്രദേശിലെ ഒരു ഉൾനാടൻ ഗ്രാമത്തിലുള്ള ഈ ബാലന്റെ കളിക്കൂട്ടുകാർ. ദേവേഷിന്റെ ഊണും ഉറക്കവും കുളിയുമെല്ലാം ഈ പാമ്പുകൾക്കൊപ്പമാണ്. വനാതിർത്തിയിലാണ് ദേവേഷിന്റെ വീട്.

മൂന്നാം വയസ്സു മുതലാണ് ദേവേഷ് പാമ്പുകളുമായി ചങ്ങാത്തം തുടങ്ങിയത്.  പാമ്പിനെ ഉറക്കത്തിൽ സ്വപ്നം കണ്ടെന്നു പറഞ്ഞുണർന്ന ദേവേഷ് പിറ്റേന്നു രാവിലെ സമീപത്തുള്ള വനത്തിൽ പോയി മടങ്ങിവന്നത് രണ്ട് വിഷപ്പാമ്പുകളുമായിട്ടായിരുന്നു. ഇതുകണ്ട മാതാപിതാക്കൾ ഞെട്ടിയെങ്കിലും ദേവേഷിന്റെ ശരീരത്തിലൂടെ ഇഴയുന്ന പാമ്പുകൾ കുട്ടിയെ കടിക്കാത്തത് കണ്ട് അദ്ഭുതപ്പെട്ടു. അന്നു മുതൽ സ്ഥിരമായി കുട്ടി വനത്തിലേക്ക് പോകാറുണ്ട്. 

തിരിച്ചെത്തുന്നത് ഇതുപോലെയുള്ള വിഷപ്പാമ്പുകളുമായിട്ടാണ്. ഒരിക്കൽ പോലും ഈ പാമ്പുകൾ ദേവേഷിനെ കടിച്ചിട്ടില്ല. കാട്ടിൽ നിന്നു കൊണ്ടുവരുന്ന പാമ്പുകൾക്കൊപ്പമാണ് പിന്നീട് ദേവേഷിന്റെ ഊണും ഉറക്കുവുമെല്ലാം. ദേവേഷ് ഇവയെ കുളിപ്പിക്കുകയും മസാജ് ചെയ്യുകയും എണ്ണയിട്ട് തടവുകയുമൊക്കെ ചെയ്യാറുണ്ട്. കുറച്ച് ദിവസങ്ങൾ ഇവയ്ക്കൊപ്പം ചിലവഴിച്ച ശേഷം പാമ്പുകളെ തിരികെ വനത്തിലേക്ക് വിടുകയും ചെയ്യും.

ദേവേഷിന്റെ മാതാപിതാക്കൾ അപകടകാരികളായ വിഷപ്പാമ്പുകളോടുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് കുട്ടിയെ ഉപദേശിക്കാറുണ്ടെങ്കിലും ദോവേഷ് അതൊന്നും കാര്യമാക്കാറില്ല. മൂർഖൻ ഉൾപ്പെടെ ഏകദേശം പതിനഞ്ചോളം പാമ്പുകൾ ഇപ്പോൾ ദേവേഷിന്റെ കൈയിലുണ്ട്. ഇവയെയൊക്കെ പലപ്പോഴായി കുട്ടി കാട്ടിൽ നിന്നും പിടിച്ചുകൊണ്ട് വന്നതാണ്. 

കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പാമ്പുകളുമായുള്ള ചങ്ങാത്തം ഹാനികരമാണെന്നാണ് മധ്യപ്രദേശിലെ ജനറൽ സർജനായ ഡോ.എംപിഎൻ ഖരേയുടെ അഭിപ്രായം. വിഷമുള്ള പാമ്പായാലും വിഷമില്ലാത്തവയായാലും പാമ്പുകളെ ആരും അരുമമൃഗമാക്കാറില്ല. വിഷപ്പാമ്പുകൾക്കൊപ്പം കളിക്കുന്നതും ഉറങ്ങുന്നതുമെല്ലാം കുട്ടിയുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതുവരെ ഈ പാമ്പുകൾ കുട്ടിയെ കടിച്ചിട്ടില്ലെങ്കിലും കളിക്കുമ്പോഴോ മറ്റോ കടിച്ചു കൂടെന്നില്ല. എപ്പോൾ വേണമെങ്കിലും ഇതു സംഭവിക്കാം. അങ്ങനെ സംഭവിച്ചാൽ അതുൾക്കൊള്ളാൻ കുട്ടിക്കാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഇതിനു മുൻപും ഇന്ത്യയിൽ പലയിടത്തും കുട്ടികളും വിഷപ്പാമ്പുകളുമായുള്ള സൗഹൃദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.