അമ്പതോളം തേനിച്ച കൂടുകളുമായി ഒരു മരം!

bee-nest
SHARE

ആശങ്കയും ആശ്ചര്യവുമായി തേനീച്ച മരം. ഇരിക്കൂർ പാലത്തിനു സമീപം പെട്രോൾ പമ്പിന് എതിർവശത്താണു തേനീച്ചകൾ കൂടുകെട്ടിയ മരമുള്ളത്. ചെറുതും വലുതുമായ അമ്പതോളം തേനീച്ചക്കൂടുകളാണ് ഇവിടെയുള്ളത്. മഹൽ കമ്മിറ്റിയുടെ വകയായുള്ള സ്ഥലത്തെ കൂറ്റൻ മരത്തിൽ വർഷങ്ങളായി കൂടുകൂട്ടി ഈ തേനീച്ചക്കൂട്ടങ്ങളുണ്ട്. വർഷകാലത്തു ഇവ ഇവിടംവിട്ട് എങ്ങോപോകും. മഴമാറിയാൽ വീണ്ടുമെത്തുകയും ചെയ്യും. തളിപ്പറമ്പ്–ഇരിട്ടി സംസ്ഥാനപാതയോരത്തുള്ള ഈ തേനീച്ചമരം യാത്രക്കാരിൽ കാഴ്ചയുടെ വേറിട്ട അനുഭവമാണുണ്ടാക്കുന്നത്. ആൾപെരുമാറ്റമുള്ള സ്ഥലത്തു കൂട്ടമായി ഇത്രയും തേനീച്ചകൾ എല്ലാവർക്കും ആശ്ചര്യമാണ്.

വഴിയാത്രക്കാരിൽ പലരും ഇവിടെ തേനീച്ചകളെ കാണുന്നതിനായി വാഹനങ്ങൾ നിർത്തിയിടുകപോലും ചെയ്യാറുണ്ട്. എന്നാൽ കാട്ടു തേനീച്ച വിഭാഗത്തിൽപ്പെട്ട പായ് തേനീച്ചകളാണ് ഇവയെന്നതു സമീപവാസികളിലും യാത്രക്കാരിലും ആശങ്കയ്ക്കുമിടയാക്കുന്നുണ്ട്. കാക്കയോ പരുന്തോ മറ്റോ തേൻകൂടുകൾ അക്രമിക്കുവാനിടയായാൽ തേനീച്ചകൾ ഇളകുമെന്നതാണു കാരണം. വീര്യം കൂടിയതും അപകടകരവുമായ വിഷമുള്ളതാണ് ഈ തേനീച്ചകൾ എന്നാണു പറയുന്നത്.

അക്രമത്തിനിരയാകുമ്പോൾ തേനീച്ചകൾ പരിസരങ്ങളിലാകെ അക്രമം നടത്തുക പതിവാണ്. അതുകൊണ്ടു തന്നെ ഇവ പ്രദേശത്തു ഭീതിവിതയ്ക്കുന്നുണ്ട്. വർഷങ്ങളായി ഇവിടെ കൂടു കൂട്ടുവാനെത്തുന്ന ഇവ ഇതുവരെ ആരെയും അക്രമിച്ചിട്ടില്ല. എങ്കിലും ഏതു സമയവും അക്രമിക്കപ്പെടാവുന്ന അവസ്ഥയാണ്. ഇലപൊഴിഞ്ഞ മരത്തിൽ  തുറസായ നിലയിലാണ്.

സമീപത്തെ പാലത്തിനടിയിൽ കൂടുകൂട്ടിയിരുന്ന തേനീച്ചകൾ ഇളകി പല തവണ വഴിയാത്രക്കാരെയുൾപ്പെടെ അക്രമിച്ചിരുന്നു. തേനെടുക്കുവാൻ ആദിവാസികൾ ഇവിടെ എത്താറുണ്ടെങ്കിലും നാട്ടുകാർ തിരിച്ചയക്കുകയാണു പതിവ്. ഇപ്പോൾ ഇവയിൽ നിന്നു തേനെടുക്കാനോ ഇവയെ തുരത്താനോ കഴിയാതെയും ദുരിതത്തിലായിരിക്കുകയാണു സമീപവാസികൾ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA